Image: facebook.com/ActorMohanlal

ബോക്സ്ഓഫിസിൽ കുതിപ്പ് തുടര്‍ന്ന് മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചൈസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം. റിലീസ് ചെയ്ത് ഏഴാം ദിനം ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ‘മൂന്ന് സിനിമകൾ, മൂന്ന് അധ്യായങ്ങൾ, തകര്‍ക്കാന്‍ പറ്റാത്ത ഒരു ബന്ധം’ എന്ന് കുറിച്ചാണ് മോഹന്‍ലാലിന്‍റെ പോസ്റ്റ്. ജോർജുകുട്ടിക്കും കുടുംബത്തോടൊപ്പം നടന്നതിന് നന്ദിയെന്നനും അദ്ദേഹം കുറിച്ചു. മോഹന്‍ലാലിനെ കൂടാതെ ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂര്‍ എന്നിവരും സന്തോഷ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്.

നേരത്തേ റിലീസ് ചെയ്ത് വെറും 58 മണിക്കൂര്‍കൊണ്ട് മോഹൻലാ‍ൽ– ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം 100 കോടി പിന്നിട്ടിരുന്നു. 5 ദിവസംകൊണ്ട് 156 കോടി കലക്ഷനാണ് ചിത്രം നേടിയത്. നാല് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് മലയാളം പതിപ്പിൽ നിന്നുതന്നെയാണ് കൂടുതല്‍ കലക്ഷന്‍ ലഭിച്ചതും. പിന്നാലെയാണ് 200 കോടി എന്ന നേട്ടവും. ഇതോടെ ‘എമ്പുരാൻ’, ‘തുടരും ’എന്നീ ചിത്രങ്ങൾക്കു ശേഷം 200 കോടി ക്ലബ്ബിൽ കയറുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണിത്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന ചിത്രം മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലായിരുന്നു റിലീസ് ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ‘ദൃശ്യം 3’ യിലും പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യത്തേയും രണ്ടാമത്തെയും ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്.

ആശിര്‍വാദ് സിനിമാസിനു പുറമേ നിര്‍മാണത്തിലും വിതരണത്തിലും പനോരമ സ്റ്റുഡിയോസും പങ്കുചേ‍ര്‍ന്നിട്ടുണ്ട്. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ നിര്‍മാതാക്കാള്‍ കൂടിയാണ് പനോരമ സ്റ്റുഡിയോസ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

The highly anticipated third installment of Malayalam cinema's hit franchise, Drishyam 3, has officially entered the prestigious ₹200-crore club within just seven days of its global theatrical release. Superstar Mohanlal shared the breaking box office news on his Facebook page, expressing profound gratitude to fans for supporting the iconic characters of Georgekutty and his family across three distinct cinematic chapters. Helmed by hitmaker Jeethu Joseph, the suspense thriller achieved a lightning-fast ₹100-crore milestone within its first 58 hours, rendering it Mohanlal's third film to surpass the ₹200-crore mark after L2: Empuraan and Thudarum. Produced by Antony Perumbavoor under Ashirvad Cinemas in collaboration with Panorama Studios, the film features returning stars Meena, Ansiba, and Esther Anil alongside fresh ensemble casts to drive the final narrative. Panorama Studios, which holds the comprehensive worldwide theatrical and digital streaming rights for the movie, has reportedly scheduled the official Hindi adaptation for a nationwide release on October 2, 2026.