
കുറച്ചു നാളുകളായി തമ്മിലെന്ന് കണ്ടിട്ട്. അപ്പോളേക്കും കേരളത്തില്‍ വലിയ മാറ്റങ്ങളൊക്കെ നടന്നു. സില്‍വര്‍ ലൈന്‍ എന്ന പിണറായി സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതി ദുസ്വപ്നപദ്ധതിയായി. സില്‍വര്‍ ലൈനിന് വെള്ളിടി വെട്ടി. നാടു മുഴുവന്‍ മഞ്ഞക്കുറ്റി നാട്ടിയതിനുപകരം ഏത്തവാഴയുടെ കന്നു നട്ടിരുന്നെങ്കില്‍ അടുത്ത ഓണത്തിന് ഏത്തക്കൊലയുടെ കാര്യത്തിലെങ്കിലും സ്വയംപര്യാപ്തമാകാമായിരുന്നു. അപ്പോള്‍ മഞ്ഞക്കുറ്റി തെറിച്ച പിണറായിക്കാലത്തെ പുത്തന്‍ എപ്പിസോഡിലേക്ക് സ്വാഗതം
പറഞ്ഞുവന്നത് നമ്മുടെ കണ്ണൊന്നു തെറ്റിയപ്പോള്‍ നാട്ടിലുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. നിയമസഭയില്‍ സ്പീക്കര്‍ കസേരയില്‍ അതാ ഒരു പുതുമുഖം. അല്ല പരിചിത മുഖം. സഖാവ് എംവി ഗോവിന്ദന് പഴയ മാഷിന്‍റെ പണി തിരിച്ചു കിട്ടി. പാര്‍ട്ടി പിടിച്ച് അണികളെ പഠിപ്പിക്കുന്ന സെക്രട്ടറിയാക്കി. എംവി ഗോവിന്ദന്‍ വിരമിച്ച ഒഴുവില്‍ എംബി രാജേഷ് മന്ത്രിയായി. സ്പീക്കര്‍ കസേരക്കൊപ്പം തന്‍റെ താടിയും ഉപേക്ഷിച്ചാണ് ലോക്കല്‍ ഭരണത്തിന്‍റെ തലവനാകാന്‍ എംബിആര്‍ ഇറങ്ങിയത്. പകരം സഭയിലെ ഷംസീര്‍ സ്പീക്കറായി. ബ്രണ്ണന്‍ കോളജുകാരന്‍ വിജയനും ടീമും പങ്കെടുക്കുന്ന സഭ നയിക്കാന്‍ മറ്റൊരു ബ്രണ്ണന്‍കാരന്‍. ഫിലോസഫിയും നിയമവുമൊക്കെ അരച്ചുകലക്കി കുടിച്ചിട്ടുള്ള ഷംസീറിനെ ആ സ്പീക്കര്‍ കസേരയില്‍ ഇരുത്തും മുന്നേ പാര്‍ട്ടി നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്ന മട്ടില്‍ പതിയെ പറഞ്ഞു. സ്പീക്കര്‍ സീറ്റില്‍ നോക്കി ആരും ചിരിക്കരുത്. വിഡിയോ കാണാം.