
കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കുറച്ചു ദിവസങ്ങളായി ഒരു റസ്റ്റുമില്ല. സ്വപ്നയുടെ ബോബിങ് നല്‍കിയ ക്ഷീണത്തില്‍ നിന്ന് പൊലീസ് എസ്കോര്‍ട്ടോടെ ഒന്ന് രക്ഷപെട്ടു വരുകയായിരുന്നു മുഖ്യന്‍. അപ്പോളാണ് ആ എസ്എഫ്ഐ പിള്ളേര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ വലിഞ്ഞുകയറിയത്. സംഗതി ദേശീയ തലത്തില്‍ വാര്‍ത്തയായി. പാര്‍ട്ടിക്കും സര്‍ക്കാരിനും അല്‍പ്പം ക്ഷീണം. വല്ല വിധേനെയും അത് ഒതുക്കി വന്നപ്പോളാണ് അതിലും വലിയ ബോംബ് എകെജി സെന്‍ററില്‍ പതിച്ചത്. ആ ബോംബിങ്ങിന്‍റെ ഒരു മൈലേജ് പാര്‍ട്ടിക്കും സര്‍ക്കാരിനും കിട്ട കിട്ടിയില്ല എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് അതിലും വലിയ ശബ്ദത്തില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനക്കു നേരെ ബോംബെറിഞ്ഞത്. ശ്രദ്ധയോടെ വായിച്ചപ്പോളാണ് സജി ചെറിയാന് മനസിലായത് രാജ്യത്തെ ഭരണഘടന അത്ര പോര എന്ന്. പാര്‍ട്ടിക്കെതിരെയാണെങ്കില്‍ പോലും സത്യം മാത്രം പറയുന്ന സജിമന്ത്രി ഭരണഘടന കൊള്ളക്കാരനാണെന്നൊക്കെ വിളിച്ചുപറഞ്ഞു.
അടുത്ത പിഎസ്‍സി പരീക്ഷക്ക് ചോദ്യമുണ്ടാകും. ഭരണഘടനയുടെ മുക്കും മൂലയും പരിശോധിച്ചപ്പോള്‍ സാംസ്കാരിക മന്ത്രി കണ്ടെത്തിയതെന്ത്. സാംസ്കാരിക വകുപ്പിന് പറ്റിയ തലവന്‍ തന്നെ. ഭരണഘടന നിറയെ ചൂഷണമാണത്രേ. അടിമുടി വായിച്ചു. ചൂഷണമല്ലാതെ മറ്റൊന്നും കണ്ടില്ല. അല്‍പ്പം പുറകോട്ടു പോകാം. ഈ മന്ത്രിയായൊക്കെ പണിക്കു കയറണമെങ്കില്‍ സത്യപ്രതിഞ്ജ എന്നൊക്കെ ഭരണഘടനാ ഏര്‍പ്പാടുണ്ട്. ഇതൊക്കെ നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ മന്ത്രിസ്ഥാനം തന്നെ സജിച്ചായന്‍ വേണ്ടെന്നുവച്ചേനേ.
ആ ഭരണഘടന എന്നു പറയുന്ന സാധനം രാജ്യത്തുള്ളതുകൊണ്ടാണ് സജി ചെറിയാന് മന്ത്രി സജി ചെറിയാനാകാന്‍ പറ്റിയത്. വെറുതെ പറഞ്ഞെന്നേയുള്ളൂ. എന്തായാലും രാഗുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതിലും വലിയ വാര്‍ത്തയാകാന്‍ സജി ചെറിയാന് കഴിഞ്ഞു. അല്ലെങ്കിലും അത് കുട്ടി സഖാക്കള്‍. ഇത് വല്യ സഖാവ്. പ്രതിപക്ഷം പറന്നെത്തി. ഡല്‍ഹിക്കാരന്‍ കെസി വേണുഗോപാല്‍ വരെ. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഭരണഘടനാ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രാണിയില്ല എന്നു കരുതിയാണെന്നു തോന്നുന്നു കെ.സി തന്നെ കളത്തിലെത്തിയത്.
ഇ.പി ജയരാജന്‍ സഖാവ് വരുന്നുണ്ട്. നിലവിലെ സാഹചര്യത്തിലെന്നല്ല എപ്പോളായാലും സൂര്യനുതാഴെ എന്തു നടന്നാലും പെട്ടെന്നു ചോദിക്കാന്‍ പറ്റിയ കക്ഷിയാണ് . സഖാവേ സഖാവേ. ഒന്നു നില്‍ക്കണേ. ഭരണഘടനക്കു നേരെ ഒരു ബോംബേറ് നടന്നിട്ടുണ്ട്. അതിന്‍റെ ശബ്ദം കേട്ടാരുന്നോ. ആ സജി ചെറിയാന് ഇവിടുത്തെ ഭരണഘടന പറ്റുന്നില്ലെന്ന്. എന്നാ ചെയ്യും.
