ചിയേഴ്സ് എവരിബഡി; ഒരു ഇടതന്‍ മദ്യവിപ്ലവത്തിന്‍റെ കനൽവഴികൾ ഇതാ..!

Thiruvaa-
SHARE

മദ്യം മണക്കുന്ന എപ്പിസോഡാണ്. എന്നുകരുതി ടച്ചിങ്ക്സ് നമ്മളോട് ചോദിക്കരുത്. അതൊക്കെ സര്‍ക്കാരിന്‍റെ വകുപ്പാണ്. അപ്പോ എല്ലാ മുന്നറിയിപ്പുകളും പാലിച്ചുകൊണ്ട് നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. മദ്യത്തിന് ഒരു കുഴപ്പമുണ്ട്. കുടിച്ചുകഴിഞ്ഞ് പറയുന്നത് കെട്ടിറങ്ങിക്കഴിയുമ്പോള്‍ ഓര്‍ക്കണമെന്നില്ല. സാധാരണ അധികം മദ്യപിക്കുമ്പോളാണ് ഈ പ്രശ്നമുള്ളത്. എന്നാല്‍ ഇവിടെ ചിലര്‍ക്ക് മദ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ പണ്ട് പറഞ്ഞത് പലതും ഓര്‍മയില്ല. മദ്യവര്‍ജനം നടപ്പാക്കും, അതാണ് പ്രധാന ലക്ഷ്യം എന്നൊക്കെ അടിക്കടിക്ക് പറയുന്ന പിണറായി സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചു. പുതിയ നയത്തിന് വീര്യം അല്‍പ്പം കൂടുതലാണ്. കൂടുതല്‍ മദ്യശാലകള്‍ തുറക്കും. പോരാത്തതിന് മദ്യ ഉല്‍പ്പാദനം കൂട്ടുകയും ചെയ്യും. ആകെ മൊത്തത്തില്‍ ഒരു ചില്‍ മൂഡാണ്. കെ റെയില്‍ ഉള്‍പ്പെടെ പല കാര്യങ്ങളും നടപ്പാക്കാന്‍ പ്രത്യേക സ്പിരിറ്റ് കാണിക്കുന്ന സര്‍ക്കാരാണിത്. അതുകൊണ്ട് കൂടുതല്‍ സ്പിരിറ്റ് ഉണ്ടാക്കാനും തീരുമാനമുണ്ട്. മലബാര്‍ ഡിസ്‍ലറിയെ വലിയ വാറ്റ് കേന്ദ്രമാക്കും. സാധാരണക്കാര്‍ക്കുവേണ്ടി പലതും ചെയ്യണം എന്നുണ്ടായിരുന്നു. അതിന്‍റെ ഭാഗമായാണ് കുറ്റി കൊടുത്തത്. പക്ഷേ വലിയ പ്രതിഷേധം ഉണ്ടായി. അതിനാല്‍  കുപ്പിയാണ് ഇനി ലക്ഷ്യം. ഇതിനായാണെന്നു തോന്നുന്നു ജവാന്‍ റമ്മിന്‍റെ ഉദ്പാദനം കൂട്ടാന്‍ തീരുമാനിച്ചു. കുപ്പീലാക്കാനാണ് തീരുമാനം. പാര്‍ട്ടിയുടെ താത്വികാചാര്യനായ ഗോവിന്ദന്‍ മാഷിനെക്കൊണ്ട് എന്തൊക്കെയാണ് പിണറായി ചെയ്യിക്കുന്നത്. പിന്നെ മറക്കരുത് മദ്യ വര്‍ജനമാണ് നമ്മുടെ ലക്ഷ്യം. 

മദ്യ വര്‍ജനം നടപ്പാക്കണമെങ്കില്‍ ആദ്യം മദ്യം വ്യാപകമാക്കണം. എന്നിട്ട് പടിപടിയായി നിരോധിക്കണം. അതിനാണ് ശ്രമം. സെമി സ്പീഡ് റെയില്‍വേ തുടങ്ങും എന്ന് പ്രകടന പത്രികയില്‍ ഉണ്ടായിരുന്നല്ലോ. കണ്ടില്ലായിരുന്നോ എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. ആ പ്രകടന പത്രിക നടപ്പാക്കാനാണ് ഇടതുപക്ഷത്തെ ജനം തിരഞ്ഞെടുത്തത് എന്നൊക്കെ വിളിച്ചു പറയുന്ന അതേ സമയത്താണ് മദ്യവര്‍ജനം എന്ന പ്രകടന പത്രികാ വാഗ്ദാനം എല്‍ഡിഎഫ് മറക്കുന്നത്. പറഞ്ഞില്ലേ. മദ്യത്തിന് അങ്ങനൊരു മറവി പ്രശ്നമുണ്ട്.

MORE IN THIRUVA ETHIRVA
SHOW MORE