പോര്‍മുഖത്ത് ഒരുമിച്ചണി നിരക്കുന്ന സൈനികര്‍. അവര്‍ക്ക് ഒരേ ലക്ഷ്യം. ഒരേ ശത്രു. ഒരേ ദൗത്യം. എന്നാല്‍ അവരില്‍ ചിലര്‍ വീരമൃത്യുവരിച്ചാല്‍ അല്ലെങ്കില്‍ പരുക്കു പറ്റിയാല്‍ മറ്റു ചിലര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ കിട്ടില്ല. അഗ്നിവീറുകളായവര്‍ക്കാണ് ഈ ദുര്‍ഗതി. പട്ടാള റിക്രൂട്മെന്‍റില്‍ അടിമുടിമാറ്റവുമായാണ് അഗ്നിപഥ് വന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും അഗ്നിവീറുകളുടെ മരണങ്ങള്‍ക്കും ശേഷം പദ്ധതി പിന്‍വലിക്കണമെന്നും പൊളിച്ചുപണിയണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തം. എന്തുകൊണ്ടാണ് അങ്ങനെയൊരാവശ്യം?
ആദ്യം അഗ്നിപഥ് പദ്ധതിയുടെ ഇപ്പോഴത്തെ നില നോക്കാം. 2022 ജൂണ്‍ 14 നാണ് പദ്ധതി നിലവില്‍ വന്നത്. 40,000 പേര്‍ വീതമുള്ള രണ്ട് ബാച്ച് അഗ്നിവീറുകള്‍ , അതായത് 80,000 പേര്‍ നിലവില്‍ ആര്‍മിയിലുണ്ട്. നേവിയില്‍ 7,383 പേരുടെ മൂന്നു ബാച്ചുകളും വ്യോമസേനയില്‍ 4,955 പേരും .ഘട്ടം ഘട്ടമായി അഗ്നിവീറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ് പ്ലാന്‍. ആദ്യ നാലുവര്‍ഷം 46,000 പേര്‍ വീതം .അഞ്ചാം വര്‍ഷം 90,000 പേരെ എടുക്കും. ആറാം വര്‍ഷം മുതല്‍ 1,25,00 പേര്‍. അങ്ങനെയാണ് വര്‍ധന . സെപ്തംബര്‍ 2023 നാണ് ആദ്യ ബാച്ചിനെ ആറു മാസത്തെ പരിശീലനത്തിന് ശേഷം പോസ്റ്റു ചെയ്തത്.
ഒറ്റനോട്ടത്തിൽ അഗ്നിപഥ് ഇങ്ങനെയാണ് –17.5 നും 21 നും ഇടക്ക് പ്രായമുള്ളവരെ തിരഞ്ഞെടുക്കും. സേവന കാലാവധി 4 വർഷം. ആദ്യവർഷം ശമ്പളം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. സേനകളിലെ സ്ഥിരനിയമനക്കാർക്കുള്ളതിനു സമാനമായ റിസ്ക് അലവൻസ് ലഭിക്കും. 4 വർഷ കാലയളവിൽ മികവു തെളിയിക്കുന്ന 25% പേർക്കു സ്ഥിരനിയമനം. അപ്പോള്‍ ബാക്കി 75 ശതമാനം പേരോ?
അവര്‍ക്ക് പ്രതിരോധ മന്ത്രാലയം, സിആര്‍പിഎഫ്, അസം റൈഫിൾസ് എന്നിവയിലെ ഒഴിവുകളിൽ 10% സംവരണം നൽകും. തുടർപഠനത്തിനുള്ള അഡ്മിഷൻ സഹായം ഉള്‍പ്പെടെയുള്ള പരിഗണനകള്‍ ലഭിക്കും.
