ആരാധകരെ ശാന്തരാകുവിൻ..; രാഹുൽ വഴിയിൽ, കോൺഗ്രസ് പെരുവഴിയിൽ

Thiruva
SHARE

 ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം. കേട്ടിട്ടില്ലേ. എന്നാ അങ്ങനെ ഒന്നുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ പറയും. പാര്‍ട്ടി പ്രസിഡന്‍റാവാന്‍ വിസമ്മതിക്കുന്ന നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യമാണത്. യാത്ര കടന്നുപോകുന്നിടത്തെല്ലാം ഇങ്ങനെ ചുവടുകള്‍ ഒരുമിക്കുന്നുണ്ട്. നല്ല ആള്‍ക്കാരും ഉണ്ട്. പക്ഷേ കേരളത്തിന്‍റെ പുറത്തെ സ്ഥിതി അതല്ലല്ലോ. ഏത് യാത്ര നടത്തിയാലും ഒന്നാകാന്‍ ആഗ്രഹിച്ചാല്‍ ആ നിമിഷം പലതാവാന്‍ പറ്റുന്ന ഒരു പാര്‍‌ട്ടിയാണ് കോണ്‍ഗ്രസ് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് പോലും സാധ്യതയില്ലാതിരിക്കുമ്പോ ആണ് വിശ്വപൗരന്‍ ശശി തരൂര്‍ കേരളത്തില്‍ വന്നിറങ്ങിയത്. പാര്‍ട്ടിയുടെ അടുത്ത പ്രസിഡന്‍റാവാന്‍ റെഡിയായുള്ള വരവാണ്. അത് നേരാണ് ഇവിടെ ഓരോ ദിവസം കഴിയും തോറും ജനങ്ങള്‍ കൂടുന്നുണ്ടാകും. ഒടുക്കം യാത്ര കഴിയുമ്പോ ജനങ്ങള്‍ കാണും. പക്ഷേ പാര്‍ട്ടി ഉണ്ടായാ മതിയായിരുന്നു. ആ രാജസ്ഥാനില്‍ കണ്ടില്ലേ. തരൂരിനെയൊക്കെ വെട്ടാന്‍ ഹൈക്കമാന്‍ഡ് നേരിട്ട്, പ്രസിഡന്റാക്കി പാര്‍ട്ടിയെ രക്ഷിക്കാന്‍ തിരഞ്ഞെടുത്ത ആളാണ് അവിടെ വിമതപരിപാടിയും നടത്തി കളറാക്കുന്നത്. ബെസ്റ്റ് പാര്‍ട്ടിയും ഹൈക്കമാന്‍ഡും തന്നെ. വിഡിയോ കാണാം.

ആരാധകരോട് ശാന്തരാകാന്‍ പറഞ്ഞ് തുടങ്ങിയ യാത്ര ഒരാഴ്ച പിന്നിടുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരായ നേതാക്കളോട് പ്രത്യേകിച്ചും ഗോവയിലേയും രാജസ്ഥാനിലേയും നേതാക്കളോട് ശാന്തരാകണേ എന്ന് അപേക്ഷിക്കേണ്ടി വരാ എന്നൊക്കെയുള്ള ദുര്യോഗം ഈ രാഹുല്‍ ഗാന്ധിക്ക് മാത്രം വിധിക്കപ്പെട്ടതാണ്. വെറുതെയാണോ പുള്ളിക്കാരന്‍ പ്രസിഡന്‍റ് ആവാന്‍ സമ്മതിക്കാത്തത്. ഇതൊക്കെയാവുമ്പോ ഇങ്ങനെ നടന്നാ മതി. പ്രസിഡന്‍റായാലും ഒന്നും നടക്കാനും വഴിയില്ല. ആവേശത്തോടെ തുടങ്ങിയ യാത്ര ഒരു സെന്‍റി മൂഡിലായ മട്ടാണ്. കോണ്‍ഗ്രസിനെ ഓര്‍ത്ത് നാട്ടുകാര്‍ക്ക് വരെ ആവലാതികള്‍ ഏറെയാണ്. പക്ഷേ അതില്ലാത്ത ഈ ലോകത്ത് ഏക കൂട്ടര്‍ കോണ്‍ഗ്രസ് നേതാക്കളാണ്. രാജസ്ഥാനിലൊക്കെ കണ്ടില്ലേ. ഭരണമുള്ള ഏക വലിയ സംസ്ഥാനമാണ്. അവിടത്തെ മുഖ്യമന്ത്രിയെ പിടിച്ച് പാര്‍ട്ടി പ്രസിഡന്‍റാക്കാന്‍ നോക്കുമ്പോഴാണ് അവിടെ തല്ലോട് തല്ല്. അതുകൂടി പോയിക്കിട്ടിയാ പിന്നെ ടെന്‍ഷന്‍ വേണ്ട. ഇല്ലെങ്കില്‍ ബിജെപി വന്ന് ഭരണം പിടിക്കുമോ ദേ ഇപ്പോ എംഎല്‍എമാര്‍ ഇപ്പോ പോകുമോ എന്നൊക്കെ ടെന്‍ഷന്‍ അടിക്കേണ്ടി വരുമല്ലോ. അല്ലെങ്കിലും എഐസിസി പ്രസിഡന്‍റ് സ്ഥാനം ഉപേക്ഷിച്ച് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള  അശോക് ഗെലോട്ടിന്‍റെ നീക്കത്തെ ഇവിടെ കെപിസിസി പ്രസിഡന്‍റ് സ്ഥാനമൊക്കെ രാജിവച്ച് മന്ത്രിയാവാന്‍ പോയ കേരള നേതാക്കള്‍ക്കേ മനസിലാവൂ. നാളെ ഇപ്പോ കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാക്കാമെന്ന് പറഞ്ഞാല്‍ വാര്‍ റൂം ഉപേക്ഷിച്ച് കേരളം പിടിക്കാനിരിക്കുന്നവര്‍ക്കും അത് മനസിലാകും. കൊടിവച്ച കാറിന്  അങ്ങനെയൊരു കുഴപ്പമുണ്ട് അല്ലേ കേസീ, മുരളിയേട്ടാ.

MORE IN THIRUVA ETHIRVA
SHOW MORE