എന്ത് ഇ.പി നന്നായെന്നോ. മുഹമ്മദലി മരിച്ചപ്പോള്‍ ആരാണെന്നുപോലും നോക്കാതെ മലയാളി കായികതാരത്തിന് അനുശോചനം അര്‍പ്പിച്ച അതേ ഇപിയല്ലേ ഇത്. മുഖ്യമന്ത്രിക്കുനേരെ മദ്യപിച്ച് ലക്കുകെട്ട യൂത്ത്കോണ്‍ഗ്രസുകാര്‍ വധശ്രമം നടത്തിയെന്നു പറഞ്ഞ അതേ ഇപിയല്ലേ. എകെജി സെന്‍ററിന്‍റെ മതിലില്‍ ഒരു ബോബ് പതിച്ചപ്പോള്‍ രണ്ട് ബോംബിന്‍റെ ശബ്ദം കേട്ട ജയരാജന്‍ തന്നെ അല്ലേ. അറിയാത്ത കാര്യത്തെക്കുറിച്ച് ഇപി അഭിപ്രായം പറയാതായി. എകെജി സെന്‍ററില്‍ ബോംബു വീണതുകൊണ്ടുണ്ട് അങ്ങനെയും ചില മാറ്റങ്ങള്‍ ഉണ്ടായി.
സത്യത്തില്‍ സജി ചെറിയാനും ആദ്യമായല്ല പിണറായി മുഖ്യനെ വെട്ടിലാക്കുന്നത്. പ്രളയസമയത്ത് കേരളം ഭരിക്കുന്നത് എല്‍ഡിഎഫ് ആണെന്ന് മറന്നുപോയ സജിച്ചായന്‍ ഒരുത്തനും രക്ഷഇക്കാന്‍ വന്നില്ല എന്ന് സത്യം പറഞ്ഞിരുന്നു. പിന്നീട് സില്‍വര്‍ ലൈനില്‍ ബഫര്‍സോണ്‍ ഇല്ല എന്ന് കള്ളം പറഞ്ഞ് പിണറായിയെ ഹൈസ്പീഡില്‍ സജി ചെറിയാന്‍ തെക്കുവടക്കോടിച്ചു. ഇപ്പോള്‍ ഭരണഘടന അത്ര പോര എന്നാണ് പരാതി. സത്യത്തില്‍ ഇതാണ് സജി ചെറിയാന്‍റെ ഇപ്പോളത്തെ അവസ്ഥ. ഞായറാഴ്ചയാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ ഈ അധിക പ്രസംഗം നടത്തിയത്. ഒന്നുമറിയാത്തതുപോലെ കക്ഷി ഇന്ന് നിയമസഭയില്‍ ഉണ്ടായിരുന്നു. മന്ത്രി ഇനി പറയുന്നതുകൂടി കേള്‍ക്കാനുള്ള ധൈര്യമില്ലെന്നു പറഞ്ഞ് പ്രതിപക്ഷം പോയി.
പ്രതിപക്ഷമേ പോയുള്ളൂ. നമ്മളൊക്കെ ഇവിടെത്തന്നെയുണ്ട്. ഭരണഘടനയെ സജി ചെറിയാന്‍ വളച്ചൊടിച്ചുവെന്നാണ് കേട്ടവരൊക്കെ പറയുന്നത്. സാസ്കാരികമന്ത്രിയാകാന്‍ ഭരണഘടന വായിക്കണമെന്നൊന്നുമില്ല. നിയമമന്ത്രിയൊന്നുമല്ലോ. ഇവിടെ പിന്നെ എല്ലാം അറിഞ്ഞിട്ടാണല്ലോ. ഇങ്ങനെയല്ലേ എല്ലാം പഠിക്കുന്നത്. ഇതുപക്ഷേ വല്ലാത്തൊരു പഠനമായിപ്പോയി. അല്ല സജിച്ചേട്ടാ. ശരിക്കും ഈ ഭരണഘടനയില്‍ താങ്കള്‍ അസംതൃപ്തനാണോ. മാറ്റി എഴുതണോ. അംബേദ്കര്‍ അത്ര പോര എന്ന് അഭിപ്രായമുണ്ടോ. അതൊക്കെ പറഞ്ഞു. ഒന്നുകൂടി വ്യക്തത വരുത്താനുള്ള അവസരമാണ്. ഇവിടെയാകുമ്പോ പ്രതിപക്ഷമില്ല. ഓര്‍ഡര്‍ ഓര്‍ഡര്‍ എന്നുപറയാന്‍ സ്പീക്കറില്ല. എന്തിനേറെ. മുഖ്യന്‍ പോലുമില്ല. മന്ത്രിക്ക് ഭരണഘടനയെ ഒന്നും ഒട്ടും വിലയില്ലെന്നാ പ്രതിപക്ഷം ഒക്കെ പറയുന്നത്. അപ്പോ മീഡിയ ഇല്ലെങ്കില്‍ എന്തും പറയാമല്ലേ. മന്ത്രി രാജി വയ്ക്കണം എന്നൊക്കെ പ്രതിപക്ഷം പറയുന്നുണ്ട്. ഗവര്‍ണറും എന്തൊക്കെയോ ചോദിക്കുന്ന കേട്ടു.
