babu

എൺപതുകളുടെ തുടക്കം. കോട്ടയത്തെ പൊൻകുന്നത്തു നിന്ന് ഒരു ചെറുപ്പക്കാരന്‍ സിനിമാ സ്വപ്നവുമായി മദ്രാസിലെത്തുന്നു, നീട്ടിയ തലമുടിയും ആറടി പൊക്കവും സ്റ്റൈലിഷ് ലുക്കുമായി ആ ചെറുപ്പക്കാരന്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സിനിമ മാത്രം സ്വപ്നം കണ്ട ആ ചെറുപ്പക്കാരന്‍ പല വാതിലും മുട്ടി. ഒരുപാട് അല‌ഞ്ഞു, അങ്ങനെയിരിക്കെ ഒരുനാള്‍ ആ ചെറുപ്പക്കാരന്‍ സംവിധായകന്‍ ഭരതന്‍റെ വീട്ടിലേക്ക്  ചെല്ലുന്നു, താടി തടവി എന്തോ ആലോചിച്ചിരുന്ന ഭരതന്‍, തന്‍റെ മുന്നില്‍ നില്‍ക്കുന്നയാളെ അടിമുടി നോക്കി. എന്നിട്ടു ചോദിച്ചു. ‘നീ എവിടുന്നാ..?’  സിനിമ സ്വപ്നം കണ്ട് വന്നതാണെന്ന് പറഞ്ഞ്  കുറച്ചു ചിത്രങ്ങള്‍ കാണിച്ചു. ‘കൊള്ളാമല്ലോ. ഒരു പത്തു ദിവസം കഴിഞ്ഞു വാ.’ എന്ന്  ഭരതന്‍റെ മറുപടി. ആ  പത്തു ദിവസം  ഒന്നു വേഗം കഴിയാന്‍ അയാള്‍ കാത്തിരുന്നു, അങ്ങനെ വീണ്ടും  ഭരതന്‍റെ അടുത്തേക്ക്, 1500 രൂപ അഡ്വാൻസായി കയ്യിൽ വച്ചുകൊടുത്തിട്ട് ഭരതന്‍ പറഞ്ഞു: നീ ആണ് എന്‍റെ പുതിയ ചിത്രത്തിലെ വില്ലന്‍. അങ്ങനെ ഭരതന്‍റെ ചിലമ്പിലൂടെ സ്വപ്നം കണ്ട വെള്ളിത്തിരയിലേക്ക് ആദ്യ അരങ്ങേറ്റം. വില്ലനായി തുടങ്ങി പല കടമ്പകളും വേഷങ്ങളും കടന്ന് ഒരുനാള്‍ നായക പദവിയില്‍. ആക്ഷന്‍ രംഗങ്ങളിലെ അയാളുടെ കയ്യടക്കം കണ്ട ആരാധകര്‍ ഒരു പേരും ചാര്‍ത്തി കൊടുത്തു, മലയാളത്തിന്റെ ബ്രൂസ് ലീ, അതെ, കരാട്ടേ കിക്കുകള്‍ കൊണ്ടും അസാമാന്യമായ മെയ്‌‌വഴക്കം കൊണ്ടും ഞെട്ടിച്ച പൊൻകുന്നത്തുകാരന്‍ ബാബു ആന്‍റണി.

 

