
ഗവര്‍ണറുടെ ബഹളം കാരണം ഇന്നലെ തിരുവനന്തപുരം നഗരസഭയിലെ ശബ്ദം അത്രക്കങ്ങ് നാട്ടുകാരെ കേള്‍പ്പിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് ഇന്ന് ഗവര്‍ണര്‍ക്ക് നമ്മള്‍ അവധി നല്‍കിയിരിക്കുകയാണ്. വിരസമായിപ്പോയേക്കാവുന്ന സമകാലീന ജിവിതത്തില്‍ ആ ഗവര്‍ണറൊക്കെയാണ് ഒരു ആശ്വാസം. ചിരിക്കുള്ള വക എന്നും തരും. ലോജിക്കിനെക്കുറിച്ച് ആചോലിക്കണ്ട കാര്യം പുള്ളിക്കില്ലല്ലോ. അപ്പോ പറഞ്ഞുവന്നത് അതല്ല. നഗരസഭയിലെ പ്രശ്നങ്ങളാണ്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്നൊരു സംവിധാനം നാട്ടില്‍ നിലവിലുണ്ട്. പക്ഷേ ഇടതുപക്ഷം ഭരിക്കുമ്പോള്‍ എംപ്ലോയിമെന്‍റുകള്‍ എക്ചേഞ്ച് ചെയ്യുന്നത് സിപിഎം ആണ്. കൂട്ടു മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കുപോലും അവര്‍ പണി കൊടുക്കാതെ പണികൊടുക്കും. പിന്നാണ് നാട്ടുകാര്‍ക്ക്. അങ്ങനെ പണികൊടുക്കാന്‍ ലിസ്റ്റ് ചോദിച്ചത് ഇപ്പോള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും വല്ലാത്ത പണിയായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ നാടുകാര്‍ കേറിമേഞ്ഞ ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം പോലെയായി.
പരമ രഹസ്യമായാണ് സിപിഎമ്മുകാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുക. കേഡര്‍ സെറ്റപ്പാണല്ലോ. പിന്നെ വിഭാഗീയതയും തൊഴുത്തില്‍കുത്തും കണ്ണില്‍ കടിയും ഇല്ലാതാക്കുന്ന വിപ്ലവമൊന്നും ഒരു വിപ്ലവപ്പാര്‍ട്ടിയും നടത്തിയിട്ടില്ലാത്തതിനാല്‍ പാര്‍ട്ടിയിലെ ഈ രഹസ്യ നീക്കങ്ങളെല്ലാം പുറത്തുവരുന്നു. പ്രതിഷേധിക്കാന്‍ ബിജെപിക്കാരെത്തി. അപ്പോള്‍ നഹരസഭക്കാര്‍ കവാടം പൂട്ടി. പൂട്ടിയ കവാടം തുറക്കാന്‍ ബിജെപി ശ്രമം. ഒപ്പം പകരത്തിന് പകരം അവര്‍ കൗണ്‍സിലര്‍മാരെ പൂട്ടി. അങ്ങനെ ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പൂട്ടിനും പൂട്ടു പൊളിക്കുന്നവര്‍ക്കും നല്ല മാര്‍ക്കറ്റായിരുന്നുമേയര്‍ ആര്യ രാജേന്ദ്രനെ ആപ്പീസില്‍ കയറ്റില്ലെന്ന് പ്രഖ്യാപിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭക്കകത്ത് വട്ടം കിടന്നു. പാര്‍ട്ടി ഇനിയും വഴിയില്‍ കിടക്കാതിരിക്കണമെങ്കില്‍ ഇങ്ങനെ അകത്തുകയറി വട്ടം കിടക്കാതെ തരമില്ലെന്ന് ബിജെപിക്കാര്‍ തിരിച്ചറിഞ്ഞുവെന്നു തോന്നുന്നു. കാണാം തിരുവാ എതിർവാ.