സിസിടിവി തപ്പി പൊലീസ്; പാതിരയ്ക്ക് തന്നെ പുഷ്പം പോലെ കണ്ടുപിടിച്ച് ഇപി..!

thiruva-ethirva-03
SHARE

വിമാനത്തിലല്ല എവിടെയായാലും പ്രതിഷേധിക്കണം എന്ന കാര്യത്തില്‍  യൂത്ത് കോണ്‍ഗ്രസുകാര്‍ ദേശീയ തലത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്ന തോന്നുന്നു. ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിക്കെതിരെ യൂത്തന്മാര്‍ പ്രതിഷേധം നടത്താനിറങ്ങി. എസ്പിജിക്കാര്‍ സമ്മതിക്കില്ലല്ലോ. അവര്‍ മോദിജിയെ സുരക്ഷിതമായി കൊണ്ടുപോയി. പരിപാടിയൊക്കെ കഴിഞ്ഞ് വിമാനത്തില്‍ പറന്ന മോദിക്കെതിരെ ആകാശത്ത് പ്രതിഷേധം. പിണറായി മുഖ്യനെതിരെ പ്രതിഷേധിക്കാന്‍ ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറിയതുപോലെയുള്ള ചിലവുകളില്ല. കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയായിരുന്നു യൂത്തന്മാര്‍ പ്രതിഷേധത്തില്‍ വിജയിച്ചത്. എന്തായാലും മൊത്തത്തില്‍ പ്രതിഷേധമാണ് എല്ലായിടത്തും. രാജ്യത്ത് കറുത്ത ബലൂണ്‍ നിരോധിക്കുമോ എന്ന ആശങ്കയോടെ  തിരുവാ എതിര്‍വാ..!

ഒരു അപകടം ഉണ്ടായാല്‍ അത് കണ്ട് വിഷമിക്കുക എന്നത് പൊതുവെ മനുഷ്യസഹജമായ ഒരു കാര്യമാണ്.  ഇനി വിഷമം വന്നില്ല എന്നു വയ്ക്കുക. അതായത് അവന് അങ്ങനെതന്നെ വേണം എന്നൊക്കെ മനസില്‍ തോന്നുന്നവര്‍. അവര്‍ പോലും വെറുതെയെങ്കിലും ഇത്തരം സാഹചര്യത്തില്‍ വിഷമം അഭിനയിക്കും.  എന്നാല്‍ എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞ ദിവസം ഈ സിപിഎമ്മുകാര്‍ അതിനുപോലും സമ്മതിച്ചില്ല. വിഷമത്തോടെ വന്നവരെ ആ ശ്രീമതി ടീച്ചറൊക്കെ വന്ന് ചിരിപ്പിച്ചുവിട്ടു. അതെ. അവിടെ ചെറിയൊരു മണമൊക്കെ ഉണ്ടായിരുന്നതായി മറ്റൊരു സാക്ഷിയും പറഞ്ഞിട്ടുണ്ട്. അപകടസൂചനയുടെ എന്നല്ല പക്ഷേ പറഞ്ഞത് എന്നുമാത്രം. ഇപിക്ക് സമയം തരാം. ഇപ്പോള്‍ ടീച്ചര്‍ പഠിപ്പിക്കുന്ന സമയമാണ്. അതുകൊണ്ട് താങ്കള്‍ ക്യുവിലാണ്. ലൈനില്‍ തുടരൂ. ടീച്ചര്‍ പറച്ചില്‍ തുടരൂ. വെടിമരുന്നിന്‍റെ മണം തിരിച്ചറിഞ്ഞ ഇപിയാണ് മറ്റൊരു സാക്ഷി. കേട്ടല്ലോ . എകെജി സെന്‍ററിന് ബോബെറിഞ്ഞെന്ന് ആരോ വിളിച്ചു പറഞ്ഞെന്ന്. പക്ഷേ എകെജി സെന്‍ററിലെ സെക്രട്ടറി പറയുന്നത് മറ്റൊരു കഥയാണ്. ഇതിപ്പോ ഇവരില്‍ ആരെ വിശ്വസിക്കും.  മൊത്തം കഥയാണോ എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയരുത്. അപ്പോ ആരാ ആദ്യം ശബ്ദം കേട്ടത്. ബോംബ് കണ്ടത്.  വെടിമരുന്നിന്‍റെ. അത് നേരത്തേ കേട്ടാരുന്നു. വേറെ എന്തൊക്കെ കണ്ടു. 

ബോബ് പൊട്ടാന്‍ വൈകാതിരുന്നത് നന്നായി. വൈകിയിരുന്നേല്‍ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം ആദ്യം എത്തുമായിരുന്നു എന്നാണ് കോണ്‍ഗ്രസ് പറഞ്ഞുനടക്കുന്നത്. സത്യത്തില്‍ ഇപി ജയരാജനെ ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കണം എന്നതാണ് എന്‍റെ ഒരു ഇത്. എത്ര സിംപിളായിട്ടാണ് ഇപി കേസന്വേഷിക്കുന്നത്. സിസിടിവി തപ്പി കേരളാ പൊലീസ് സമയം കളയുന്ന സകല കേസുകളും ഇപിയെ ഏല്‍പ്പിക്കണം. പുഷ്പം പോലെ കണ്ടുപിടിക്കും. അതിപ്പോ കോണ്‍ഗ്രസുകാരനാണെന്നതിന് തെളിവൊന്നുമില്ലല്ലോ. സ്കൂട്ടറില്‍ വന്നവന്‍ ഖദര്‍ പോലും ഇട്ടിട്ടില്ല. കണ്ടോ. ഇപിക്ക് വിശ്വാസമുണ്ട്. ഇനി നിങ്ങളറിയാതെ അണികളാരെങ്കിലും . അല്ല സതീശനോടു ചോദിക്കണോ അതോ സുധാകരനോട് ചോദിക്കണോ, സെമി കേഡറിന് എറിയാന്‍ അവകാശമുണ്ടോ തുടങ്ങിയ സംശയങ്ങള്‍ മനസിലുള്ള അണിയാണെങ്കിലോ. സതീശന്‍ ഇപ്പറഞ്ഞതൊന്നും വിശ്വസിക്കാത്തവര്‍ക്കും ഇനി പറയാന്‍ പോകുന്നത് വിശ്വസിക്കാം