മീശ പിരിച്ചും തോക്ക് ചൂണ്ടി അട്ടഹസിച്ചും വിറപ്പിച്ചിരുന്ന വില്ലമാരുടെ ഇടയിലേക്കായിരുന്നു അയാളുടെ വരവ്. വെള്ള വട്ടക്കഴുത്ത് ബനിയനും ഇന്‍സേര്‍ട്ട് പാന്‍റും ഇട്ട് റഹ്മാന്‍റെ മുന്നില്‍ കരാട്ടേ സ്റ്റെപ്പുകള്‍ വയ്ക്കുന്ന പ്രതിനായകനെ തുടക്കക്കാരന്‍റെ പതര്‍ച്ചകളില്ലാതെ ബാബു ആന്‍റണി അവതരിപ്പിച്ചു. ബാബു ആന്റണിയെപ്പോലെ സവിശേഷമായ ലുക്കുള്ള, വില്ലൻ വേഷം ചെയ്യാൻ പറ്റിയ ഒരു യുവ നടൻ മലയാളത്തിൽ അന്ന് വേറെയില്ല. ഭരതന്റെ അടുത്ത ചിത്രമായ പ്രയാണത്തിലും ഒരു വേഷം കൊടുത്തു. അതോടെ ബാബു ആന്റണി എന്ന പുതിയ വില്ലനെ സിനിമാലോകം ശ്രദ്ധിക്കാൻ തുടങ്ങി.  ഫാസിലിന്റെ ‘പൂവിന് പുതിയ പൂന്തെന്ന'ലെന്ന സിനിമയിലെ വില്ലന്‍ വേഷമാണ് കരിയര്‍ മാറ്റി മറിച്ചത്.  ഒറ്റ ഡയലോഗ് മാത്രമുള്ള വില്ലന്‍ അന്നത്തെ തലമുറയുടെ ഉറക്കം കെടുത്തി. പൂവിന് പുതിയ പൂന്തെന്നൽ ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും റിമേക്ക് ചെയ്തപ്പോൾ  ആ നാല് ഭാഷയിലും രഞ്ജിത്  എന്ന കഥാപാത്രം ചെയ്തത് ബാബു ആന്റണി തന്നെ. ആ കാലഘട്ടത്തില്‍ വില്ലനിസത്തിന് പുതിയ ഭാവം പകരുകയായിരുന്നു ബാബു ആന്‍റണി. പതിയെ സംസാരിച്ച്, ആക്ഷനിലെത്തുമ്പോള്‍ ത്രസിപ്പിക്കുന്ന പ്രകടനം.   അന്നോളം സിനിമ പരിചയിച്ചിട്ടില്ലാത്ത, തന്റേതു മാത്രമായ മാനറിസങ്ങളിലൂടെ കാഴ്ചക്കാരെ കയ്യടിപ്പിച്ച സാന്നിദ്ധ്യം. ആ ആക്ഷന്‍ രംഗങ്ങള്‍ കാണാന്‍ കാഴ്ചക്കാര്‍ കാത്തിരുന്ന കാലം. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി  ബാബു ആൻ്റണി മാറി.  മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളില്‍ പിന്നെ നായകപദവിയിലേക്കുള്ള പ്രയാണമായിരുന്നു.  

 

മുടിയും താടിയും നീട്ടി വളര്‍ത്തി, ബാഗി ജീന്‍സും ടീ ഷര്‍ട്ടും അതിനുമുകളില്‍ തുറന്ന ഷര്‍ട്ടുമിട്ട് ബാബു ആന്റണി നിവര്‍ന്നു നിന്നപ്പോള്‍ അത് യുവത്വത്തിന്റെ കയ്യടികളില്‍ മുങ്ങി.  ജാക്കി ജാനും ജെറ്റ്ലിയും അരങ്ങുവാണ ആക്ഷന്‍ സിനിമയുടെ തിരശ്ശീലയില്‍ മലയാളത്തിന്റെ ചങ്കൂറ്റത്തിന്റെ പേരായി ബാബു ആന്റണി.      ആ സ്റ്റൈല്‍ അനുകരിക്കാന്‍ ശ്രമിച്ച്  ക്ലാസ് റൂമില്‍ നിന്ന് പുറത്തായ, വീട്ടില്‍ നിന്ന് വഴക്കു കേട്ട വലിയൊരു തലമുറ ഇന്നും തെണ്ണൂറുകളിലെ നൊസ്റ്റാള്‍ജിയ ഫീലാണ്. ബാബു ആന്‍റണിയെ കണ്ട് കരോട്ട പഠിച്ച എത്രയെത്ര പേര്‍.  ഇന്റെർവെല്ലിന് തൊട്ട് മുൻപ്, അല്ലെങ്കിൽ ഇന്റെർവെല്ലിന് ശേഷം ഒരു കിടിലൻ ഇൻട്രോയിലൂടെ ആ കഥാപാത്രം അവതരിക്കും.  അതോടെ രോമാഞ്ചം ഹൈ ലെവലിലായ കാലം.  അന്ന് മറ്റൊരു നടനും തരാത്ത ആരവവും ആവേശമായിരുന്നു അത്. അന്ന്  തിയറ്ററില്‍ മുഴങ്ങിയ ഫിസിലടിക്ക് കയ്യും കണക്കുമില്ല,

 

