rima-kallingal

പെരിമെനോപോസ് ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി റിമ കല്ലിങ്കൽ. ഋതുമതി ആകുമ്പോൾ പെൺകുട്ടികൾ ആഘോഷിക്കപ്പെടുന്നതുപോലെ ആർത്തവവിരാമത്തിന്റെ സമയത്തും സ്ത്രീകൾ ആഘോഷിക്കപ്പെടണമെന്നും റിമ. സ്ത്രീകളുടെ വെൽനസിനായി സുഹൃത്തിനൊപ്പം മിത്ര് വെൽനസ് എന്ന സംരംഭവും തുടങ്ങിയതായി റിമ. 

മുപ്പതുകളുടെ അവസാനവും നാല്‍പതുകളുടെ ആദ്യവും സ്ത്രീകൾ കടന്നുപോകുന്ന ഘട്ടങ്ങൾ മനസിലാക്കണമെന്നും മെനോപോസിനെക്കുറിച്ചും പെരിമെനോപോസിനെക്കുറിച്ചും കൂടുതൽ മനസിലാക്കിയപ്പോഴാണ് ഇങ്ങനെയൊരു സംരംഭം ആരംഭിച്ചതെന്നും മനോരമന്യൂസിന് നൽകിയ അഭിമുഖത്തിൽ റിമ വെളിപ്പെടുത്തി. ആർത്തവവിരാമത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ സ്ത്രീകളിൽ ഒരുപാട് ഹോർമോണ്‍ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.  ഋതുമതി ആയ ശേഷം കൗമാരത്തിലുള്ള ഒരു പെൺകുട്ടി അനുഭവിക്കുന്ന അതേ അവസ്ഥയിലൂടെയാണ് നാല്‍പതുകളിലുള്ള സ്ത്രീകളായും കടന്നുപോകുന്നതെന്നും റിമ. 

കൗമാരക്കാരിയായ ഒരു മകളും നാല്‍പതുകളിലെത്തിയ ഒരു അമ്മയും തമ്മിലുള്ള സംഘർഷങ്ങളുടെ കാരണവും ഇതായിരിക്കാമെന്ന് റിമ. തന്റെ മറ്റു സംരംഭങ്ങളായ അകം, മാമാങ്കം, മേളയെ കുറിച്ചും റിമ പറഞ്ഞു. സിനിമയ്ക്ക് പുറത്തുള്ള ഇത്തരം പ്രവർത്തങ്ങളിലാണ് താൻ കൂടുതൽ സന്തോഷം കണ്ടെത്തുന്നതെന്നും റിമ. ഡബ്ല്യുസിസി സംഘടനയെക്കുറിച്ചുള്ള തന്റെ നിലപാടുകളും റിമ വെളിപ്പെടുത്തി.

ലോകത്ത് തന്നെ ആദ്യമായാണ് സ്ത്രീകളുടെ അങ്ങനെയൊരു കൂ‌ട്ടായ്മയുണ്ടാകുന്നത്. എന്ത് ചെയ്ത് വെച്ചു എന്നതിനപ്പുറത്തേക്ക് അത് ഞങ്ങളുടെ വലിയ ക്രിയേഷനാണ്. മലയാള സിനിമ നൂറ് കൊല്ലമായി. ഇത്രയും കാലമായി ഉണ്ടാകാത്ത എന്തൊക്കെ വെളിപ്പെടുത്തൽ ഉണ്ടാകുന്നു, ചർച്ചകളുണ്ടാകുന്നു സംസാരങ്ങളുണ്ടാകുന്നു. അത് സമൂഹത്തിലുണ്ടാക്കിയ മാറ്റമുണ്ട്. സിനിമയിൽ മാത്രമല്ല പുറത്തും ആ പ്രതിഫലനം കാണാൻ പറ്റും. അങ്ങനെയൊരു ഷിഫ്റ്റ് ഉണ്ടായി എന്നതിൽ ഒരു സംശയവുമില്ല. ഡബ്ല്യുസിസിയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും റിമ കല്ലിങ്കൽ പറയുന്നു.

ഡബ്ല്യുസിസിയിൽ നിന്നും പിന്നോട്ട് പോയ സ്ത്രീകളെക്കുറിച്ചും റിമ കല്ലിങ്കൽ സംസാരിച്ചു. പിന്മാറിയിട്ടുണ്ടെങ്കിൽ, അത് അതിജീവനത്തിന് വേണ്ടിയാണെങ്കിൽ ഞാനൊരു സ്ത്രീയെ കുറ്റം പറയില്ല. ഏതൊരു സ്ത്രീക്കും നൂറ് ചാൻസ് കൊടുക്കും. പുരുഷന് ഒരു ചാൻസേ കൊടുക്കൂ. ആണുങ്ങളെയും പെണ്ണുങ്ങളെയും ഞാൻ വേർതിരിച്ച് കാണുന്നത് കൊണ്ടല്ല. ഈ ലോകം അവരെ ഒരേ പോലെയല്ല ട്രീറ്റ് ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ അവർക്ക് കൊടുക്കുന്ന ചാൻസുകളും മാപ്പുകളും എല്ലാം അതേ റേഷിയോയിൽ തന്നെയായിരിക്കണമല്ലോ. പക്ഷേ മുന്നോട്ട് വെച്ച ആശയങ്ങളൊന്നും ഒരു രീതിയിലും ചോർന്ന് പോകില്ല എന്നുറപ്പുണ്ടെന്നും റിമ വ്യക്തമാക്കി. 

ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ സർക്കാരും പുറത്ത് വിടുമെന്ന് തോന്നുന്നില്ലെന്ന് റിമ കല്ലിങ്കൽ പറയുന്നു. ആ സ്പേസിൽ എനിക്ക് വലിയ പ്രതീക്ഷയില്ല. അവരുടെ പ്രൈമറി സ്പേസിലാണ് ആ വിഷയം നിൽക്കുന്നതെന്ന് പോലും എനിക്ക് തോന്നുന്നില്ല. അത്രയും വലിയ പേരുകൾ ഇവർ പുറത്ത് വിടുമോ കൗണ്ടർ ചെയ്യുമോ എന്നത് എനിക്ക് സംശയമാണെന്ന് റിമ കല്ലിങ്കൽ പറയുന്നു. 

ENGLISH SUMMARY:

Rima Kallingal perimenopause discussion highlights the importance of celebrating menopause and women's wellness. The Malayalam actress shared her insights on hormonal changes, the WCC, and the Hema Committee report in a recent interview.