സാധാരണ സൈനികനുമായി ഒരു അഗ്നിവീറിന് ഒരുപാട് വ്യത്യാസങ്ങളുണ്ട്. അതിങ്ങനെയാണ്:
അഗ്നിവീറിന്‍റെ സേവന കാലാവധി 4 വര്‍ഷമാണെങ്കില്‍ സാധാരണ സൈനികന് 15 മുതൽ 20 വർഷംവരെ . പ്രാഗല്‍ഭ്യം തെളിയിക്കുന്നവര്‍ക്ക് സുബേദാർ മേജർ പദവി വരെ എത്തുകയും ചെയ്യാം. വാര്‍ഷിക ആവധി 30 ദിവസം മാത്രമാണ്. സാധാരണ സൈനികന് 90 ദിവസവും. അഗ്നിവീറിന് പെന്‍ഷനില്ല. ഒറ്റത്തവണയായി 11.71 ലക്ഷം രൂപ വിരമിക്കുമ്പോള്‍ കിട്ടും. അതേസമയം , ആജീവനാന്ത പെന്‍ഷനാണ് സാധാരണ സൈനികന്. വിരമിച്ച അഗ്നിവീറിന് മറ്റു ജോലികളില്‍ മുന്‍ഗണന വാഗ്ദാനം ചെയ്യുന്നു. സാധാരണ പട്ടാളക്കാരനായി ആര്‍മി വെല്‍ഫയര്‍ പ്ലേസ്മെന്‍റ് ഓര്‍ഗനൈസേഷന്‍ എന്ന ഏജന്‍സിയുണ്ട്. ഈ ഏജന്‍സി വിരമിച്ച സൈനികന് ജോലി കണ്ടെത്താന്‍ സഹായിക്കുന്നു. വിധവകള്‍ക്കും കുട്ടികള്‍ക്കും ഈ സേവനം കിട്ടും
ജോലിക്കിടെ മരിച്ച ആദ്യ അഗ്നിവീറായ അക്ഷയ് ലക്ഷമണ്‍ ഗാവടെയാണ് ഏറ്റവും പുതിയ വിവാദങ്ങള്‍ക്ക് കാരണക്കാരന്‍. 22 വയസ്സേ ഉള്ളു അക്ഷയ്ക്ക്. സിയാചിന്‍ മലനിരകളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണമായിരുന്നു മരണം. 2023 ഒക്ടോബറില്‍. അക്ഷയെപ്പോലെ സേവനത്തിനിടെ മരിക്കുന്ന അഗ്നിവീറിന് ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക കിട്ടും. ബാക്കിയുള്ള കാലയളവിലെ മുഴുവൻ ശമ്പളവും സേവാനിധി തുകയും അടുത്ത കുടുംബാംഗത്തിനു നൽകും.
അക്ഷയ് ലക്ഷമണ്‍ സാധാരണ സൈനികന്‍ ആയിരുന്നെങ്കില്‍ 50 ലക്ഷം ഇന്‍ഷുറന്‍സും 35–45 ലക്ഷം എക്സ് ഗ്രേഷ്യയായും ഗ്രാറ്റുവിറ്റി വേറെയും കിട്ടുമായിരുന്നു. കൂടാതെ വിധവയ്ക്കോ മാതാപിതാക്കള്‍ക്കോ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍, ആരോഗ്യ സേവനം, ക്യാന്‍റീന്‍ സൗകര്യം എന്നിവയും. മക്കള്‍ക്ക് ബിരുദപഠന വരെ സൗജന്യം. മെഡിക്കല്‍ –എന്‍ജിനിയറിങ് എന്‍ട്രന്‍സ് പാസായാല്‍ ഫീസ് പ്രതിരോധ വകുപ്പ് നല്‍കും.
സേവനത്തിനിടെ അഗ്നിവീറിന് അംഗഭംഗം സംഭവിച്ചാൽ പരുക്കിന്‍റെ ഗൗരവമനുസരിച്ച് 44 ലക്ഷം രൂപ വരെ സാമ്പത്തികസഹായം. സേവനകാലയളവിലെ ബാക്കി ശമ്പളവും സേവാനിധിയും ലഭിക്കും. എന്നാല്‍ സാധാരണ സൈനികന്‍ ആണെങ്കില്‍ ജീവിതകാലം മുഴുവന്‍ ചികില്‍സ പെന്‍ഷന്‍ , ടാക്സ് ഇല്ലാത്ത പ്രത്യേക പെന്‍ഷന്‍. ഇങ്ങനെ ഒരേ ജോലി ചെയ്യുമ്പോളും വ്യത്യസ്ത വേതന– ആനുകൂല്യ വ്യവസ്ഥകളാണ് സൈന്യത്തിലെ അവസ്ഥ. ഉറപ്പുള്ള സേവനം നാലുവര്‍ഷം മാത്രം ആയതിനാല്‍ സാങ്കേതിക പരിശീനമോ പ്രത്യേക കോഴ്സുകള്‍ക്കോ അയക്കാനാവില്ല.
