സംവിധായകന്‍ സത്യന്‍ അന്തിക്കാട് പണ്ട് നടന്‍ ഇന്നസെന്‍റിനെ വിളിച്ചു. ‘‘പുതിയ സിനിമയില്‍ മഞ്ജുവാര്യരുടെ മകളായി ഒരു കുട്ടിയെ വേണം. പേരക്കുട്ടി അന്നയ്ക്കു ആ റോള്‍ ചെയ്യാന്‍ പറ്റുമോ’’. ഇന്നസെന്‍റ് ഈ ചോദ്യം പേരക്കുട്ടി അന്നയോട് ചോദിച്ചപ്പോള്‍ ആഗ്രഹമില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഇക്കാര്യം പറയാന്‍ ഇന്നസെന്‍റ് വീണ്ടും സത്യന്‍ അന്തിക്കാടിനെ വിളിച്ചു. ‘‘സത്യാ മോള്‍ക്ക് ഇഷ്ടമില്ല. സിനിമയില്‍ അഭിനയിക്കാന്‍’’. അപ്പൂപ്പന്‍ സത്യന്‍ അന്തിക്കാടിനോട് ഫോണില്‍ സംസാരിക്കുന്നത് പേരക്കുട്ടിയായ ഇന്നസെന്റ് കേട്ട് അടുത്തിരിപ്പുണ്ട്. അപ്പൂപ്പന്‍റെ പക്കല്‍ നിന്ന് ഫോണ്‍ വാങ്ങി സത്യന്‍ അന്തിക്കാടിനോട് പേരക്കുട്ടി ഇന്നസെന്‍റ് ചോദിച്ചു. ‘‘മഞ്ജുവാര്യര്‍ക്ക് മകള്‍ക്കു പകരം മകനായാല്‍ കുഴപ്പമുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ റെഡിയാണ്’’. കഥയുടെ പ്രധാന്യം അനുസരിച്ച് മകള്‍തന്നെ വേണമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞപ്പോള്‍ ജൂനിയര്‍ ഇന്നസെന്‍റ് ഫോണ്‍വച്ചു.
ജൂനിയര്‍ ഇന്നസെന്‍റ് ഇന്നിപ്പോള്‍ സിനിമയില്‍ അഭിനയിക്കുകയാണ്. ഓഗസ്റ്റില്‍ ഷൂട്ട് തുടങ്ങും. ഹായ് ഗയ്സ് എന്നാണ് പേര്. സംവിധായകന്‍ ഇല്യാസ്. വെള്ളിത്തിരയില്‍ മലയാളിയെ ചിരിച്ചും ചിന്തിപ്പിച്ചും കടന്നുപോയ ഇന്നസെന്‍റ് വിടപറഞ്ഞിട്ട് രണ്ടു വര്‍ഷം. പേരക്കുട്ടിയുടെ പേര് ഇന്നസെന്‍റ് എന്നിട്ടത് സാക്ഷാല്‍ ഇന്നസെന്‍റ് തന്നെയാണ്. ഹായ് ഗയ്സ് സിനിമ ചിത്രീകരണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സ്ക്രീനില്‍ വീണ്ടും തെളിയും ‘ഇന്നസെന്‍റ്’ എന്ന ആ പേര്. മനോരമ ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് നിഖില്‍ ഡേവിസ്, ഇന്നസെന്‍റുമായി നടത്തിയ അഭിമുഖത്തിന്‍റെ ഉള്ളടക്കം.
എങ്ങനെയാണ് സിനിമയിലേയ്ക്കു ക്ഷണം വന്നത് ?
രണ്ടു വര്‍ഷം മുമ്പാണ് സിനിമയിലേക്ക് കോള്‍ വന്നത്. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിയുടെ റോള്‍ ചെയ്യാന്‍ പറ്റുമോയെന്ന് ക്ഷണിച്ചു. കഥകേട്ടപ്പോള്‍ ഇഷ്ടമായി. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികളുടെ തമാശയും അടിപിടിയുമായി ഒരു അടിപൊളി കഥയാണ്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങും.
അപ്പൂപ്പന്‍റെ പോലെ ഹാസ്യമാണോ ട്രാക്ക് ?
