
കേരള രാഷ്ട്രീയത്തിലിപ്പോള്‍ മൂന്നു ഫാന്‍സ് അസോസിയേഷനുകളാണുള്ളത്. രാഹുല്‍ ഗാന്ധി ത്രിവര്‍ണ ഫാന്‍സ് അസോസിയേഷന്‍, പിണറായി വിജയനെ പിന്തുണക്കുന്ന ചങ്കാണു ചെങ്കൊടി ഫാന്‍സ് സഖാക്കള്‍, ഗവര്‍ണര്‍ക്കു ജയ് വിളിക്കുന്ന കാവിത്താമര ജനതാ ക്ലബ്. എല്ലാവരും ഭയങ്കര സീരിയസ് ആണെന്നൊക്കെ അവര്‍ക്ക് തോന്നാറുണ്ട്. പക്ഷേ ജനങ്ങള്‍ മനസില്‍ ചിരിക്കുകയാണ്. ഭരണഘടനാ പ്രതിസന്ധി ഇല്ലാതാക്കാന്‍ എന്നൊക്കെ പറഞ്ഞാണ് ഗവര്‍ണറും മുഖ്യനും ഏറ്റുമുട്ടുന്നത്. ഇതിലൊക്കെ എന്ത് ഭരണഘടന എന്ന് മനസിലാകുന്നില്ലെന്നാണ് പക്ഷേ പൊതുജനം പറയുന്നത്. എന്തായാലും നമ്മള്‍ തുടങ്ങുകയാണ്. എല്ലാവരും മര്യാദക്ക് ചിരിച്ചോണം. ചിരിക്കാതിരിക്കുന്നവരെ തിരുവാ എതിര്‍വായുടെ ഭരണഘടന ലംഘിച്ചവരായേ കണക്കാക്കൂ. അപ്പോള്‍ സ്വാഗതം.
അഞ്ചാറു ദിവസമായി കേരളത്തിന്‍റെ ഭരണതലപ്പത്ത് വലിയ പ്രശ്നമാണ്. സാധാരണ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലാണ് തമ്മിലടിയും പ്രശ്നവുമൊക്കെ. ഇവിടെ പ്രതിപക്ഷത്തിന് മിണ്ടാന്‍ അവസരം നല്‍കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ കം പ്രതിപക്ഷം പണി ചെയ്യുകയാണ്. പിണറായി വിജയന്‍ മുഖ്യന്‍ എന്തുചെയ്താലും അതില്‍ കുറ്റം കണ്ടുപിടിക്കുകയാണ് ഗവര്‍ണറുടെ പണി. ചെയ്യരുത് എന്ന് ഗവര്‍ണര്‍ പറയുന്നതു മാത്രം ചെയ്യാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം എന്താണ് എന്നു ചോദിച്ചാല്‍ വിശദീകരിക്കാന്‍ പാടാണ്. അവര്‍ തമ്മില്‍ എന്തിലാണ് പ്രശ്നമില്ലാത്തത് എന്നു ചോദിച്ചാല്‍ മറുപടി എളുപ്പമായിരിക്കും എന്നു തോന്നുന്നു. ഗവര്‍ണര്‍ തുടങ്ങി. പിണറായി മറുപടി പറഞ്ഞു. ഗവര്‍ണര്‍ ആഞ്ഞടിച്ചു. പിണറായി നൈസില്‍ തിരിച്ചടിച്ചു. അങ്ങനെ രണ്ട രണ്ട് എന്നതാണ് ഈ ആഴ്ചത്തെ സ്കോര്‍ ബോര്‍ഡ്
പോസിബിള്‍ ആണോ എന്നു ചോദിച്ചാല്‍ അത് പുള്ളിയോടുതന്നെ ചോദിക്കണം. പണ്ടൊക്കെ പതിവായി ആറുമണിക്ക് വരുമാരുന്നു. കോവിഡ് പറയാന്‍. ഇപ്പോള്‍ ആ പതിവില്ല. വേണമെങ്കില്‍ ആ പതിവ് തുടങ്ങാവുന്നതാണ്. എന്നിട്ട് കേരളത്തില്‍ ഇന്ന് അന്‍പ്പത്തി രണ്ടുപേരെ പട്ടി കടിച്ചു. പട്ടിയോടിച്ചവര്‍ നൂറ്റി പന്ത്രണ്ട്, പട്ടിയെ കണ്ട് പേടിച്ചവര്‍ മുന്നൂറ് എന്നിങ്ങനെ വിശദീകരിക്കാവുന്നതാണ്. ക്ഷമിക്കണം. സമകാലീന സംഭവമായതിനാല്‍ ടോപിക് വഴിമാറിയതാണ്. അപ്പോ ഗവര്‍ണര്‍ ചോദിച്ചു നിര്‍ത്തിയത് ഇത്തരം ഏര്‍പ്പാടുകള്‍ മുഖ്യന്‍ അറിയാതിരിക്കുന്നത് പോസിബിള്‍ ആണോ അല്ലയോ എന്നാണ്. ആണോ സഖാവേ