തുടരും സിനിമയിലെ ഹൈലൈറ്റാണ് ബെൻസിന്റെ ഫൈറ്റ്. പ്രത്യേകിച്ചും ആ പൊലീസ് സ്റ്റേഷനിലെ അടി. ശരിക്കും ഒറ്റയാൻ കാടു കയറിപോലെ. ആ മാസ് ഫൈറ്റിനു പിന്നിലെ അനുഭവം പങ്കിട്ട് ആക്ഷന്‍ ഡയറക്ടർ സ്റ്റണ്ട് സിൽവ.
പൊലീസ് സ്റ്റേഷന്‍ ഫൈറ്റ്
കൊച്ചിയിലായിരുന്നു ഷൂട്ട്. ചിത്രത്തില്‍ ഫൈറ്റ് ഉണ്ടാകുമെന്നു ഞാന്‍ കരുതിയില്ല. ഒരു പക്കാ കുടുംബചിത്രമായിരിക്കുമെന്നാണ് വിചാരിച്ചത്. കഥാപാത്രം ഒരു സ്റ്റണ്ട് മാന്‍ ആയിരുന്നെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെ ആ കഥാപാത്രത്തെക്കൊണ്ട് എങ്ങനെ ആക്ഷന്‍ ചെയ്യിക്കണമെന്നു ആരും പറഞ്ഞു തരേണ്ടി വന്നില്ല. ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പ് പൂജ ചെയ്യുന്ന പതിവുണ്ട്. ആക്ഷന്‍ ഡയറക്ടറായ ഞാന്‍ ഫൈറ്റിനു മുന്‍പ് മുരുകാ എന്നു പറഞ്ഞ് വണങ്ങാറുണ്ട് . ഇതാണ് മോഹന്‍ലാല്‍ ഫൈറ്റിനു മുന്‍പ് മുരുകാ എന്നു പറഞ്ഞ് അനുകരിച്ചത്. അത് അദ്ദേഹത്തിന്റെ ഐഡിയ ആയിരുന്നു.
ലാലും പനിയും
ഞാന്‍ ലാല്‍ സാറുമായി ചെയ്ത ഭൂരിഭാഗം സിനിമകളിലും ഫൈറ്റ് സീനെടുക്കുമ്പോള്‍ പനിയായിരിക്കും. എന്തുകൊണ്ടെന്നറിയില്ല. തുടരും സിനിമയില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മോഹന്‍ലാലിനു 104 ഡിഗ്രിയായിരുന്നു പനി. എന്നിട്ടും അദ്ദേഹം പിന്‍മാറിയില്ല.
കോരിത്തരിപ്പിച്ച ബെന്‍സിന്റെ ചാട്ടം
ഒറ്റയാന്‍ മദമിളകി വരുന്ന പോലെ തോന്നണം ഈ കഥാപാത്രമെന്നു സംവിധായകന്‍ പറഞ്ഞു തന്നിരുന്നു. രണ്ടു മൂന്നു വിധത്തില്‍ ചാടുന്നത് പ്ലാന്‍ ചെയ്തു. പക്ഷെ ലാല്‍ സാര്‍ സ്വന്തമായ ശൈലിയില്‍ ഒരു ചാട്ടമങ്ങ് ചാടി. അത്ര തന്നെ.
വെറും ഒരു മിനിറ്റുകൊണ്ട് ആ ചാട്ടം ഷൂട്ട് ചെയ്ത് കൂളായി ലാല്‍ തിരിച്ചു പോയി.