മിഴിനീർ പൂവുകൾ, മൂന്നാംമുറ, ദൗത്യം, ജാഗ്രത, കവചം, വ്യൂഹം, കൗരവർ, മാഫിയ തുടങ്ങിയ സിനിമകളിലൂടെ ബാബു ആന്‍റണി നിറസാന്നിധ്യമായി. 1988 ൽ ഭരതനെടുത്ത വൈശാലിയിലെ ലോമപാദ രാജാവിന്റെ വേഷം ആ കരിയറില്‍ വഴിത്തിരിവായി. വില്ലന്‍ വേഷത്തില്‍ നിന്ന് സ്വഭാവ കഥാപാത്രങ്ങളിലേക്കുള്ള  ചുവടുവയ്പായിരുന്നു അത്.  1993 ൽ ഉപ്പുകണ്ടം ബ്രദേഴ്‌സിലെ നായകതുല്യ കഥാപാത്രത്തിയപ്പോഴേക്കും മലയാളത്തിൽ ബാബു ആന്റണിയുടെ ഒറിജിനൽ മാർഷൽ ആർട്സ് ആക്ഷൻ യുവാക്കൾക്കിടയിൽ തരംഗമായി മാറിയിരുന്നു. പിന്നെ നായകനായുള്ള പടയാട്ടമായിരുന്നു. ചെറുവേഷങ്ങളില്‍ ഇടികൊണ്ടും കൊടുത്തും ജീവിച്ചൊരു നടന്‍ മലയാളത്തിന്റെ ബോക്സോഫീസില്‍ കിലുക്കങ്ങള്‍ കേള്‍പ്പിച്ച ഏതാനും വര്‍ഷങ്ങള്‍.

 

നെപ്പോളിയൻ, രാജധാനി, കമ്പോളം, കടൽ, ദാദ , ഭരണകൂടം, ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ്, രാജകീയം, ചന്ത, ബോക്സർ... മലയാളത്തില്‍ പുതിയ നായക സങ്കല്‍പം നിറഞ്ഞാടിയ സിനിമകള്‍.  ഒരു തലമുറയെ ഒന്നാകെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ബാബു ആന്‍റണി ഞെട്ടിച്ചു. കടലും ചന്തയും ദാദയുമൊക്കെ ആക്ഷനപ്പുറം കുടുംബത്തിന്റെയും കണ്ണീരിന്റെയും കൂടി കഥകള്‍ പറഞ്ഞു. സ്വന്തമായി ഫാന്‍ബേസ് വളര്‍ത്തിയെടുത്തു ഈ സിനിമകളിലൂടെ ബാബു ആന്റണി.  

 

എന്നാല്‍ കാലമധികം നീണ്ടില്ല ആ കയ്യടിക്കാലം.  കരിയറിലെ തിരിച്ചടികള്‍ ബാബു ആന്‍റണിയെയും ബാധിച്ചു. കൈ നിറയെ സിനിമകള്‍ ഉണ്ടായിരുന്ന കാലത്ത് വന്ന ഇടവേള സൂപ്പര്‍ താര പതവി വരെ എത്തേണ്ടിരുന്ന ആ കുതിപ്പിന് കടിഞ്ഞാണിട്ടു. പിന്നെ മലയാളി കണ്ടത്  ഇടക്കിടെ  മാത്രം വന്നു മുഖം കാണിച്ചു മടങ്ങുന്ന ബാബു ആന്‍റണിയെയാണ്. വല്ലപ്പോഴും തമിഴിലും തെലുങ്കിലുമായി കുറച്ച് ക്യാരക്ടര്‍ റോളുകള്‍. അങ്ങനെയിരിക്കെ,   ആഷിഖ് അബു  ഇടുക്കി ഗോള്‍ഡിലൂടെ ആ നെസ്റ്റാളജിക് ഫീലുളവാക്കുന്ന ബാബു ആന്‍റണിയെ തിരികെയെത്തിച്ചു.  എസ്ര, കായകുളം കൊച്ചുണ്ണി അടക്കമുള്ള സിനിമയിലൂടെ ബാബു ആന്‍റണി വീണ്ടും ത്രസിപ്പിച്ചു.   മദനോത്സവത്തിലൂടെ കോമഡി ട്രാക്കിലെത്തിയ ബാബു ആന്‍റണിക്കും കയ്യടി കിട്ടി.

