malayalam-movies-gross-collection-1000-crore

ബോളിവുഡ്. തെലുങ്ക്, തമിഴ് സിനിമകള്‍ വിജയം തേടി അലയുമ്പോള്‍ തുടര്‍ച്ചയായ ഹിറ്റുകളിലൂടെ പുതിയ കോടി കിലുക്കം അണിയുകയാണ് മലയാള സിനിമ. 2024 ല്‍ അഞ്ച് മാസം പിന്നിടുമ്പോള്‍ നിരവധി ഹിറ്റുകള്‍ പിറന്ന മലയാള സിനിമകളുടെ ലോകമെമ്പാടുമുള്ള കളക്ഷന്‍ 1,000 കോടി രൂപ പിന്നട്ടു. ആകെ വരുമാനത്തിന്‍റെ 55 ശതമാനവും സമ്മാനിച്ചതാകട്ടെ മൂന്ന് സിനിമകളും. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവ 551 കോടി രൂപയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി. 

മഞ്ഞുമ്മല്‍ ബോയ്സ് 240.94 കോടി രൂപ കലക്ഷന്‍ നേടി ഒന്നമതാണ്. ആടു ജീവിതം 157.44 കോടി രൂപയും ആവേശം 153.52 കോടി രൂപയുമാണ്  നേടിയത്. ഇതടക്കം 2024 ഏപ്രില്‍ മാസാവസാനം വരെ 985 കോടി രൂപയാണ് മലയാള സിനിമ വാരിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിപിന്‍ദാസ് സംവിധാനം െചയ്ത പൃഥിരാജ് ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷന്‍ കണക്ക് കൂടി ചേരുമ്പോഴാണ് 1,000 കോടി കടക്കുന്നത്. വിപിന്‍ദാസ് ചിത്രത്തിന്‍റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്. 

2024 ല്‍ ഇന്ത്യന്‍ സിനിമയുടെ ആകെ കളക്ഷന്‍റെ 20 ശതമാനം ഇതുവരെ മലയാളം സിനിമയില്‍ നിന്നാണ്. അതേസമയം ബോളിവുഡിന്‍റെ സംഭാവന 38 ശതമാനം മാത്രമാണ്. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്ത് ചിത്രങ്ങളിൽ അഞ്ചെണ്ണം, മഞ്ഞുമ്മേൽ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു, ബ്രഹ്മയുഗം പുറത്തിറങ്ങിയതും 2024 ലാണ്. 2023 ല്‍ 500 കോടി രൂപയാണ് മലയാള സിനിമയുടെ ആകെ കളക്ഷന്‍. 2018, കണ്ണൂര്‍ സ്ക്വാഡ്, ആര്‍ഡിഎക്സ്, നേര്, രോമാഞ്ചം എന്ന സിനിമകളാണ് 2023 ല്‍ പണം വാരിയത്.