ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍റെ ആക്ഷൻ എന്റർടെയ്‌നർ കിങിന്‍റെ റിലീസുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വിരാമമാകുന്നു. ചിത്രം 2027-ലേക്ക് മാറ്റിവെച്ചേക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, മുൻപ് പ്രഖ്യാപിച്ചതുപോലെ 2026 ഡിസംബർ 24-ന് തന്നെ ചിത്രം തിയറ്ററുകളിലെത്തും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന സൂപ്പർതാരം, വർഷത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നിനായാണ് ഒരുങ്ങുന്നത്.
ബോളിവുഡ് ഹംഗാമ യുടെ റിപ്പോർട്ട് പ്രകാരം, ജനുവരിയിൽ പുറത്തിറക്കിയ പ്രത്യേക അനൗൺസ്‌മെന്റ് വിഡിയോയിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആ പദ്ധതികളിൽ ഇതുവരെ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ സമീപകാലത്തെ ഏറ്റവും കടുത്ത മത്സരമുള്ള റിലീസ് സീസണുകളിലൊന്നായി ഈ ക്രിസ്മസ് മാറും. 'അവഞ്ചേഴ്സ്: ഡൂംസ്ഡേ', 'ഡ്യൂൺ: പാർട്ട് ത്രീ', 'ജുമാഞ്ചി: ഓപ്പൺ വേൾഡ്' എന്നീ വമ്പൻ ഹോളിവുഡ് ചിത്രങ്ങൾ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിലായിരിക്കും 'കിങ്' തിയറ്ററുകളിലെത്തുക.
ഇന്ത്യയിലെ മാർവൽ ഫ്രാഞ്ചൈസിയുടെ വലിയ ആരാധകവൃന്ദം കണക്കിലെടുക്കുമ്പോൾ, ഇവയിൽ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' ആയിരിക്കും ഏറ്റവും വലിയ വെല്ലുവിളി ഉയർത്താൻ സാധ്യത. 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയ്ക്ക് ലഭിച്ച മികച്ച പ്രതികരണം, ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ സൂപ്പർഹീറോ ചിത്രങ്ങൾക്കുള്ള സ്വീകാര്യത വീണ്ടും തെളിയിച്ചിട്ടുണ്ട്. അതേസമയം, 'ഡ്യൂൺ: പാർട്ട് ത്രീ' ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നതെങ്കിലും, വർധിച്ചുവരുന്ന ജനപ്രീതിയും പ്രതീക്ഷിക്കുന്ന ഐമാക്സ് റിലീസും ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് സാധ്യതകൾ ശക്തമാക്കും. മുൻഭാഗങ്ങളുടെ വിജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് 'ജുമാഞ്ചി: ഓപ്പൺ വേൾഡ്' മത്സരരംഗത്തുള്ളത്. ഇന്ത്യയിലും മികച്ച വിജയം നേടിയ ഫ്രാഞ്ചൈസിയാണ് ഇത്.
അതേസമയം, ഷാരൂഖ് ഖാന്‍റെ വൻ ജനപ്രീതിയും ഹിന്ദി ഭാഷാ ചിത്രമെന്ന നിലയിലുള്ള സ്വീകാര്യതയും കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ കിങിന് വലിയ മുൻതൂക്കമുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഷാരൂഖ് ഖാന്‍റെ ആഗോള ജനപ്രീതിയും രാജ്യാന്തര വിതരണക്കാരുടെ പിന്തുണയും കാരണം വിദേശ വിപണിയിലും 'കിങ്' മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് റിപ്പോർട്ടുകൾ. വിദേശ വിപണിയിൽ ഏറ്റവും വലിയ ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. കൂടാതെ, യാഷ് രാജ് ഫിലിംസ് ആണ് കിങിന്‍റെ രാജ്യാന്തര വിതരണം ഏറ്റെടുത്തിരിക്കുന്നത്.
സിനിമാ രംഗത്തെ പ്രമുഖരുടെ അഭിപ്രായത്തിൽ, 'കിങ്' 2027-ലേക്ക് മാറ്റിയാലും റിലീസ് കലണ്ടർ തിങ്ങിനിറഞ്ഞുനിൽക്കുന്നതിനാൽ സമാനമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേനേ. 'ലവ് & വാർ' ജനുവരി 21-നും, 'സ്പിരിറ്റ്' മാർച്ച് 5-നും, 'വാരാണസി' ഏപ്രിൽ 7-നും റിലീസിനൊരുങ്ങുന്ന വമ്പൻ ചിത്രങ്ങളാണ്. ക്രിസ്മസിന് എത്തുന്നതിലൂടെ കിങിന് തുടക്കത്തിൽ സ്‌ക്രീനുകൾ പങ്കിടേണ്ടി വന്നേക്കാമെങ്കിലും, റിപ്പബ്ലിക് ദിനം വരെ മറ്റ് വലിയ റിലീസുകളുടെ മത്സരം നേരിടേണ്ടി വരില്ല എന്നത് ചിത്രത്തിന്‍റെ അനുകൂല ഘടകമാണ്. പ്രതീക്ഷിച്ചതുപോലെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചാൽ, 'കിങ്' വമ്പൻ ബോക്സ് ഓഫീസ് വിജയമാകാനും സാധ്യതയുണ്ട്.