തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ ഡ്രസിങ് സ്റ്റൈല് വീണ്ടും ചര്ച്ചയായിരിക്കുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോള് കടുത്ത നിറത്തിലുള്ള ഷര്ട്ട് ധരിച്ച് മുഖ്യമന്ത്രി വിജയ് വന്നതിനെതിരെ പലരും ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതോടെയാണ് വിജയ്യുടെ വസ്ത്രധാരണം വീണ്ടും ലൈംലൈറ്റിലേക്കെത്തിയത്.
വെളുത്ത ഷര്ട്ടിന്റെ പുറത്ത് കറുത്ത കോട്ട്, കൂടെ കറുത്ത പാന്റ്സ്. ഇതായിയിരുന്നു സര്ക്കാര് അധികാരത്തിലെത്തി സത്യപ്രതിജ്ഞ ദിനത്തിലെ വിജയ് ധരിച്ച വേഷം. തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരുടെ പതിവ് ശൈലി ബ്രേക്ക് ചെയ്യുന്നതായിരുന്നു ജോസഫ് വിജയ്യുടെ സിഎം സ്റ്റൈല്. പിന്നീടങ്ങോട്ടും കോട്ടും സ്യൂട്ടും തുടര്ന്നെങ്കിലും പതിയെ കളര്ഫുള് ഷര്ട്ടുകളും ധരിക്കാന് തുടങ്ങി.
കടുത്ത നീല, കറുപ്പ് ഷര്ട്ടുകള് ആദ്യം ഇറക്കി. പിന്നാലെ ലൈറ്റ് ബ്ലൂ , ഗ്രേ തുടങ്ങിയ കളറുകളുമായി കൂള് ബോയ് ലുക്ക് പിടിച്ചു മുഖ്യമന്ത്രിാണെങ്കില് വെള്ളിയാഴ്ച സിഎം ലുക്കൊന്ന് മാറ്റിപ്പിടിക്കും. വെള്ളിയാഴ്ചകളില് മാത്രം സില്ക്ക് ഷര്ട്ടും മുണ്ടും ധരിച്ചാണ് വിജയ് എത്തുക.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോള് കടുംനീല നിറത്തിലെ ഷര്ട്ടാണ് വിജയ് ധരിച്ചത്. ഇത് പ്രധാനമന്ത്രിയെ അവഹേളിക്കാനാണെന്ന തരത്തില് ആക്ഷേപമുയര്ന്നിരുന്നു. എന്നാല്, ആരോപണങ്ങളെ തള്ളി ടിവികെ മന്ത്രി കെ.എ സെങ്കോട്ടയ്യന് രംഗത്തെത്തിയിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് വെള്ള ഷര്ട്ടും ചന്ദന നിറത്തിലുള്ള പാന്റ്സും ധരിച്ചായിരുന്നു വിജയ്യുടെ ക്യാംപെയിനുകള്. എന്തായാലും രാഷ്ട്രീയത്തില് ഇറങ്ങിയ നാള് മുതലുള്ള വിജയ് സ്റ്റൈലുകള് വെറൈറ്റിയാണ്. തമിഴക രാഷ്ട്രീയത്തില് ഡ്രസിങ് സ്റ്റൈല് കൊണ്ടും തനി വഴിയിലാണ് മുഖ്യമന്ത്രി ജോസഫ് വിജയ്.