80 കളുടെ തുടക്കം , മലയാള സിനിമ കേരളത്തിലേക്ക് തിരിച്ചുവന്ന കാലം, സിനിമ എന്ന മോഹവുമായി പ്രതിഭാധനരായ കുറേയേറെ ചെറുപ്പക്കാർ സിനിമയിലേക്ക് ചേക്കേറി. അവരിൽ അൽപ്പം മുന്നേ നടന്ന പ്രിയദർശനേയും ഫാസിലിനേയും പോലെയുള്ളവർ പിന്നാലെ വന്നവരെ കൈപിടിച്ചു നടത്തി... 80 കളുടെ പകുതിയായപ്പോഴേക്കും അവരെല്ലാം സ്വതന്ത്രസംവിധായകരായി.... പിന്നീട് കണ്ടത് മലയാള സിനിമയുടെ സുവർണകാലഘട്ടം.

ഒരു കഥ കിട്ടിയാൽ അതിനെ എങ്ങനെ സിനിമയാക്കി മാറ്റാം എന്നതുമാത്രമായിരുന്നു ആലോചന

തനിയാവർത്തനം, കിരീടം, സദയം, ദശരഥം , ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം , കമലദളം, ആകാശദൂത്, എന്നിവ അവയിൽ ചിലതുമാത്രം. ഇതെല്ലാം ഒരുക്കിയതാകട്ടെ സിബി മലയിലെന്ന ഒറ്റ സംവിധായകനും . സിനിമാ ജീവിതം നാൽപതിലേക്ക് എത്തുമ്പോൾ ​ഗുരുവിനെ സ്നേഹാദരങ്ങളോടെ ആദരിക്കാനൊരുങ്ങുകയാണ് സിബിമലയിലിന്റെ ശിഷ്യർ.  40 വർഷം നീണ്ട സിനിമാ ജീവിതത്തെ കുറിച്ചും 47 സിനിമകളേകുറിച്ചും സിബി മലയിൽ മനോരമ ന്യൂസിനോട് സംസാരിക്കുന്നു

ഭാ​ഗ്യം പോലെ 40 വർഷം മാജിക് പോലെ 47 സിനിമ..!

40 വർഷം  ഒരു മനുഷ്യായുസിന്റെ പകുതി കാലയളവ് ആണല്ലോ ? ഈ കാലമത്രയും ഇവിടെ ഇങ്ങനെ തുടരാനായി എന്നതുതന്നെ വലിയൊരു ഭാ​ഗ്യമായി കരുതുന്നു. വിവിധ ജോണറിലുള്ള സിനിമകൾ ചെയ്യാനായി എന്നതും അവയിലേറെയും പ്രേക്ഷകർ സ്വീകരിച്ചുവെന്നതും മറ്റൊരു ഭാ​ഗ്യമാണ്.

തിരിഞ്ഞുനോക്കുമ്പോൾ എക്കാലവും ഓർമിക്കപ്പെടുന്ന കുറച്ച് സിനിമകൾ ചെയ്യാനായി എന്ന ചാരിതാർഥ്യമുണ്ട്, ആ നേട്ടം ആസ്വദിക്കുന്നുണ്ട്. 

അതിനുമപ്പുറം ചലച്ചിത്ര ജീവിതം ആഘോഷമാക്കാനൊന്നും ആ​ഗ്രഹിച്ചിരുന്നില്ല, അങ്ങനെ ഒരു ആഘോഷം സംഘടിപ്പിക്കുന്നതിൽ ചെറിയ വിയോജിപ്പുമുണ്ടെന്ന് ഞാൻ അവരെ അറിയിച്ചിരുന്നു. അവരൊക്കെ ഒരു കുടുംബം പോലെ ആയതിനാലും ആഘോഷത്തിനപ്പുറം ഇതവരുടെ സ്നേഹമെന്ന തിരിച്ചറിവിലും പിന്നീട് സമ്മതിക്കുകയായിരുന്നു

മാസ് - ക്ലാസ് -ക്ലാസിക്ക്  ചിത്രങ്ങൾ...

