എന്താ സാറേ മനസിലായോ; മനസിലാക്കികൊടുത്ത് പൊലീസ്

TVA
SHARE

നാട്ടില്‍ ആകെ തര്‍ക്കങ്ങളാണ്. ഇന്ത്യയിലാണോ ഭാരതത്തിലാണോ നമ്മള്‍ ഇനി അങ്ങോട്ട് താമസിക്കുന്നത് എന്നതാണ് ഒരു തര്‍ക്കം. ഇസ്രയേലാണോ പലസ്തീനാണോ പ്രശ്നക്കാര്‍ എന്നത് മറ്റൊരു പ്രശ്നം. ഇവിടെ നടക്കുന്ന തര്‍ക്കങ്ങള്‍ ഹമാസ് അറിയാതിരുന്നാ മതിയാരുന്നു. ഇതൊക്കെ രാജ്യ, രാജ്യാന്തര തര്‍ക്കങ്ങള്‍. അതൊന്നും പോരാഞ്ഞിട്ടാണ് നാട്ടിലെ ചില തര്‍ക്കങ്ങള്‍ക്കൂടി കയറിവരുന്നത്. നമുക്കിടയില്‍ ഉയരുന്ന അത്തരം പ്രശ്നങ്ങളെ അവഗണിക്കാനും വയ്യല്ലോ. അതുകൊണ്ട് അതെല്ലാം അറ്റന്‍ഡ് ചെയ്യുകയാണ്.  തിരുവാ എതിര്‍വാ തര്‍ക്ക വിതര്‍ക്ക വാരാഘോഷം.

നടന്‍ വിനായകന് വീട്ടില്‍ ഒരു പ്രശ്നമുണ്ടായി. അദ്ദേഹം പൊലീസിനെ വിളിച്ചു. വീട്ടിലെത്തിയ പൊലീസുമായി അദ്ദേഹം തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു. അതില്‍ തൃപ്തനാകാതെ വിനായകന്‍ നായകനായി പൊലീസ് സ്റ്റേഷനിലേയ്ക്ക്. അതിലും വലിയ ശബ്ദത്തിലായിരുന്നു എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍. വര്‍മന്‍ സ്റ്റൈലില്‍ ഡയലോഗുകളുമായി വിനായകന്‍ പൊലീസിനോട് തര്‍ക്കിച്ചു. വിനായകന്‍ പൊലീസിന് ശരിക്കും വെനയായ നായകനായി.  അവസാനം വാദി പ്രതിയായി.  ക്ഷമ നശിച്ച പൊലീസ് അവിടെ കിടന്ന കുറെ വകുപ്പുകളെടുത്ത് വിനായകന് കൊടുത്തു. സ്റ്റേഷനിലേയ്ക്ക് തിരിച്ച വിനായകന്‍റെ മനസിലെ സീന്‍ ഇതായിരുന്നു. എന്നാല്‍ സംഭവിച്ചത് ഇങ്ങനെയാണെന്നുമാത്രം.

സകല വകുപ്പും കൊടുത്തോ പോലീസേ. വന്നുവന്ന് വില്ലന്മാരെ ഒന്നും പേടിയില്ലല്ലേ? വിനായകന്‍ ഇങ്ങനെ കാണിച്ചത് എന്തിനാണെന്ന് പൊതുജനങ്ങള്‍ക്ക് മനസിലായില്ല. പക്ഷേ സജി ചെറിയാന് മനസിലായി.  സിനിമാ നടന്‍റെ പ്രകടനം സിനിമാ മന്ത്രിക്കല്ലേ മനസിലാകൂ. അതും സിനിമാ കാണാത്ത സിനിമാ മന്ത്രിക്ക്.

അപ്പോ വിനായകനും പൊലീസും തമ്മിലുണ്ടായ തര്‍ക്ക വിതര്‍ക്കങ്ങളില്‍ മന്ത്രി സജി ചെറിയാന്‍ ഒരു തീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. സിപിഎമ്മിനെ ചീത്ത വിളിച്ച് താരങ്ങള്‍ ഇറങ്ങുമ്പോളും കലാപ്രവര്‍ത്തനമായി കാണാന്‍ മറക്കരുത്. അപ്പോ ഇനി നമുക്ക് അടുത്ത തര്‍ക്കം തീര്‍ക്കാം. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സിഎമ്മുമായും സിപിഎമ്മുമായും സര്‍ക്കാരുമായും തര്‍ക്കിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യന്‍റെ മകള്‍ക്ക് മാസാമാസം തുകയെത്തിയന്നതായിരുന്നു ആരോപണം. ആ ആരോപണത്തില്‍ മാത്രം നില്‍ക്കാതെ അല്‍പ്പം കൂടി ഡെക്കറേറ്റ് ചെയ്യാന്‍ മാത്യു പോയി. കൈക്കൂലിക്ക് ജിഎസ്ടി അടച്ചോ എന്ന നൈസ് ചോദ്യമാണ് മാത്യു ഉയര്‍ത്തിയത്. അങ്ങനെ അടച്ചിട്ടുണ്ടെങ്കില്‍..? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനോടാണ് കളി!