തമാശയുള്ള കഥാപാത്രം തന്നെയാണ്. സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. ടിനിടോം , ബിജുക്കുട്ടന്‍ തുടങ്ങിയവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഇവരെയൊക്കെ എനിക്കു വലിയ ഇഷ്ടമാണ്. അഭിനയിക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമായി കരുതുന്നു. ഇഷ്ടമുള്ള താരങ്ങള്‍ക്കൊപ്പം അഭിനയം തുടങ്ങാന്‍ കഴിയുന്നതിലും ഏറെ സന്തോഷമുണ്ട്.
ഇന്നസെന്‍റ് എന്ന വിളിപ്പേരില്‍ രസകരമായ അനുഭവങ്ങളുണ്ടോ?
ഇന്നസെന്‍റ് എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഓര്‍മവരുന്നത് അപ്പൂപ്പന്‍റെ മുഖമാണ്. ആ പേര് കൊണ്ട് പലപ്പോഴും വലിയ ഉപകാരമുണ്ടായിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് വൈവോ അഭിമുഖത്തിനായി അധ്യാപിക വിളിച്ചു. തയാറാക്കിയ പ്രൊജക്ടുമായി അധ്യാപികയുടെ അടുത്തെത്തി. ആകെ ടെന്‍ഷനിലായിരുന്നു. എന്ത് ചോദ്യമാണാവോ ചോദിക്കാന്‍ പോകുന്നത്. കുഴപ്പം പിടിച്ച ചോദ്യമാണെങ്കില്‍ അഭിമുഖത്തില്‍ മാര്‍ക്ക് പോകും. അല്‍പം പേടിച്ചാണ് ഇരുന്നത്. പ്രോജക്ടിന്‍റെ ആദ്യ പേജില്‍ തന്നെ പേരെഴുതിയിട്ടുണ്ട്. ഇന്നസെന്‍റ്. ഇതു വായിച്ച ഉടനെ അധ്യാപിക ചോദിച്ചു. നടന്‍ ഇന്നസെന്‍റിന്‍റെ കൊച്ചുമകനാണല്ലേ!. അപ്പൂപ്പനോടുള്ള ഇഷ്ടം അധ്യാപികയുടെ ആ ചോദ്യത്തിലുണ്ടായിരുന്നു. എളുപ്പമുള്ള രണ്ടു ചോദ്യം ചോദിച്ച് എന്നെ സഹായിച്ചു. പലപ്പോഴും അപ്പൂപ്പനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്? എന്തിനാണ് ഇന്നസെന്‍റ് എന്ന് പേരിട്ടത്. ക്ലാസില്‍ ഹാജര്‍ വിളിക്കുമ്പോള്‍ പലപ്പോഴും സഹപാഠികള്‍ ചിരിക്കും. പേരിട്ടത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അപ്പൂപ്പനും വിഷമമായിരുന്നു. വൈവോ അഭിമുഖത്തിനു ശേഷം ഞാന്‍ അപ്പൂപ്പനോട് പറഞ്ഞു. ‘‘അപ്പാപ്പ ഇന്നസെന്‍റ് എന്ന് പേരിട്ടത് എന്തായാലും നന്നായി. വൈവോ അഭിമുഖത്തിനു വന്ന അധ്യാപിക അപ്പാപ്പന്‍റെ കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ആളായിരുന്നു. എളുപ്പമുള്ള ചോദ്യമാണ് ചോദിച്ചേ’’. ഇതിനു പിന്നാലെ, കെട്ടിപ്പിടിച്ച് അപ്പൂപ്പന് ഒരുമ്മ കൊടുത്തു. ഇതുവിവരിച്ചപ്പോള്‍ അപ്പൂപ്പന്‍റെ മുഖത്ത് ഏറെ സന്തോഷം ഞാന്‍ കണ്ടു.
പഠിക്കാത്ത കഥകള്‍ നടന്‍ ഇന്നസെന്‍റ് പറയാറുണ്ട്! കൊച്ചുമകന്‍ അപ്പൂപ്പനെ പോലെയാണോ പഠന കാര്യത്തില്‍ ?