മനുഷ്യ ബന്ധങ്ങളുടെ ആഴങ്ങളെ ഏറ്റവും മനോഹരമായി ചിത്രീകരിക്കുന്ന സംവിധായകനാണ് താങ്കളെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അതൊരു അം​ഗീകാരമായി കാണുന്നു.  പക്ഷേ അപ്പോഴും ഇത്രയും Versaltile ആയിട്ടുള്ള സിനിമകൾ ചെയ്യാനായി എന്നതാണ് നിങ്ങളുടെ നേട്ടമെന്ന് എന്നോട് അടുത്തിടെയാണ് ഒരാൾ പറഞ്ഞത്. അതൊന്നും ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ ആയിരുന്നില്ല. സംഭവിച്ചുപോയതാണ്. 

ആദ്യം ചെയ്ത മുത്താരം കുന്ന് പിഒ ഒരു സറ്റയർ ആയിരുന്നു, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം-സോഷ്യൽ സറ്റയർ, ആ​ഗസ്റ്റ് 1- ക്രൈം ത്രില്ലർ, കിരീടം- ഇമോഷണൽ ഫാമിലി ഡ്രാമ, ഉസ്താദ് - മാസ് ഇതൊന്നുമല്ലാത്ത തനിയാവർത്തനം അങ്ങനെ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു,  അന്ന് അങ്ങനെ ജോണറിനെ കുറിച്ചൊന്നും ചിന്തിക്കുന്ന കാലമായിരുന്നില്ല, ഒരു കഥ കിട്ടിയാൽ അതിനെ എങ്ങനെ മികച്ച സിനിമയാക്കി മാറ്റാം എന്നതുമാത്രമായിരുന്നു ആലോചന.

കാലത്തിന് മുന്നേ വന്ന ദശരഥം, കാലത്തിനതീതമായി സഞ്ചരിക്കുന്ന സദയം

ഇത് പറയേണ്ടതാണ് എന്ന് തോന്നിയ കഥകളാണ് ഞാൻ പറഞ്ഞതും പറയാൻ ശ്രമിച്ചതും . ചിലപ്പോൾ ശരിയായിട്ടുണ്ടാകാം, ചിലപ്പോൾ ശരിയാകാതെ പോയവയും ഉണ്ടാകാം. പക്ഷേ അപ്പോഴും അവ പറയേണ്ട കഥകളും ജീവിതങ്ങളുമായിരുന്നു എന്നതിൽ എനിക്ക് തർക്കമില്ല. കിരീടത്തിലെ അച്യുതൻ നായർ ചെങ്കോലിലെത്തിയപ്പോഴേക്കും മകളുടെ ഒപ്പം ഒരു കൂട്ടിക്കൊടുപ്പുകാരനായി പോകേണ്ട അവസ്ഥയിലെത്തിയിരുന്നു. ഇങ്ങനെയൊരു അവസ്ഥയിലേക്ക് അച്യുതൻ നായരെ എത്തിക്കേണ്ടിയിരുന്നോ എന്ന് ഒരുപാട് പേര് ചോ​ദിച്ചിട്ടുണ്ട്. അതിൽ പക്ഷേ നമ്മുക്ക് ഒന്നും ചെയ്യാനാകില്ല, അത് ആ കഥാപാത്രത്തിന്‍റെ വിധിയാണ്, അച്യുതൻ നായരുടെ ജീവിതമാണ്.

സിബി മലയിൽ സിനിമകളിലെ സം​ഗീതം

കമലദളം, ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ എല്ലാം പ്രമേയം തന്നെ ഈ രീതിയിൽ  തന്നെ ചർച്ചയായതാണ്. ഈ സിനിമകളൊക്കെ കണ്ടാൽ എനിക്ക് സം​ഗീതവുമായി വളരെ അടുത്ത ബന്ധമുള്ളത് പോലെയോ പാട്ടുപാടാൻ കഴിവുള്ളതുപോലെയൊ ഒക്കെ തോന്നാം. സം​ഗീതം ആസ്വദിക്കുന്ന സാധാരണ ഒരു പ്രേക്ഷകൻ എന്നതിനപ്പുറം സം​ഗീതവുമായി എനിക്ക് ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത.

