കല്യാണി പ്രിയദര്‍ശനും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു കല്യാണത്തിന്‍റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. കുതിരപ്പുറത്ത് ജോളിയായി ഇരിക്കുന്ന ഫഹദ് ഫാസിലും ഭയന്ന് നില്‍ക്കുന്ന കല്യാണിയേയുമാണ് പോസ്റ്ററില്‍ കാണുന്നത്. ഇരുവര്‍ക്കുമൊപ്പം വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, ലാല്‍, ഷമീര്‍ ഖാന്‍ എന്നിവരും പോസ്റ്ററിലുണ്ട്. 'അവരുടെ പ്രേമകഥ ഏറ്റവും മികച്ചതായിരുന്നു, കല്യാണമാകുന്നതുവരെ' എന്നാണ് പോസ്റ്ററിനൊപ്പം ഫഹദ് കുറിച്ചിരിക്കുന്നത്.
'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യ്ക്ക് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.