turbo-pre-sale

മമ്മൂട്ടി ചിത്രം ടർബോ റിലീസിനെത്തുന്ന ദിവസമാണിന്ന്. ആരാധകരില്‍ ആവേശക്കൊടുമുടി തീര്‍ത്താണ് ‘ജോസേട്ടായി’ ആയി മമ്മൂട്ടി എത്തുന്നത്. പ്രീ സെയ്‌ലിലൂടെ മാത്രം സിനിമ വൻ നേട്ടം കൈവരിച്ചതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോഴെത്തുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 3.48 കോടി രൂപ ചിത്രം നേടി കഴിഞ്ഞുവെന്നാണ് സൂചന.

ഈ അടുത്ത കാലത്ത് മലയാള സിനിമകൾ നേടിയതിൽ വലിയ തുകയാണ് ഇത്. മോഹൻലാലിന്‍റെ മലൈക്കോട്ടൈ വാലിബൻ പ്രീ സെയ്‌ലിലൂടെ നേടിയത് 3.45 കോടിയാണ്. ഈ നേട്ടത്തെയും മറികടന്നിരിക്കുകയാണ് മമ്മൂട്ടിയുടെ ടര്‍ബോ ഇപ്പോള്‍. മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്​ബി ഷെട്ടി, സുനില്‍ എന്നിവരുടെ സാന്നിധ്യവും സിനിമക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ശബരീഷ് വര്‍മ മുതലായവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. റോഷാക്ക്, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതിനുമുന്‍പ് നിര്‍മ്മിച്ചത്. ക്രിസ്റ്റോ സേവ്യറാണ് ടര്‍ബോയില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 

ENGLISH SUMMARY:

Mammootty movie Turbo comes up with a new record in pre sale.