
മാത്യുകുഴല്‍നാടന്‍റെ ചോദ്യവും മുഖ്യമന്ത്രിയുടെ ഉത്തരവും അതാണ് ഇന്നത്തെ വിഷയം. നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നു. മാത്യു കുഴല്‍നാടന്‍ എത്രയും പെട്ടന്ന് സ്റ്റേജില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അതിപ്പോ തന്‍റെ കമ്പനിക്ക് മെന്‍റര്‍ ഉണ്ടെന്ന് താന്‍ തന്നെ ഇന്‍റര്‍വ്യൂ കൊടുത്തതല്ലേ പിന്നെന്തിനാണ് അച്ഛന്‍ അങ്ങനെ ഇല്ലാന്ന് പറഞ്ഞതെന്ന് വീണ വിജയന്‍ ചോദിച്ചാല്‍ അച്ഛനുള്ളപ്പോള്‍ മോളെ നിനക്കെന്തിനാ വേറൊരു മെന്‍റര്‍, എനിക്കത് സഹിക്കൂല എന്നേ പിണറായി വിജയന്‍ പറയാന്‍ വഴിയുള്ളു. ഒന്നാമത് ഈ ഭക്തജനസംഘം നമ്മുടെ മുഖ്യമന്ത്രി സഖാവിനെ എന്തൊക്കെയോ പ്രത്യേക കഴിവുള്ള, ഇരട്ടച്ചങ്ക് ഒക്കെയുള്ള അവതാരമാണെന്നാണല്ലോ പറഞ്ഞ് പുകഴ്ത്തി തിരുവാതിര വരെ കളിച്ചിരിക്കുന്നത്. ആ നിലയ്ക്ക് മകളുടെ കമ്പനിക്ക് എന്തിനാണ് വേറെ ഒരു മെന്‍റര്‍. ജനം വിലയിരുത്തും. ഉറപ്പല്ലേ.
അതിപ്പോ എല്ലാം തികഞ്ഞിട്ടല്ലല്ലോ ആരും ഉപദേശിക്കാന്‍ വരുന്നത്. ഉപദേശം ഫ്രീയായി ആര്‍ക്കും കൊടുക്കാന്‍ പറ്റുന്ന ഒന്നാണ്. പിന്നെ പിണറായി സഖാവിനെ സംബന്ധിച്ച് മാധ്യമങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പറയാന്‍ തക്കവിധം അനുഭവസമ്പത്ത് ഏറെയുള്ള ആളുമാണ്. തന്‍റെ മാധ്യമ അന്വേഷണപരീക്ഷണകഥയില്‍ മൈ ലൈവ് മൈ മെസേജ് എന്നുവരെ എഴുതാന്‍ സാധിക്കുന്ന ആളാണ് അദ്ദേഹം.
എന്താണെന്നറിയില്ല, മാത്യു കുഴല്‍നാടന് വിനയം അല്‍പം കൂടുതലാണ്. സത്യത്തില്‍ ഈ സ്വര്‍ണക്കടത്ത് കേസിലും സ്വപ്നയ്ക്ക് ജോലി നല്‍കിയതിലും പ്രൈസ് വാട്ടര്‍ഹൗസ്കൂപ്പേഴ്സും വീണ വിജയന്‍റെ എക്സാലോജികും തമ്മിലുള്ള ബന്ധമൊക്കെ ഇങ്ങനെ പറയാമെന്നല്ലാതെ വലിയ തെളിവുകളൊന്നും ആര്‍ക്കും പുറത്തുവിടാന്‍ പറ്റിയിട്ടില്ല. പക്ഷേ ഇതൊക്കെ കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിതൊട്ട് സൈബര്‍ സഖാക്കള്‍ വരെ കാണിച്ചുകൂട്ടുന്ന പ്രതികരണമാണ് ഇതിലൊക്കെ എന്തോ ഉണ്ടോ എന്ന സംശയം ഉണ്ടാക്കുന്നത്. അല്ല മടിയില്‍ കനമുണ്ടെങ്കിലല്ലേ ഇങ്ങനെ വെപ്രാളപ്പെടേണ്ടതുള്ളു.