കെപിസിസി അധ്യക്ഷനായ കെ സുധാകരന് അധ്യക്ഷനാകുന്നതിന് മുന്‍പും ഇടതിനെ ആക്രമിക്കുന്നത് ഹരമാണ്. പ്രതിഷേധം മന്ത്രിക്കെതിരാണെങ്കിലും പാര്‍ട്ടിക്കെതിരെ പറയാനാണ് സുധാകരന്‍ ശ്രമിക്കാറ്. പൂര്‍ണ സ്വാതന്ത്രം എന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത് പണ്ടേ സുധാകരന് ഇഷ്ടപ്പെട്ടിരുന്നില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നാണ് സിപിഎം പറയുന്നത്. കോണ്‍ഗ്രസ് പറയുന്നതാകട്ടെ ബിജെപിയും സിപിഎമ്മും തമ്മിലാണ് ബന്ധമെന്ന്. എന്തായാലും ഇരുപാര്‍ട്ടികളും ഇടക്കിടക്ക് അത് തമ്മില്‍ പറയാനുള്ള സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഭരണഘടനയുടെ ശക്തി സാധാരണ ജനങ്ങള്‍ക്ക് സുധാകരന്‍ സിംപിളായി പറഞ്ഞുതരും. അപ്പോ അടുത്ത പ്രക്ഷോഭത്തിന് സമയമായല്ലേ. പൊളിക്കുമോ.
തീര്‍ത്തും ഒറ്റപ്പെട്ടു എന്ന് സജി ചെറിയാന്‍ കരുതിയിരുന്നപ്പോളാണ് അങ്ങ് ഒരു കുഞ്ഞു പ്രകാശം കണ്ടത്. അടുത്തടുത്തുവന്നപ്പോള്‍ അത് കുഞ്ഞല്ല, മറിച്ച് ബേബിയാണെന്ന് മനസിലായി. ഭരണഘടനാ വിഷയമൊക്കെയായതുകൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി എം.എ ബേബിയെയാണ് നിയോഗിച്ചത്. ഇ.പി ജയരാജനോട് മിണ്ടിപ്പോകരുതെന്ന് പറയുകയും ചെയ്തെന്നു തോന്നുന്നു. പറയാമോ. ന്യായമായ ചോദ്യമാണ്. സജി ചെറിയാന്‍റെ നാവുപിഴയാണിതെന്ന് പിബിക്കാരന്‍ ബേബി കണ്ടെത്തി. ഇതിനു മുന്‍പും നാക്കു പിഴക്കുന്ന അസുഖത്തിന് സജി ചെറിയാനെ പാര്‍ട്ടി ചികില്‍സിച്ചിട്ടുണ്ടത്രേ. അതായത് കുറ്റം ഓണാട്ടുകരക്കാണ്. പറയുന്നതല്ല ബാക്കിയുള്ളവര്‍ കേള്‍ക്കുന്നതാണത്രേ കുറ്റം.
അല്ല സുധാകരേട്ടാ. കുന്തവും കൊടച്ചക്രവുമൊക്കെ ഭരണഘനയില്‍ ഉണ്ടെന്നാണല്ലോ സജി ചെറിയാന്‍ പറയുന്നത്. എകെജി സെന്‍ററില്‍ ബോംബു വീണത് നിയമസഭയില്‍ അടിയന്തര പ്രമേയമായി. അപ്പോള്‍ അത് കേട്ട എല്ലാവര്‍ക്കും സംശയമായി. ഇനി എകെജി സെന്‍റര്‍ കോണ്‍ഗ്രസിന്‍റെ ഓഫീസാണോ എന്ന്. എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം തുടങ്ങുന്ന ലക്ഷണമാണ്.