Image Credit: Instagram/Facebook
2025 മോഹന്‍ലാല്‍ എടുക്കുമെന്ന് ആരാധകര്‍. താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് സൈബറിടത്ത് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഡിസംബര്‍ 25ന് റിലീസ് ചെയ്യുന്ന ബറോസില്‍ തുടങ്ങി 2025 ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ വരെയുള്ള സിനിമകളാണ് പട്ടികയിലുളളത്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രങ്ങളുടെ പട്ടിക അടങ്ങിയ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ പേരും റിലീസ് തിയതിയും അടക്കമുളള വിവരങ്ങളാണ് വിഡിയോയിലുളളത്.
ബറോസ്, തുടരും, എംപുരാൻ, ഹൃദയപൂർവം, വൃഷഭ എന്നീ ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് വിഡിയോയിൽ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എന്ന ആമുഖത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. പട്ടികയില്‍ ആദ്യം ഇടംപിടിച്ചിരിക്കുന്നത് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ്. കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍ വരുന്ന ചിത്രം ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായാണ് തിയറ്ററിലെത്തുന്നത്. രണ്ടാമത് പട്ടികയിലുളളത് ജനുവരിയിൽ റിലീസ് ചെയ്യുന്ന ‘തുടരും’ എന്ന ചിത്രമാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ശോഭനയാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഇഷ്ടജോഡികളെ വീണ്ടും ഒന്നിച്ച് കാണാനാവുന്നതിന്‍റെ ആകാംക്ഷയിലാണ് ആരാധകര്‍.
മൂന്നാമതായി പട്ടികയിലുളളത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാനാണ്. ലൂസിഫറിന്‍റെ പ്രീക്വല്‍ ആയി പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം 2025 മാര്‍ച്ച് 27ന് തിയറ്ററിലെത്തും. മറ്റൊന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രമാണ്. ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2025 അവസാനത്തോടെ റിലീസിനൊരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലായി മാറാനൊരുങ്ങുന്ന ചിത്രമെന്നാണ് വൃഷഭയെ വിശേഷിപ്പിക്കുന്നത്. നന്ദ കിഷോർ ആണ് വൃഷഭ സംവിധാനം ചെയ്യുന്നത്. 2024ലെ അപേക്ഷിച്ച് ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ 2025നെ നോക്കിക്കാണുന്നത്. അടുത്ത വര്‍ഷം മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയറ്റര്‍ അടക്കിഭരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.