അത്യാവശ്യം പഠിക്കും. കണ്ണാടിവച്ചാല്‍ പഠിപ്പിസ്റ്റാണെന്ന് കരുതും. കൂട്ടുകാരന്‍റെ വീട്ടില്‍ പോയപ്പോള്‍ ഒരിക്കല്‍ പഠിപ്പിസ്റ്റാണെന്ന ഫീലും ഉണ്ടായി. ഇപ്പോള്‍ ഇംഗ്ലിഷില്‍ സാഹിത്യത്തില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍. എന്‍റെ അപ്പനും അപ്പൂപ്പനും ക്രൈസ്റ്റ് കോളജില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അവര്‍ക്കു സാധിക്കാത്തത് എനിക്കു കഴിഞ്ഞു. ആ സന്തോഷമുണ്ട് അപ്പന്.
രസകരമായി അനുഭവങ്ങള്‍ പറയാനുള്ള കഴിവ് ഇന്നസെന്‍റിനുണ്ട്. കൊച്ചുമകനും അതേ ട്രാക്കിലാണോ?
അപ്പൂപ്പന്‍റെ പ്രസംഗങ്ങളും അഭിമുഖങ്ങളും കാണുമ്പോള്‍ അറിയാം കുടുംബത്തെക്കുറിച്ച് എപ്പോഴും പറയുന്നത്. അമ്മൂമ്മ ആലീസിനെക്കുറിച്ചും അപ്പന്‍ സോണറ്റിനെക്കുറിച്ചും സഹോദരി അന്നയെക്കുറിച്ചുമെല്ലാം അപ്പൂപ്പന്‍ പറയുമായിരുന്നു. സിനിമാ മേഖലയില്‍ ചെല്ലുമ്പോള്‍ അതുകൊണ്ടുതന്നെ വേറൊരാളായി അവര്‍ എന്നെ കാണുന്നില്ല. തമാശയാണ് കൂടുതലും വഴങ്ങുന്നത്. ദേഷ്യമെന്ന വികാരം പെട്ടെന്നു വരില്ല. അപ്പൂപ്പന്‍റെ കന്നാസെന്ന കാബൂളിവാല കഥാപാത്രം വലിയ ഇഷ്ടമാണ്. ദേവാസുരത്തിലെ വാര്യരും. അപ്പൂപ്പന്‍ ഇത്ര വലിയ സിനിമാ താരമായിട്ടും ഇന്നേവരെ ലൊക്കേഷനില്‍ പോയിട്ടില്ല. ആദ്യമായി കാമറയ്ക്കു മുന്നില്‍ വരികയാണ്. മോണോാക്ടില്‍ മല്‍സരിച്ച് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഷോര്‍ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്.
ഇന്നസെന്‍റ് സോണറ്റ് അഭിമുഖത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഇന്നസെന്‍റിന്‍റെ കഥപറച്ചില്‍ രീതിയുണ്ട്. ഇന്നസെന്‍റിന്‍റെ മകന്‍ സോണറ്റും ഇതുപോലെതന്നെയാണ് കഥകള്‍പോലെ കാര്യങ്ങള്‍ പറയുന്നത്. പക്ഷേ കാമറയ്ക്കു മുന്നില്‍ വരാന്‍ ഇഷ്ടമില്ല. സോണറ്റിന്‍റെ മകന്‍ ഇന്നസെന്‍റിനാകട്ടെ സിനിമ എന്നത് സ്വപ്നവും. മനോരമ ന്യൂസ് കാമറയ്ക്കു മുമ്പില്‍ അഭിമുഖത്തിനിരുന്ന് മടങ്ങുമ്പോള്‍ ജൂനിയര്‍ ഇന്നസെന്‍റ് കണ്ണുനനഞ്ഞ് ഒരു കാര്യം കൂടി പറഞ്‍ു. ‘‘നിങ്ങള്‍ ഇവിടെ ഇങ്ങനെ എന്നെ അഭിമുഖത്തിനായി വരുമ്പോള്‍ അപ്പൂപ്പന്‍ കൂടി ഉണ്ടാകേണ്ടതായിരുന്നു. അപ്പൂപ്പന് നല്ല സന്തോഷമായേനെ’’.