ചരിത്ര വിജയവുമായി ദേവദൂതൻ അൻപതാം ദിവസത്തിലേക്ക് . റീ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തിയറ്ററുകളിലായി ചിത്രത്തിന്റെ പ്രദർശനം ഇപ്പോഴും തുടരുകയാണ്. മറ്റു ഭാഷകളിൽ നിന്നുള്ള റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകളെയും ദേവദൂതൻ പിന്നിലാക്കി എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിന് പുറേമേ ജി.സി.സി., തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സർ ആയി മാറിയിരിക്കുകയാണ് ദേവദൂതൻ.
ആദ്യ പ്രദർശനത്തിൽ ബോക്സ് ഓഫീസിൽ പരാജയമടഞ്ഞ ചിത്രം റീ മാസ്റ്ററിംഗിൽ 4K ദൃശ്യമികവിൽ മികച്ച കളക്ഷൻ നേടുന്നുവെന്ന അപൂർവത കൂടിയാണ് ഇതോടെ ദേവദൂതൻ സ്വന്തമാക്കിയിരിക്കുന്നത്. ജൂലായ് 26 നാണ് ദേവദൂതൻ വീണ്ടും തിയറ്ററുകളിൽ എത്തിയത്. മുമ്പ് മോഹൻലാലിന്റെ തന്നെ സ്ഫടികവും ഇപ്പോൾ മണിച്ചിത്രത്താഴും മലയാളത്തിൽ റീ റീലിസിനെത്തിയിട്ടും അതിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം ദേവദൂതനാണ്. 5.4 കോടി രൂപയാണ് ദേവദൂതന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ.