ഇന്നലെ വിമാനം പോയി, ഇന്ന് മാനവും; കോടതി ചതിച്ചു സഖാവേ

നമ്മുടെ പുതിയ സെറ്റില്‍ വിമാനം പോകുന്നത് എല്ലാവര്‍ക്കും മനസിലായിരുന്നു. പിന്നാലെ ഒരു കിളി പോകുന്നതിന്‍റെ ഗുട്ടന്‍സ് ആര്‍ക്കും പിടികിട്ടിയിരുന്നില്ല. ഇന്നത്തെ കോടതി വിധി കണ്ടവര്‍ക്ക് ആ കിളി ആരുടെയാണെന്ന് ഇപ്പോള്‍ മനസിലായിക്കാണും എന്നു വിചാരിക്കുന്ന.ു നമ്മള്‍ രണ്ടുദിവസം മുന്‍പേ പറഞ്ഞു എന്നുമാത്രം.  നമ്മള്‍ കഴിഞ്ഞ എപ്പിസോഡില്‍ അവസാനം കണ്ടു നിര്‍ത്തിയത് ഇന്‍ഡിഗോ വിമാനക്കമ്പനിയോട് അടങ്ങാത്ത പകയും പേറി തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കണ്ണൂര്‍ക്ക് വണ്ടി കയറിയ ഇ.പി. ജയരാജന്‍ സഖാവിനെയാണ്. സഖാവ് കണ്ണൂരെത്തി.  ആദ്യം ആ യാത്രാവിവരണത്തിലേക്ക്.

സത്യത്തില്‍ ഇച്ഛാഭംഗത്തിന് കൈയ്യും കാലും വച്ച ഒരു വിപ്ലവരൂപമാണ് കഴിഞ്ഞ ദിവസത്തെ ഇ.പി. ജയരാജന്‍ സഖാവ്. ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധവുമായി രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരുന്നു. അവരെ ഇ.പി. തന്‍റെ അനുഭവസമ്പത്ത് എല്ലാം ആവാഹിച്ച് തടയുന്നു. അങ്ങനെ മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമത്തെ താന്‍ പൊരുതി പരാജയപ്പെടുത്തുന്നു. അതുവഴി ഇന്‍ഡിഗോ വിമാനകമ്പനിയുടെ വിലയിടിയുന്നതില്‍ നിന്ന് അവരെയും രക്ഷിക്കുന്നു. വലിയൊരു അപമാനത്തില്‍ നിന്നും വിലയിടിച്ചിലില്‍ നിന്നും തങ്ങളെ രക്ഷപ്പെടുത്തിയ ഇ.പി. ജയരാജന് അപ്പോള്‍ തന്നെ പിടിച്ച പിടിയാല്‍ ഇന്‍ഡിഗോ കമ്പനി വിളിച്ച് ട്രോഫി നല്‍കുന്നു. ഇത്രയുമാണ് ആ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കണ്ട സ്വപ്നം. പക്ഷേ കിട്ടിയത് മൂന്നാഴ്ചത്തെ വിലക്കും. ഏത് വിപ്ലവകാരിയുടേയും ഉള്ളൊന്ന് പിടയും.