രണ്ട് ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്കു പിന്നിലുണ്ടായിരുന്നത്. ഒന്ന്, സൈനികരുടെ ശരാശരി പ്രായം കുറയ്ക്കുക. രണ്ട്, വർധിച്ചുവരുന്ന സൈനിക പെൻഷൻ ചെലവു വെട്ടിക്കുറയ്ക്കുക. ഇത് രണ്ടും നേടാനുമായിട്ടുണ്ട്. നിലവിൽ 32 വയസ്സാണ് ഇന്ത്യൻ സേനയുടെ ശരാശരി പ്രായം. അഗ്നിപഥ് പദ്ധതി നടപ്പാകുന്നതോടെ 5 വർഷത്തിനുള്ളിൽ സേനയുടെ ശരാശരി പ്രായം 26 ആകുമെന്നാണു കണക്കാക്കുന്നത്. ഇനി ചെലവ്. ആകെ സൈനികചെലവിന്റെ നാലിലൊന്ന് നിലവിൽ പെൻഷനു നീക്കിവയ്ക്കുകയാണ്. അഗ്നിവീറുകള്‍ക്ക് പെന്‍ഷന്‍ വേണ്ടാത്ത കാരണം ലാഭമാകുന്ന പണം ആയുധം വാങ്ങാനും ആധുനിക സാങ്കേതിക വിദ്യ സ്വീകരിക്കാനും കഴിയും എന്നതും ശരിയാണ്. സേനയില്‍ തുടരണമെങ്കില്‍ മികച്ച പ്രകടനം നടത്തി നാലിലൊന്നില്‍ ഇടംപിടിക്കണം എന്ന ചിന്ത അഗ്നിവീറുകള്‍ക്കിടയില്‍ മല്‍സര ബുദ്ധിയുണ്ടാക്കിയിട്ടുണ്ടെന്നും നന്നായി ജോലി ചെയ്യാന്‍ ഇത് സഹായിക്കുമെന്നും കരുതുന്നവരുണ്ട്.
എന്നാല്‍ ഇതിലധികമാണ് അഗ്നിപഥ് സമ്പ്രദായത്തിനെതിരേ വരുന്ന വിമര്‍ശനങ്ങള്‍. ഒന്നാമതായി , ആദ്യം പറഞ്ഞ വിവേചനം തന്നെ. ഒരേ സേന. ഒരേ സേവനം. ഒരേ ത്യാഗം. പക്ഷേ രണ്ടു തരം പരിഗണന. മറ്റൊന്ന് , പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സംവിധാനം മാറ്റുമ്പോള്‍ വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ല എന്നതാണ്. സൈനിക വൃത്തങ്ങളില്‍ തന്നെ മതിയായ ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. പദ്ധതി മൂലമുണ്ടാകാവുന്ന സൈനിക–സാമൂഹികപ്രശ്നങ്ങൾ വേണ്ടത്ര ചര്‍ച്ച ചെയ്തില്ല. പട്ടാളത്തിലെ ജോലി നമ്മള്‍ മലയാളികള്‍ കാണുന്നതുപോലെയല്ല വടക്കേ ഇന്ത്യയില്‍. ഒരാള്‍ക്ക് സൈന്യത്തില്‍ ജോലി കിട്ടിയെന്നാല്‍ ആ കുടുംബം രക്ഷപ്പെട്ടു എന്നാണ്. പെന്‍ഷനും മറ്റാനുകൂല്യങ്ങളും മാത്രമല്ല, സാമൂഹികമായി ആ കുടുംബത്തിന്‍റെ പെരുമയും കൂടും. അഗ്നിവീര്‍ ആകുമ്പോള്‍ അങ്ങനെയല്ല. നാലുവര്‍ഷം കഴിഞ്ഞ് പെൻഷൻ പോലുമില്ലാതെ മടങ്ങിവരേണ്ടി വരുന്ന ജോലിക്ക് പോകുന്ന ആളിനെക്കുറിച്ച് അത്ര മതിപ്പുണ്ടാകില്ല നാട്ടില്‍. ഇതോടെ സൈനികസേവനത്തിലുള്ള യുവാക്കളുടെ താൽപര്യം കുറഞ്ഞിട്ടുണ്ട്. സ്ഥിര സേവനത്തിന് തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയില്ലാത്തയാളായി