
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മലബാര്‍ കലാപം തുടരുകയാണ്. നിലവില്‍ നിരവധി പേര്‍ക്ക് നേരിയ പരുക്കുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ക്ക് വലിയ മുറുവുകള്‍ ഏല്‍ക്കാന്‍ സാധ്യത നിലനില്‍ക്കുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോളും ഏറ്റുമുട്ടല്‍ രൂക്ഷംതന്നെ. ചില രാജ്യാന്തര ആയുധങ്ങളുമായാണ് ഒരു പക്ഷം രംഗത്തുള്ളത്. തനി നാടന്‍ വായ്ത്താരികളുമായാണ് എതിര്‍പക്ഷം ചെറുത്തുനില്‍പ്പിനും തിരിച്ചടിക്കും ശര്മം തുടരുന്നു. ഇതിനിടെ പാല്‍വില ആറുരൂപ കൂടി. കര്‍ഷകനും കന്നുകാലിക്കും എന്തെങ്കിലും കിട്ടുമോ അതോ സര്‍ക്കാര്‍ ഒറ്റക്ക് അകത്താക്കുമോ എന്നതില്‍ അത്ര വ്യക്തതയില്ല. പതിനാല് വര്‍ഷത്തില്‍ പതിനായിരം തവണ ശശി തരൂര്‍ കേരളത്തില്‍ വന്നിട്ടുണ്ട്. പലപ്പോഴും ആരും കക്ഷി വന്നത് അറിഞ്ഞിട്ടുപോലുമില്ല. ഇക്കുറി പക്ഷേ തന്‍റെ വരവ് വെറുംവരവല്ലെന്ന് തരൂര്‍ ഒരു പ്രതീതി ഉണ്ടാക്കി. എന്നുവച്ചാല്‍ ഞാന്‍ ഇതാ വരുന്നുവെന്ന് കോളാമ്പിവച്ച് അനൗണ്‍സ് ചെയ്തു. എംകെ രാഘവന്‍ എന്നായിരുന്നു ആ കോളാമ്പിയുടെ പേര്. ആ പരസ്യപ്രചാരണം കൊള്ളെണ്ടിടത്ത് കൃത്യമായി കൊണ്ടു. കയ്യില്‍ കിട്ടിയ കത്തിയും കൊടുവാളുമെടുത്ത് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആളെക്കൂട്ടി ഇറങ്ങി. പാര്‍ട്ടിയിലെ പ്രതിപക്ഷത്താണോ ഭരണപക്ഷത്താണോ ഇപ്പോള്‍ സതീശനുള്ളതെന്ന് വ്യക്തമായി പറയാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം പാര്‍ട്ടിയിലെ ഭരണപക്ഷം സുധാകര പക്ഷമാണല്ലോ. സുധാകരന്‍റെ കിങ്കരന്മാരൊക്കെ തരൂരിനൊപ്പം വേദികളിലുണ്ട്. കിട്ടിയ കിങ്കരന്മാരെ സതീശന്‍ കളത്തിലിറക്കി. വിഡിയോ കാണാം.