ഒരു പ്രമേയമോ, അല്ലെങ്കിൽ ഒരു പാട്ട് സീനെടുക്കുമ്പോഴോ നമ്മളറിയാത്ത എന്തോ ഒരു ഡിവൈൻ ശക്തി നമ്മളെ നയിക്കുന്നത് പോലെ തോന്നും. ആ നേരത്ത് നമ്മുക്ക് തോന്നുന്ന പോലെയൊക്കെ ഷൂട്ട് ചെയ്യും. സ്റ്റോറി ബോർഡും ഷൂട്ട് ഡിവിഷനുമടക്കം ആലോചിച്ചുവച്ച പോലെ ഒന്നുമാവില്ല അപ്പോൾ ഷൂട്ട് ചെയ്യുക. ഞാൻ പോലും അറിയാതെ ചെയ്ത് പോകുന്നതാണ് പല സീനുകളും

സന്തോഷം... സങ്കടം ... നിരാശ...

ഉറപ്പായും ഈ പറയുന്ന വികാരങ്ങളെല്ലാം നമുക്ക് ഉണ്ടാകും . ഏറ്റവും നിരാശ തോന്നിയത് 24 വർഷം മുൻപ് ദേവദൂതൻ തീയേറ്ററിൽ പരാജയപ്പെട്ടപ്പോഴാണ്. കരിയറിൽ ഏറ്റവും സന്തോഷം തോന്നിയത് 24 വർഷത്തിന് ശേഷം ദേവദൂതൻ റീറിലീസ് ചെയ്ത് വിജയമായപ്പോഴും.  സത്യത്തിൽ ദേവദൂതൻ ആണ് ഞാൻ ആദ്യമായി ചെയ്യാൻ ആ​ഗ്രഹിച്ച സിനിമ.

ആ തിരക്കഥ 17 വർഷം എന്‍റെ വീട്ടിലെ അലമാരയിൽ പൊടിപിടിച്ച് കിടന്നു. അതിന് ശേഷം അതേ കഥയാണ് കാലാനുസൃതമായ മാറ്റങ്ങളോടെ ദേവദൂതനാക്കി മാറ്റിയത്. അതിന് വേണ്ടി എല്ലാ സാഹചര്യങ്ങളും ഉണ്ടായി, സൂപ്പർതാരത്തെ വരെ കിട്ടി , പക്ഷേ സിനിമ തിയറ്ററിൽ പരാജയപ്പെട്ടു. പിന്നെയും 24 വർഷം വർഷമെടുത്തു ഞാൻ ആദ്യം സ്വപ്നം കണ്ട സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ. അതുകൊണ്ട് തന്നെ ഇത്തരം ഇമോഷൻസൊക്കെ സിനിമയിൽ ആപേക്ഷികമാണെന്ന് പറയാം .

മോഹൻലാൽ - സിബി മലയിൽ കൂട്ടുകെട്ട്

ഞാൻ ഏറ്റവും കൂടുതൽ സിനിമ ചെയ്തിട്ടുള്ളത് മോഹൻലാലിനൊപ്പമാണെന്നത് ​ഗുണകരമായത് എനിക്കാണ്. ഇന്ത്യയിലെ എല്ലാ മികച്ച സംവിധായകർക്കും ടെക്നീഷ്യൻസിനുമൊപ്പം സിനിമ ചെയ്യാനുള്ള കഴിവും അവസരവും ലഭിച്ച ആളാണ് മോഹൻലാൽ. എനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെ അദ്ദേഹത്തിന്‍റെ കഴിവുകൾ പരാമാവധി ഉപയോ​ഗിക്കാനായി എന്നത് അദ്ദേഹത്തിന് ലഭിച്ച സാധ്യതയിലൊന്ന് മാത്രമാണ്. അതെല്ലാം മോഹൻലാലിന്‍റെ കൂടി മികച്ച സിനിമയായി എന്നത് എന്‍റെ ഭാ​ഗ്യവും നേട്ടവുമാണ്.