സംസ്ഥാന സെക്രട്ടറിയേറ്റിനോട് ചോദിച്ചു എന്നതുകൊണ്ടാണോ അതോ നിയമം അറിയുന്നതുകൊണ്ടാണോ ബാലന്‍ സഖാവിന്‍റെ ഈ ചാട്ടം. കഴിഞ്ഞ പിണറായി സര്‍ക്കാരിലായിരുന്നു അങ്ങ് നിയമമന്ത്രി. ഇത് പുതിയ പിണറായി സര്‍ക്കാര്‍ കാലത്തെ കഥയായതിനാലാകും താങ്കള്‍ നീട്ടിയ തെളിവ് മാത്യു വാങ്ങാഞ്ഞത്. അപ്പോ പിന്നെ ഇനി ആര് മറുപടി പറയും? പാര്‍ട്ടി അഥവാ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് വിശദീകരവുമായി വരുമെന്ന പേടി മാത്യുവിനും ഉണ്ടായിരുന്നു എന്നു തോന്നുന്നു. പഠിപ്പിസ്റ്റ് ലുക്കുണ്ടെങ്കിലും ഗോവിന്ദന്‍ മാഷിന്‍റെ ക്ലാസ് താങ്ങാനുള്ള കപ്പാസിറ്റി ഇല്ലാത്തകൊണ്ടാകും കുഴല്‍നാടന്‍ ധനമന്ത്രിക്ക് പ്രസ്തുത വിവരം കാട്ടി കത്തുകൊടുത്തു. എന്നിട്ടും പോകാതെ ദാ അവിടെ ഒരാള്‍. അതെ ബാലേട്ടാ അതാ നല്ലത്. അല്ല ഈ വിവാദം ഒഴിഞ്ഞ് ഈ സര്‍ക്കാരിനും പാര്‍ട്ടിക്കും നേരമില്ലല്ലോ.

വല്ലാത്തൊരു അവസ്ഥതന്നെ. എന്തുചെയ്യാന്‍. വിവാദം ഉണ്ടാക്കാതെ മാസപ്പടി വാങ്ങിയിരുന്നേല്‍ ഇതൊഴിവാക്കാമായിരുന്നു. അപ്പോ പറഞ്ഞുവന്നത് വീണയുടെ വിഹിതം എന്നുവച്ചാല്‍ വീണ വാങ്ങിയതിന്‍റെ വിഹിതമല്ല,  ജിഎസ്ടി അടച്ചതിന്‍റെ വിഹിതം സംസ്ഥാനത്തിന് കിട്ടിയോ  എന്ന് ധനവകുപ്പിനോട് രണ്ടുമാസം മുന്‍പ് വിവരാവകാശം മുഖേന മാത്യു ചോദിച്ചു. അതില്‍ ധനവകുപ്പ് ആഴത്തില്‍ മുങ്ങിത്തപ്പി. ഒടുവില്‍ കണ്ടെത്തി. അപ്പോ നമ്മളോര്‍ക്കും ഉത്തരം കിട്ടിയല്ലോ ഇതോടെ ചോദ്യം ഒതുങ്ങിയെന്ന്. എന്നാല്‍ അങ്ങനെയല്ല. ഇത് തര്‍ക്ക വിതര്‍ക്ക വാരാഘോഷമാണ്. ഒരുത്തരവും അവസാനമല്ല. അടുത്ത ചോദ്യത്തിനുള്ള ആരംഭമാണ്. വീണ ജിഎസ്ടി അടച്ചു എന്ന് തെളിഞ്ഞാല്‍ മാപ്പ് പറയാമെന്നൊക്കെ പണ്ട് വച്ചു കാച്ചിയാരുന്നു. വല്ല കാര്യവുമുണ്ടോ? വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE