ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ വൈറലായ താരമാണ് പ്രിയ വാര്യര്‍. എന്നാല്‍ തുടക്കത്തിലെ ഹൈപ്പ് പിന്നീട് കരിയറിനെ തുണച്ചില്ല. എങ്കിലും തമിഴ്, ഹിന്ദി ഭാഷകളില്‍ സജീവം. മലയാളത്തിലെ ഇടവേള, സൈബര്‍ അറ്റാക്ക്, ഭാവി പ്രതീക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ നടി മനോരമ ന്യൂസ്. കോമിനോടു പങ്കു വക്കുന്നു
മലയാളത്തില്‍ നീണ്ട ഇടവേള ?
മനപൂര്‍വം എടുക്കുന്നതല്ല. കാരണം അറിയില്ല. മലയാളത്തില്‍ നിന്നും വിളി വരുന്നുണ്ട്. കഥ ഇഷ്ടപ്പെടാറില്ല. നല്ല കഥാപാത്രങ്ങള്‍ കൂടുതലും വരുന്നത് അന്യഭാഷയില്‍ നിന്നാണ്. സിനിമയിലേക്കുള്ള എന്റെ വരവ് ഒരു കണ്‍വന്‍ഷന്‍ രീതിയിലൂടെ അല്ല. സോഷ്യല്‍മീഡിയയില്‍ വിങ്ക് ഗേള്‍ എന്നൊരു ടാഗ് വീണു പോയി. അതിനപ്പുറത്തേക്ക് എന്റെ കഴിവെന്തെന്ന് മനസിലാക്കാന്‍ ആരും ശ്രമിച്ചില്ല. അല്ലെങ്കില്‍ ഒരു സംവിധായകന്‍ എന്നെ വച്ച് റിസ്കെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒരു ലുക് ടെസ്റ്റിനെങ്കിലും വിളിച്ചാലല്ലേ എനിക്ക് എന്തു ചെയ്യാനാകും എന്നു മനസിലാക്കാനെങ്കിലും പറ്റൂ. ആ റിസ്ക് എടുക്കാനുള്ള ബുദ്ധിമുട്ടായിരിക്കാം എനിക്ക് മലയാളത്തില്‍ അവസരം കിട്ടാത്തതിനു കാരണം. നല്ല കഥയാണെങ്കില്‍ ചെറിയ റോളാണെങ്കിലും ചെയ്യും. എനിക്ക് അഭിനയിക്കാനിഷ്ടം മലയാളം സിനിമയിലാണ്. ഏറ്റവും നല്ല കഥകളും ഇവിടെയാണ്. മലയാളത്തില്‍ അഭിനയിച്ച് കഴിവ് തെളിയിക്കുക എന്നതാണ് ലക്ഷ്യം.
മലയാളത്തില്‍ അവസരം കുറയാന്‍ കാരണം ?
പരമാവധി സംവിധായകരുടെ അടുത്ത് ഞാന്‍ അവസരം ചോദിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന പരിചിതമായ ഒരു പേര് എനിക്കുണ്ടെന്നത് വലിയ കാര്യമാണ്. നിരവധി ഓഡിഷനുകള്‍ക്കു പോകാറുണ്ട്. ആഷിഖ് അബു. അമല്‍ നീരദ് തുടങ്ങിയവരോടെല്ലാം ഞാന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ട്.
സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ അവസരങ്ങളെ ഇല്ലാതാക്കിയോ ?
തീര്‍ച്ചയായും. എന്നെക്കുറിച്ച് ചില മുന്‍വിധികള്‍ ഉടലെടുക്കാന്‍ സോഷ്യല്‍മീഡിയ കാരണമായി. ജാഡയാണെന്നും മറ്റുമുള്ള തെറ്റിദ്ധാരണകള്‍. ഈ നടിയെ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നു സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും തോന്നിയിരിക്കാം.
സൈബര്‍ അറ്റാക്ക് പരിധി വിട്ടോ ?
കുറച്ച് കഴിഞ്ഞാല്‍ ഈ സൈബര്‍ ആക്രമണവും ഡിഗ്രേഡിങ്ങും നമുക്ക് ഒരു പ്രശ്നമല്ലാതാകും. പക്ഷെ ആ ഒരു തലത്തിലേക്ക് എത്തുന്നതു വരെയുള്ള മാനസികമായ ബുദ്ധിമുട്ട് വലുതാണ്. എന്തായാലും ഞാന്‍ ഞാനായിട്ട് തന്നെ നില്‍ക്കും. കൃത്രിമമായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെ ചെയ്താല്‍ അത് എന്നെങ്കിലും പൊളിഞ്ഞ് വീഴുമെന്നുറപ്പാണ്.
സോഷ്യല്‍മീഡിയയിലെ ചിത്രങ്ങള്‍, വിഡിയോകള്‍ പരിധി വിട്ടെന്നു തോന്നിയിട്ടുണ്ടോ ?
ഉണ്ട്. ശ്രദ്ധിക്കപ്പെടാനോ അവസരങ്ങള്‍ കിട്ടാന്‍ വേണ്ടിയോ അല്ല അങ്ങനെ ചെയ്യുന്നത്. ഒരു നടി മത്രമല്ല, മോഡലും കൂടിയാണ് ഞാന്‍. സോഷ്യല്‍മീഡിയയില്‍ നിന്നും വരുമാനം കിട്ടുന്ന വ്യക്തി കൂടിയാണ് ഞാന്‍. എന്നാലും സിനിമ തന്നെയാണ് ലക്ഷ്യം
സിനിമയിലെ വയലന്‍സ്
എല്ലാ മീഡിയകളും നമ്മളെ സ്വാധീനിക്കാം. സിനിമ കൂടുതലായി സ്വാധീനിക്കുമെന്നു പറയാം. സിനിമയെ ഒരു വിനോദോപാദി മാത്രമായി കണ്ടാല്‍ മതി.