ആവർത്തനം സാധ്യമാകാത്ത തനിയാവർത്തനം 

മമ്മൂട്ടിക്കൊപ്പം അധികം സിനിമ ചെയ്യാനായില്ല എന്നതിൽ നിരാശയുണ്ട്. ഒന്നും ഒത്തുവന്നില്ല എന്നതാണ് സത്യം. തനിയാവർത്തനം കഴിഞ്ഞ് ചെയ്ത ചിത്രമാകട്ടെ തനിയാവർത്തനത്തോളം എത്തിയതുമില്ല. സാ​ഗരം സാക്ഷി ഇന്ന് യൂട്യൂബിലൊക്കെ കണ്ട് നല്ല അഭിപ്രായം പറയാറുമുണ്ട്. പക്ഷേ അന്ന് ആ ചിത്രം തിയറ്ററിൽ സ്വീകരിക്കപ്പെട്ടില്ല .

റീറിലിസിന് തയാറെടുക്കുന്ന ദശരഥവും സദയവും

ദശരഥത്തിന്‍റെയും സദയത്തിന്‍റെയും  പ്രിന്‍റ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആർക്കെവ്സിൽ ഉണ്ടെന്ന് അടുത്തിടെ വിവരം ലഭിച്ചിരുന്നു. സദയം വീണ്ടും തീയേറ്ററിലെത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ദശരഥവും റീറിലിസ് ചെയ്തേക്കും. കിരീടവും ഒരിക്കൽ കൂടി തീയേറ്ററിൽ കാണണമെന്ന ആ​ഗ്രഹമുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ പ്രേക്ഷകർ എല്ലാ കാലവും ചോദിച്ചിട്ടുളളത് സമ്മർ ഇൻ ബത്ലഹേമിനെ കുറിച്ചാണ്.

പോപ്പ് കോൺ കവറിനൊപ്പം ഉപേക്ഷിക്കപ്പെടുന്ന പുതിയ സിനിമ

പുതിയതായാലും പഴയതായാലും ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം . പക്ഷേ അപ്പോഴും ഇന്നത്തെ സിനിമകൾ പലതും തിയറ്ററിൽ പോകുന്ന സമയത്ത് പോപ്പ് കോൺ കഴിച്ച് ആസ്വദിക്കുന്നു , തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ പോപ്പ് കോൺ കവർ കളഞ്ഞിട്ട് പോകുന്ന പോലെ പ്രേക്ഷകർ ആ സിനിമയെ മനസിൽ നിന്ന് കളയുന്നു . അതേസമയം 30 വർഷം മുമ്പുള്ള സിനിമകളാണ് നമ്മൾ ഇപ്പോഴും ചർച്ച ചെയ്യുന്നതും വീണ്ടും വീണ്ടും കാണാൻ ആ​ഗ്രഹിക്കുന്നതും.

അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ മിക്ക സിനിമകളും മൊമന്ററി ആയിട്ടുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത് . സേതുമാധവന്‍റെ, സത്യനാഥന്‍റെ, രാജീവ് മേനോന്‍റെ എല്ലാം  ജീവിതത്തിലൂടെ സഞ്ചരിച്ച് ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നപോലെയുള്ള സിനിമകൾ ഇന്നില്ല എന്ന് തന്നെ പറയാം . തിയറ്ററിൽ വിജയിക്കുന്ന ചിത്രങ്ങളുടെ വിജയ ഫോർമുലകളെ പിന്തുടർന്ന് വിജയമുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് കൂടുതലും

ട്രെൻഡിനൊപ്പം മാത്രം നിൽക്കുന്ന നിർമാതാക്കൾ

പഴയ തലമുറയിൽപ്പെട്ട സംവിധായകരിൽ പലരും സിനിമ ചെയ്യാത്തത് നിർമാതാക്കളെ കിട്ടാത്തത് കൊണ്ട് കൂടിയാണ് . ചിരിയും തമാശയും മാത്രമുള്ള വൺ ടൈം വാച്ചബിൾ എന്റർടെയ്ൻമെന്റ് മാത്രമാണ് ഈ കാലത്തെ സെല്ലിങ് പോയിന്‍റ് . ആ ട്രെൻഡ് അനുസരിച്ചുള്ള സിനിമ മാത്രം മതിയെന്നാണ് നിർമാതാക്കളും ചിന്തിക്കുന്നത്.