അയാളെ കാണുന്നത് നല്ല കാര്യമല്ല. ആയുധപരിശീലനം ലഭിച്ച നൂറുകണക്കിനു ചെറുപ്പക്കാർ തൊഴിലില്ലാതെ സമൂഹമധ്യത്തിലേക്ക് എത്തുന്നതു ക്രമസമാധാനപ്രശ്നങ്ങൾക്കും കാരണമാകാം. സേനയുടെ കാര്യക്ഷമതയെക്കുറിച്ച് ആദ്യ ഘട്ടത്തിലെങ്കിലും സംശയങ്ങളുണ്ടാക്കാനും കാരണമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ അഗ്നവീര്‍ ആയുധമാക്കിയിരുന്നു. പഞ്ചാബ് , ഹരിയാന, യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് കിട്ടിയ തിരിച്ചടിക്ക് അഗ്നിപഥ് പദ്ധതിയും ഒരു കാരണമായിരുന്നു. എന്‍ഡിഎ ഘടകക്ഷികളായ ജെഡിയു, എല്‍ജെപി എന്നിവരും പദ്ധതിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നവരാണ്. സംയുക്ത സേനാ മേധാവിയുടെ ഓഫീസ് ഇക്കാര്യത്തില്‍ അവലോകനം നടത്തി വരുന്നതായാണ് വിവരം. മാറ്റങ്ങളെ സംബന്ധിച്ച് ഇപ്പോഴുള്ള നിര്‍ദേശങ്ങള്‍ നോക്കാം.
1. നാലു വര്‍ഷത്തിനു ശേഷം നിലനിര്‍ത്തുന്ന അഗ്നിവീറുകളുടെ എണ്ണം 25 ല്‍ നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തുക
2. വിരമിക്കുന്ന അഗ്നിവീറുകള്‍ക്ക് ജോലി കണ്ടെത്താന്‍ ഏജന്‍സി രൂപീകരിക്കുക
3. പദ്ധതിയുടെ ഇതുവരെയുള്ള ഘട്ടത്തെ പൈലറ്റ് പ്രോജക്ട് ആയി കണ്ട് വിലയിരുത്തിയ ശേഷം മാത്രം മുന്നോട്ടു പോകുക.
4. നാലു വര്‍ഷം എന്നതിനു പകരം മുഴുവന്‍ അഗ്നിവീറുകള്‍ക്കും പ്രവര്‍ത്തിക്കാനാകുന്ന കാലം 7–8 വര്‍ഷത്തേക്ക് നീട്ടുക
5. വിരമിക്കുന്ന അഗ്നിവീറുകളെ അര്‍ധ സൈനിക വിഭാഗങ്ങളില്‍ ജോലിക്കെടുക്കുക
6.മരണം സംഭവിക്കുന്നവരുടെ കാര്യത്തിലെങ്കിലും സാധാരണ സൈനികര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുക
7. ശമ്പളത്തിലും വിടുതൽ തുകയിലും വർധന വരുത്തുക
ഇതില്‍ അർധസൈനിക വിഭാഗങ്ങളിൽ ഉള്‍പ്പെടുത്തണം എന്ന ശുപാര്‍ശ തന്നെ എടുക്കുക. കേട്ടാല്‍ സിപിളായി തോന്നാം. പക്ഷേ സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും പരിശീലനവും ശൈലിയും ആയുധങ്ങളും എല്ലാം വേറെവേറെയാണ്. അതുകൊണ്ട് നാലു കൊല്ലം കഴിഞ്ഞ അഗ്നിവീറിനെ വീണ്ടും പരിശീലിപ്പിക്കേണ്ടി വരും. ഏതായാലും നിലവിലെ നിലയില്‍ അഗ്നിപഥ് തുടരുന്നത് ഗുണം ചെയ്യില്ലെന്ന് പൊതുവില്‍ ധാരണയുണ്ട്. എന്നാല്‍ എങ്ങനെയുള്ള മാറ്റമായിരിക്കും വരുക എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.