അന്‍പത് ദിവസം പിന്നിടുമ്പോഴും പൃഥ്വിരാജ്–ബ്ലസി ടീമിന്‍റെ ‘ആടുജീവിതം’ തിയറ്ററുകളില്‍ ഹൗസ്ഫുള്‍. നൂറ് തിയറ്ററുകളിലാണ് ചിത്രം അൻപത് ദിവസം പിന്നിട്ടിരിക്കുന്നത്. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സ്ഓഫിസ് വിജയവും ഒരേപോലെ കൈവരിക്കാന്‍ കഴിഞ്ഞ ചുരുക്കം ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ആടുജീവിതം. വെറും ഒൻപത് ദിവസംകൊണ്ട് ചിത്രം ആഗോളകളക്ഷനിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം. 2018 ആണ് 100 കോടി കളക്ഷൻ നേടിയ വേഗതയിൽ ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ് എന്നിവ പന്ത്രണ്ടും പ്രേമലു മുപ്പത്തൊന്നും പുലിമുരുകൻ മുപ്പത്താറ് ദിവസവുമെടുത്താണ് 100 കോടി ക്ലബിലേക്കെത്തിയത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ ആടുജീവിതത്തിൽ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.