അഭിനയിക്കാൻ താൽപര്യമില്ല

ഈ അടുത്ത ഇടയ്ക്ക് കൂടി അഭിനയിക്കാൻ വിളിച്ചിരുന്നു. പക്ഷേ സിനിമയിൽ എനിക്ക് ആകെ ചെയ്യാൻ അറിയുന്നത് സംവിധാനമാണ്. അഭിനയിപ്പിക്കാൻ അറിയാമെന്നല്ലാതെ അഭിനയിക്കാൻ എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ ഇനിയും സിനിമയിൽ സംവിധായകൻ മാത്രമായി തുടരാനാണ് താൽപര്യം

നിധി പോലെ ശിക്ഷ്യൻമാർ

ശിക്ഷ്യൻമാരല്ല, എന്‍റെ കുടുംബംപോലെ തന്നെയാണ് അവരെല്ലാം .  ലൊക്കേഷനിൽ ചിലപ്പോഴൊക്കെ കയർത്ത് സംസാരിക്കേണ്ടി വരാറുണ്ട്. പക്ഷേ അതൊക്കെ ആ സമയത്തെ പ്രഷറിൽ സംഭവിക്കുന്നതാണെന്ന് അവർക്കും അറിയാം.  പക്ഷേ എന്‍റെ സെറ്റിൽ വന്ന ആരെയും എന്തെങ്കിലും പറഞ്ഞ് കൊടുത്ത് പഠിപ്പിക്കാനായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്... എന്‍റെ മേയ്ക്കിങ് സ്റ്റൈൽ അവർക്ക് കണ്ട് പഠിക്കാനായിട്ടുണ്ടോയെന്നും ഉറപ്പില്ല. ഹൃദയ സിബിരം എന്നൊരു കൂട്ടായ്മ അവർ തന്നെ രൂപീകരിച്ചതാണ്. എല്ലാവർഷവും ഞങ്ങൾ ഒത്തുകൂടാറുണ്ട്. ഇന്ത്യയിൽ സിനിമയിൽ തന്നെ ഇങ്ങനെ വേറെ എവിടെയെങ്കിലും സംഭവിക്കുന്നുണ്ടോ എന്നറിയില്ല.

ഭരതം എന്ന സിനിമ തന്നെ ലൊക്കേഷനിൽ വച്ച് കൊണ്ട് കഥയുണ്ടാക്കി ചെയ്ത സിനിമയാണ്

 മികച്ച സിനിമ ഇനി വരാനിരിക്കുന്നതേയുള്ളൂ

ഒരുപാട് കാര്യങ്ങൾ ഒത്തുചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുക. അതിൽ ഞാൻ ഒരാൾ മാത്രം ആഗ്രഹിച്ചിട്ട് കാര്യമില്ല .നല്ലത് എപ്പോഴും സംഭവിക്കുകയാണ് എന്നല്ലേ പറയുക. ഭരതം എന്ന സിനിമ തന്നെ ലൊക്കേഷനിൽ വച്ച് മണിക്കൂറുകൾ കൊണ്ട് കഥയുണ്ടാക്കി ചെയ്ത സിനിമയാണ്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമേതെന്ന് ചോദിച്ചാൽ അതിനിയും സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് ഉത്തരം.  എല്ലാം ഒത്തുവന്നാൽ ഇനിയും സംവിധാനം ചെയ്യും . അതുതന്നെയാണ് ആഗ്രഹവും

ENGLISH SUMMARY:

Veteran Malayalam filmmaker Siby Malayil reflects on his 40-year cinematic journey and 47 films, expressing pride in creating memorable classics. He reveals that Devadoothan, his dream project, was delayed by 17 years before gaining recognition and shares regret over not collaborating more with Mammootty, while hinting at re-releases of Sadayam and Dasharatham.