mammooty-turbo

മമ്മൂട്ടി ചിത്രം ടര്‍ബോയ്ക്ക് ആദ്യ ദിനം തന്നെ ലഭിച്ച നിറഞ്ഞ കയ്യടിക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ വൈശാഖ്. സ്വന്തം കൈപ്പടയിലുളള കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് വൈശാഖ് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്. ഫെയ്ബുക്കിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം. റിലീസ് ചെയ്ത ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച സ്വീകാര്യതയാണ് ടര്‍ബോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളുകള്‍ക്ക് ശേഷം മമ്മൂക്കയുടെ മാസ് കഥാപാത്രത്തെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ് ടര്‍ബോ ജോസും കൂട്ടരും.

എല്ലാവര്‍ക്കും നന്ദി...കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന് എന്നായിരുന്നു സംവിധായകന്‍ വൈശാഖ് കുറിച്ചത്. അതേസമയം പഴയ മമ്മൂക്കയെ തിരികെ തന്നതിന് വൈശാഖിന് നന്ദി പറഞ്ഞും കമന്‍റുമായി ആരാധകരെത്തി. ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡ് കണ്ടപ്പോ ഇതുപോലെരെണ്ണം പ്രതീക്ഷില്ലെന്നായിരുന്നു ഒരു പ്രേക്ഷകന്‍റെ കമന്‍റെ. ഞങ്ങളല്ലേ ഭായ് നന്ദി പറയേണ്ടത്, എജ്ജാതി കിടിലൻ മേക്കിങ്ങ് ആണ് എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്.

ചിത്രത്തിന്‍റെ ജോസേട്ടായി എന്ന മമ്മൂക്ക കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നുകൂടിയാണ് ടര്‍ബോ. പ്രീ സെയ്‌ലിലൂടെ മാത്രം സിനിമ വൻ നേട്ടം കൈവരിച്ചതായ റിപ്പോര്‍ട്ടുകളുണ്ട്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 3.48 കോടി രൂപ ചിത്രം നേടി കഴിഞ്ഞുവെന്നാണ് സൂചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. 

ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്​ബി ഷെട്ടി, സുനില്‍, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ശബരീഷ് വര്‍മ, ആദര്‍ശ് മുതലായവരാണ് മറ്റു താരങ്ങള്‍. അഞ്ജന ജയപ്രകാശാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. . ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തില്‍ വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ENGLISH SUMMARY:

Director Vysakh thank audience after the release of Turbo