വാസ്കോഡ ഗാമ ഇന്ന് വീണ്ടും കേരളത്തിലെത്തും. പോർച്ചുഗീസിൽനിന്ന് കടൽകടന്ന് കാപ്പാടെത്തി ചരിത്രം കുറിച്ച ഗാമയല്ല. പതിനെട്ട് വർഷം മുൻപ് ബോക്സോഫീസിൽ ചരിത്രം കുറിച്ച ചോട്ടാ മുംബൈയിലെ വാസ്കോഡ ഗാമയും കൂട്ടരുമാണ് ഇന്ന് വീണ്ടും തിയറ്ററുകളിലെത്തുന്നത്. വാസ്കോഡ ഗാമ അഥവ തലയെന്ന മോഹൻലാൽ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്ത ചോട്ടാമുംബൈയുടെ 4K റീമാസ്റ്റേർഡ് പതിപ്പ് കാണാൻ മികച്ച ബുക്കിങ് തുടരുകയാണ്.
സിനിമകളുടെ വേൾഡ് വൈഡ് റിലീസിങ്ങ് വഴി ഒരുപക്ഷേ മലയാള സിനിമ നൂറുകോടി ക്ളബെന്ന് സ്വപ്നം കാണുന്ന കാലം. നൂറുദിവസം പ്രദർശിപ്പിച്ച് ഹിറ്റടിച്ച സിനിമയുടെ പോസ്റ്റർ ചുമരായചുമരുകളിലൊക്കെയിരുന്ന് ഒന്നിലധികം തവണ നമ്മളെ വീണ്ടും തിയറ്ററുകളിലേക്ക് എത്തിച്ച കാലം.
അതുവരെ മോഹൻലാൽ കൈകാര്യം ചെയ്ത ആക്ഷൻ കോമഡി ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമെന്ന നിരൂപണംനേടിയ ചിത്രം. മോഹൻലാലിന്റെ തലയ്ക്കൊപ്പം നിന്ന കലാഭവൻ മണിയുടെ നടേശനും, സിദ്ദിഖിന്റെ മുള്ളൻ ചന്ദ്രപ്പനും ജഗതിയുടെ പടക്കം ബഷീറും ഭാവനയുടെ പറക്കും ലതയ്ക്കും പുറമെ ഇക്കിളിപടങ്ങളിൽ മാത്രം നിറഞ്ഞു നിന്ന ഷക്കീല വരെ കസറിയ കഥാപരിസരത്തിരുന്ന് പ്രേക്ഷകർ ചിരിച്ചും കയ്യടിച്ചും ഒപ്പം കൂട്ടിയ ചിത്രം.
ഇൻട്രോ മുതൽ ഒടുക്കം വരെ ഒരു മോഹൻലാൽ ഫാൻബോയ് ആഗ്രഹിക്കുന്നതൊക്കെയും ചേരുംപടി ചേർത്ത് അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് നടൻ മണിയൻപിള്ള രാജുവായിരുന്നു. വെറും മൂന്ന് കോടിരൂപയ്ക്ക് താഴെ മാത്രമായിരുന്നു നിർമാണച്ചെലവ്. പതിനെട്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ഹൗസ് ഫുൾ ബോർഡ് തിയറ്ററുകളിൽ മുൻപിലുണ്ടാകുമെന്ന സൂചനയാണ് ബുക്കിങ് പ്ളാറ്റ്ഫോം നൽകുന്നത്.