വയനാട്ടില്‍ കസേരയില്‍ ‘വാഴ’ വയ്ക്കുന്നു; തലസ്ഥാനത്ത് കസേരയില്‍ ‘ജയരാജന്‍’‍..!

ബഫര്‍ സോണ്‍ എന്ന വിഷയം വിദ്യാര്‍ഥി സംഘടനയായ എസ് എഫ് ഐ ഏറ്റെടുക്കുക. എന്നിട്ട് സ്ഥലത്തെ ലോക്സഭാംഗത്തിന്‍റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുക. ഒറ്റനോട്ടത്തില്‍ തന്നെ വശപ്പിശക് തോന്നുമെങ്കിലും കൈയില്‍ വാഴ കരുതിയിരുന്നത് കൊണ്ട് വയനാട്ടുകാര്‍ക്ക് പെട്ടെന്ന് സംശയം തോന്നിയില്ല. വാഴയുമായി ബന്ധപ്പെടുത്തി ചിന്തിച്ചപ്പോള്‍ പിള്ളേര് സ്വന്തമായി ട്രോളുകയാണെന്നാണ് വിചാരിച്ചത്. പക്ഷേ രാഹുലിന്‍റെ ഓഫിസ് അടുത്തപ്പോള്‍ സീന്‍ മാറി. ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആക്രമണം. മതിലിലൂടെയൊക്കെ വലിഞ്ഞ് കയറി. അതായത് ഈ. എസ്എഫ്ഐക്ക് പരിണാമം സംഭവിച്ചാണല്ലോ സിപിഎമ്മിന് സഖാവുണ്ടാകുന്നത്. 

പിണറായി ഭരണത്തിന്‍ കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടാന്‍ ഒരൊറ്റ പ്രശ്നം പോലുമില്ലെന്നാണ് എസ്എഫ്ഐ നിലപാട്. എന്നു വച്ച് സമരം നടത്താതിരിക്കാന്‍ പറ്റുമോ? എന്തുചെയ്യാം . പഠിക്കുക. പോരാടുക എന്ന പരസ്യവാചകം സ്വീകരിച്ചു പോയില്ലേ. ബഫര്‍ സോണെങ്കില്‍ ബഫര്‍ സോണ്‍. 

ഈ സമരം ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റ് ആയി കണ്ടാല്‍ മതി. ഓസോണ്‍ പാളിയിലെ വിള്ളലിനും ആമസോണ്‍ കാട്ടിലെ മരംമുറിക്കും എതിരേ വരെ സമരം നടത്തിയിട്ടുണ്ട്. പിന്നെയാണിത്. വയനാട് വിപ്ളവത്തെ തള്ളിപ്പറയാന്‍ കോഴി കൂകുന്നത് വരെപ്പോലും കാത്തുനിന്നില്ല സിപിഎം. ഇപി ജയരാജന്‍ സഖാവാണ് തുടക്കമിട്ടത്. അതിന് തിരഞ്ഞെടുത്ത വേദിക്കും പ്രാധാന്യമുണ്ട്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് തകര്‍ത്തതിനെക്കുറിച്ചുള്ള പ്രതികരണം വന്നത് എഎ റഹിം എംപിയുടെ ഓഫിസ് ഉദ്ഘാടന വേദിയില്‍ നിന്ന്. ഒരിടത്ത് അടിച്ചു തകര്‍ക്കല്‍. വേറൊരിടത്ത് നാടമുറിക്കല്‍. ഒരിടത്ത് നാടമുറിക്കല്‍. അടിച്ചു തകര്‍ക്കല്‍. അതിങ്ങനെ മാറി മാറി കാണിക്കാം. വയനാട്ടില്‍ അടിപിടി. തിരുവനന്തപുരത്ത് സന്തോഷച്ചിരി. വയനാട്ടില്‍ ഗാന്ധി ഫോട്ടോ തകര്‍ക്കുന്നു. തിരുവനന്തപുരത്ത് പുതിയ ഫോട്ടോ തൂക്കുന്നു. വയനാട്ടില്‍ കസേരയില്‍ വാഴ വയ്ക്കുന്നു. തിരുവനന്തപുരത്ത് കസേരയില്‍ ജയരാജനെ ഇരുത്തുന്നു. വിഡിയോ കാണാം;