ഇതില്‍ ഒരു തര്‍ക്കോമില്ല. പ്ലാനിങ്ങിനൊന്നും കോണ്‍ഗ്രസുകാര്‍ മിനക്കെടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അത് ശരിയാ. രാഹുല്‍ ഗാന്ധിവരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ അതിന് മിനക്കെടില്ല എന്ന് പറഞ്ഞുവയ്ക്കാം. പക്ഷേ ഭിത്തിയില്‍ ഇരുന്ന മഹാത്മാ ഗാന്ധിക്ക് മാത്രമറിയാവുന്ന ചില സത്യങ്ങളുമുണ്ട്. അതാരും മറക്കരുത്. സതീശേട്ടാ. ജയരാജേട്ടന്‍ ഒട്ടും കണ്‍വിന്‍സ്‍ഡ് അല്ല. എകെജി സെന്‍ററില്‍ ബോബുവീണ സാഹചര്യത്തില്‍ ഇങ്ങനെ കളിയാക്കാന്‍ പാടുണ്ടോ. നിങ്ങളിങ്ങനെ കണ്ണില്‍ ചോരയില്ലാത്തവനായിപ്പോയല്ലോ. ഇതിനിടക്ക് കെപിസിസി ആസ്ഥാനത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ പൊലീസിനെ ഡ്യൂട്ടിക്കിട്ടു. ഇനി കെപിസിസി പ്രസിഡന്‍റിന്‍റെ കസേരയില്‍ ആരും വാഴയോ ചേമ്പോ നടണ്ട എന്നു കരുതിയാകും. എകെജി സെന്‍ററില്‍ ബോബിട്ടതറിഞ്ഞപ്പോള്‍ ഇപി ജയരാജന്‍ അവിടില്ലേ എന്നാണത്രേ കെ സുധാകരന്‍ ചോദിച്ചത്. ഇപി പൊട്ടിച്ച വെടിയാണ് ഇതിെന്നാണ് സുധാകരന്‍ വിശ്വസിക്കുന്നത്. സുധാകരന്‍റെ ഇന്‍റലിജന്‍സ് സംവിധാനം അങ്ങനെയാണത്രേ കണ്ടെത്തിയിരിക്കുന്നത്. 

ശൊ കേട്ടോ ഇപീ ഈ സുധാകരന്‍ പറയുന്നത്. ആ സുധാകരന്‍ നിര്‍ത്തുന്നില്ല കേട്ടോ. കെ സുധാകരന്‍ ഡിസിസി പ്രഡിഡന്‍റായിരുന്ന കാലത്താണ് കണ്ണൂരില്‍ ബോംബ് കുടില്‍ വ്യവസായമായത് എന്നാണ് ഇപി പറയുന്നത്. ഇപി അധികം തിരിച്ചടിച്ചില്ലെങ്കിലും ഇപിക്കുവേണ്ടി എംവി ജയരാജന്‍ കളത്തിലുണ്ട്. കുറെയധികം ജയരാജന്മാരുള്ളതിന്‍റെ ഗുണം. കോണ്‍ഗ്രസ് ബോംബെറിഞ്ഞെന്ന് ഇപിയും , അല്ല ഇപിയാണ് എറിയിച്ചതെന്ന് കോണ്‍ഗ്രസും. ഇതോടെ പൊലീസ് ആകെ പെട്ടു. ഇനിയിപ്പോ കോണ്‍ഗ്രസുകാരനല്ലാത്ത ഒരു പ്രതിയെ അവര്‍ക്കും സങ്കല്‍പ്പിക്കാനാകില്ല. വല്ലാത്തൊരു അവസ്ഥയിലാണ് പൊലീസ്. ഇപിയെ സുധാകരന്‍ വിടില്ല. എന്തിനാണ് സുധാകരേട്ടാ ഇങ്ങനെ ഈ വ്യക്തി വൈരാഗ്യം. ശരിക്കും ഇതില്‍ ഗൂഡാലോചനയുണ്ടോ ഇപി. ഒടുവില്‍ ബോംബേറ് നിയമസഭയില്‍ എത്തി. അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. എകെജി സെന്‍ററിന് ബോംബെറിഞ്ഞത് എങ്ങനെ സഭയില്‍ ചര്‍ച്ചയാക്കും എന്ന് സര്‍ക്കാര്‍ തലപുകഞ്ഞ് ആലോചിക്കുമ്പോളാണ് പ്രതിപക്ഷം അതുതന്നെ ഉന്നയിച്ചത്. ഒരുപാടു ബോബുകള്‍ സഭയില്‍ പൊട്ടി. എകെജി സെന്‍റര്‍ ആക്രമിക്കപ്പട്ടപ്പോള്‍ പ്രതിപക്ഷം അപലപിച്ചില്ല എന്ന് മുഖ്യന്‍ പറഞ്ഞു. ബോംബ് പൊട്ടുന്നതിന് മുമ്പേ അപലപിച്ചെന്ന് പ്രതിപക്ഷ നേതാവ് പറയുമെന്ന് പ്രതീക്ഷിച്ചാണോ ആവോ. 

MORE IN THIRUVA ETHIRVA
SHOW MORE