loka

മലയാള സിനിമ ചരിത്രത്തിലെ ആദ്യ 300 കോടി ക്ലബ്ബിലേക്ക് കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റർ വൺ. കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. ഈ വര്‍ഷം തന്നെ റിലീസ് ചെയ്ത് മോഹന്‍ലാല്‍ ചിത്രം തുടരും തീര്‍ത്ത റെക്കോര്‍ഡാണ് ലോക മറികടന്നത്. 

കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഡൊമനിക് അരുൺ ആണ് ‘ലോക’ സംവിധാനം ചെയ്തത്. ഒടിടി റിലീസെന്ന അഭ്യൂഹങ്ങളെ പിന്തള്ളി നിര്‍മാതാവ് ദുല്‍ഖര്‍ തന്നെയാണ് തിയേറ്റര്‍ റിലീസ് ഉറപ്പിച്ചത്. ആ തീരുമാനം ശരിയായെന്ന് ഉറപ്പിക്കുന്നതാണ് ലോകയുടെ റോക്കറ്റ് വേഗത്തിലെ കളക്ഷന്‍. കല്യാണി പ്രിയദർശൻ ചന്ദ്രയായി നിറഞ്ഞാടിയ ചിത്രം, ആദ്യദിനം മുതൽ മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി. പിന്നീടങ്ങോട്ട് ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തിയ ചിത്രം ഒടുവിൽ എമ്പുരാൻ, തുടരും എന്നീ മോഹൻലാൽ സിനിമകളെ പിന്തള്ളി മുന്നേറി. ‌

അഞ്ചാംവാരം 7 കോടി നേടിയ പ്രേമലുവിന്‍റെ റെക്കോഡ് അതേ വാര‌ത്തില്‍ 10.06 കോടി നേടിയാണ് ലോക മറികടന്നത്. നാല്പതാം ദിവസത്തിലേക്ക് കടക്കുന്ന ലോക ഇപ്പോഴും കേരളത്തിൽ മാത്രം 200 ലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ക്ലബ് ലിസ്റ്റിനപ്പുറം റെക്കോഡുകളുടെ പെരുമഴ കൂടിയാണ് ലോക തീർക്കുന്നത്. കേരളത്തിൽനിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോര്‍ഡിന് പുറമെ 38 ദിവസത്തിനുള്ളിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നായികാ ചിത്രമായും, ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ നായികാ പ്രാമുഖ്യ ചിത്രമായും ലോക മാറി.

ENGLISH SUMMARY:

Loka Malayalam movie has achieved a significant milestone by entering the 300 crore club, becoming the highest-grossing Malayalam film in Kerala and setting new collection records. The film's success is attributed to positive word-of-mouth and Kalyani Priyadarshan's performance, surpassing previous records set by Mohanlal's movies.