 

വൈശാലി'​യിലെ ലോമപാദ രാജാവ്, 'യുഗപുരുഷനി'​ലെ അയ്യ​ൻകാ​ളി, 'കായംകുളം കൊച്ചുണ്ണി'​യി​ലെ കളരി ഗുരുക്കള്‍, പൊന്നിയിന്‍ സെല്‍വത്തിലെ കഥാപാത്രം.. ഇങ്ങനെ തന്നിലെ നടനെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങളും ആ കരിയറില്‍ അങ്ങിങ്ങ് കാണാം. രണ്ടര മണിക്കൂർ സിനിമയുടെ അവസാന 40 മിനിറ്റിൽ മാത്രം വന്ന് സംഹാരതാണ്ഡവം നടത്തിയ ഒരു കഥാപാത്രവുമുണ്ട് അദ്ദേഹത്തിന്.  ആറടി മൂന്നിഞ്ചിൽ ഒരു രാക്ഷസകഥാപാത്രമായി എത്തുന്ന ഉത്തമനിലെ പുലിമുറ്റത്ത് സണ്ണി, നായകന് അപ്പുറം കയ്യടി നേടിയ വില്ലന്‍.

 

നല്ല വേഷങ്ങളുടെ അഭാവം നന്നായി ബാധിച്ച നടന്‍ തന്നെയാണ് ബാബു ആന്‍റണി. തിരഞ്ഞെടുപ്പിലെ പാളിച്ചകളും ആ കരിയറില്‍ തെളിഞ്ഞുകാണാം. ഏതായാലും ഇന്നിപ്പോള്‍,  തിയറ്ററില്‍ നിറഞ്ഞോടുകയാണ് RDX. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍. അഞ്ചു മിനിറ്റില്‍ മാത്രം താഴെയുള്ള സീനില്‍ ഈ മനുഷ്യന്‍ ഒന്ന് ആറാടുന്നുണ്ട്.  പൊടി പാറുന്ന തകര്‍പ്പന്‍ അടി. പിന്നെ തീയറ്റര്‍ ഒരു പൂരപ്പറമ്പാണ്.  ആവേശത്തിന്‍റെ , ആര്‍പ്പു വിളികളുടെ , കയ്യടികളുടെ മുഴക്കം.  തൊണ്ണൂറുകളിലെ അതേ ആവേശം.  ബാബു ആന്റണിയുടെ തിരകാലം ഇനിയും ബാക്കി കിടക്കുകയാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു ഈ കയ്യടികള്‍  

 

 തിരിച്ചുവരവിന്‍റെ പാതയിലാണ് ബാബു ആന്‍റണി, തൊണ്ണൂറുകളിലെ ആ ത്രസിപ്പിച്ച കൗമാരകാലമല്ല  ഇന്നെന്ന ബോധ്യം ബാബു ആന്‍റണിക്ക് നന്നായുണ്ട്. പുതിയ വരവിലെ വേഷങ്ങളിലെല്ലാം ആ പുതുമ കാണാനുണ്ട്. ഒപ്പം കൈ നിറയെ സിനിമകളും. ലോകേഷ് –വിജയ് ടീമിന്‍റെ ലിയോ ആണ് അതില്‍ മുന്നില്‍. മുപ്പത്തിയാറ് വർഷങ്ങൾ പിന്നിട്ട സിനിമാ ജീവിതം.   ആയോധനകലയുടെ വഴക്കവുമായി,  അതുവരെയുണ്ടായിരുന്ന നായക,  പ്രതിനായക ഇമേജിന് പുതിയ മാനം നല്‍കിയ ബാബു ആന്‍റണി ഇന്നുമൊരു ഫെയ്രിമില്‍ വന്നു നിന്നാല്‍ ആനച്ചന്തം തന്നെയാണ്.  വീണ്ടും കയ്യടിപ്പിക്കുന്ന ബാബു ആന്‍റണി കാലം വരട്ടെ. അടിപ്പടങ്ങളിലും ജീവിതം തെളിയുന്ന കാലമാണ്. തൊണ്ണൂറുകളിലെ പഴയ ആക്ഷന്‍ കിങ്ങിന് തിരിച്ചുവരവ് നടത്താന്‍ ഇതിലും നല്ലൊരു കാലം വേറെ ഏതാണ്..?