ചിത്രം: മനോരമ (ജെ. സുരേഷ്)
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍ വിരമിക്കുന്നു. 100–ാമത്തെ ചിത്രമായ ഹയ്വാന് ശേഷം താന്‍ വിരമിക്കാമെന്നാണ് കരുതുന്നതെന്ന് ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ഹയ്വാന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കൊച്ചിക്ക് പുറമെ വാഗമണ്‍, ഊട്ടി, മുംബൈ എന്നിവിടങ്ങളിലാകും ചിത്രീകരണം.
ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമായി എത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രേക്ഷകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായാകും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 2016 ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം 'ഒപ്പ'ത്തില്‍ നിന്നാണ് ഹയ്വാന് പ്രചോദനമുള്‍ക്കൊണ്ടിരിക്കുന്നത്. ഒപ്പം ഷൂട്ട് ചെയ്ത അതേ സ്ഥലത്ത് നിന്നുള്ള രംഗവും ഹയ്വാനിലുണ്ടെന്നും പ്രിയദര്‍ശന്‍ വെളിപ്പെടുത്തി.
1978 ല്‍ തിരനോട്ടത്തിലൂടെയാണ് മോഹന്‍ലാലും പ്രിയനുമൊന്നിച്ചുള്ള സിനിമാ യാത്ര ആരംഭിച്ചത്. മോഹന്‍ലാല്‍ നായകനായ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു പ്രിയദര്‍ശന്‍. സിനിമ സുദീര്‍ഘമായ കാലത്തിന് ശേഷമാണ് പുറത്തിറങ്ങിയതെങ്കിലും ഇരുവരുടെയും സൗഹൃദം മലയാളത്തിന് സൂപ്പര്‍ഹിറ്റുകള്‍ നല്‍കി. പൂച്ചയ്ക്കൊരു മൂക്കുത്തി (1984)യാണ് പ്രിയന്‍ സംവിധായകനായ ആദ്യ മോഹന്‍ലാല്‍ ചിത്രം.