അടൂരിനെ തേടി ഒരു ബീഹാറി കത്ത്..

adoor
SHARE

മനുഷ്യനെ ചന്ദ്രനിലയക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ഐഎസ്ആര്‍ഒയെപ്പോലെ ബജെപിയും നടത്തുന്നുണ്ടായിരുന്നുവെന്ന സത്യം നമ്മള്‍ നേരത്തേ തിരിച്ചറിഞ്ഞതാണ്. ബി ഗോപാലകൃഷ്ണനായിരുന്നു ആ ശാസ്ത്ര സംഘി. കേരളത്തില്‍ നിന്ന് ഇതര ഗ്രഹയാത്രനടത്താനുള്ള അവസരം ഗോപാലകൃഷ്ണന്‍ നല്‍കിയത് തന്‍റെ അതേ പോരുകാരനായ ഒരു അടൂരുകാരനായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്. പിന്നീടങ്ങോട്ട് ജയ് ശ്രീറാം വിളികള്‍ അധികമങ്ങ് പൊങ്ങിയില്ല. എന്നുവച്ചാല്‍ ശ്രീരാമന്‍റെ പേരില്‍ ഹിജെപി രാജ്യത്ത് വെച്ച ആ വെള്ളം തിളച്ചില്ല. അത് വാങ്ങിവച്ചിട്ടുണ്ടാകും എന്നു നമ്മളൊക്കെ വിശ്വസിച്ചുപോരുന്നതിനിടെയാണ് ബിഹാറില്‍ നിന്ന് ഒരു കവര്‍ അടൂര്‍ ഗോപാലകൃഷ്ണനെ തേടിയെത്തുന്നത്. തന്‍റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് ഏതെങ്കിലും ബിഹാറി അയച്ച കത്തും ഫോട്ടോയുമാണെന്നു കരുതി തുറന്നുനോക്കിയ സംവിധായകന്‍ തിരിച്ചറിഞ്ഞു അത് പൊലീസ് അയച്ചതാണെന്ന്. സിനിമ ബുക്കുചെയ്യാനല്ല. തന്നെ ബുക്കുചെയ്യാന്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്തിക്ക് കത്തയച്ച അന്‍പതു പ്രമുഖര്‍ക്കെതിരെയാണ് കേസ്. റാം റാം. 

ഇനി  കുമ്മനം രാജശേഖരന്‍ എന്ന വിവിഐപി മൈക്ക് പോയിന്‍റില്‍ എത്തുകയാണ്. ജഡ്ജസ് പ്ലീസ് നോട്ട് മിസോറാം ഓണ്‍ സ്റ്റേജ്

പാതിയില്‍ നിന്ന് ഇതു കേട്ടപ്പോള്‍ സത്യത്തില്‍ ബിജെപിക്കാര്‍ വരെ ഞെട്ടി. രാജേട്ടന്‍ അച്ചടക്കം ലംഘിച്ചോ എന്നുപോലും അവര്‍ കരുതി. തനിക്ക് സ്ഥാനാര്‍ഥിത്വം കിട്ടാത്തതിനെപ്പറ്റി കുമ്മനം പറഞ്ഞ ഡയലോഗ് എന്നു തോന്നിക്കുമെങ്കിലും ഇത് അതല്ല കേട്ടോ. ഉപതിരഞ്ഞെടുപ്പിന്‍റെ കാഹളം മുഴങ്ങിയപ്പോള്‍  കാഹളത്തേക്കാള്‍ മുന്നേ ചെവിയിലെത്തിയത് സീറ്റീനായി പാര്‍ട്ടികളില്‍ തുടങ്ങിയ തമ്മിലടിയുടെ ശബ്ദമായിരുന്നു. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ഓട്ടമല്‍സരത്തില്‍ രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ ഇക്കുറി ഗപ്പടിക്കുമെന്ന് അവരും കരുതി. പാകത്തിലൊരു കുങ്കുമ  എംഎല്‍എ വസ്ത്രം കുമ്മനം തയ്പ്പിക്കുകയും ചെയ്തു. നിയമസഭയില്‍ ഇനി രണ്ടു രാജേട്ടന്മാര്‍ എന്ന് അണികള്‍ കുളിരുകൊണ്ടു. അപ്പോളാണ് കേന്ദ്ര നേതൃത്വമായ അമിത് മോദി ദ്വയങ്ങള്‍ സുരേഷാകട്ടെ നമ്മുടെ സാരഥിയെന്ന് പ്രഖ്യാപിച്ചത്. അത് സഹിക്കാന്‍ കുമ്മനം തയാറായിരുന്നു. ഇപ്പോള്‍ ഇതാ കുമ്മനത്തിനാണ് സുരേഷിനെ വിജയിപ്പിക്കാനുള്ള ചുമതല. വേറെ എന്തോ വരാനിരുന്നതാ. 

വട്ടിയൂര്‍ക്കാവിലെത്തിയ ശബരിമല വിഷയത്തിന്‍റെ കലിപ്പിലാണെന്നു തോന്നുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്കെച്ചിട്ടു. ഇടത് സ്ഥാനാര്‍ഥി മേയര്‍ ബ്രോക്ക് കടകംപള്ളി മുട്ടയില്‍ വച്ച കൂടോത്രമാണ് ഈ സീറ്റെന്നായിരുന്നു ആ കണ്ടെത്തല്‍ .കഴക്കുട്ടം മണ്ഡലം കൈവിട്ടുപോകാതിരിക്കാന്‍ അപ്പുക്കുട്ടനിട്ട് അശോകന്‍ ചെക് വച്ചെന്ന്. മൈക്ക് കിട്ടാത്തതിനാലാണോ ഫെയ്സ് കാണിക്കാന്‍ മടിയായതുകൊണ്ടാണോ എന്നറിയില്ല ഫേസ്ബുക്കിലൂടെയായിരുന്നു കടകംപള്ളിയുടെ മറുപടി. വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാന്‍ പറ്റാത്തതിന്‍റെ നിരാശയാണ് കമ്മനത്തിനെന്നായിരുന്നു കടകംപള്ളിമൊഴി. ഗതികെട്ടാ പ്രേതം എന്ന ഒരു വിശേഷണവും രാജേട്ടന് കടകംപള്ളി ചാര്‍ത്തിക്കൊടുത്തു. കമ്യൂണിസ്റ്റുകാര്‍ക്ക് പ്രേതത്തിലൊക്കെ വിശ്വാസമുണ്ടോ എന്നറിയില്ല. എന്നാല്‍ ദേവസ്വം ഭരിക്കുമ്പോള്‍ ചില വിശ്വാസങ്ങള്‍ താനേ തികട്ടിവരും.  

തലസ്ഥാനത്ത് ഇതുമാത്രമല്ല നീറുന്ന പ്രശ്നങ്ങള്‍. ചെറുതും വലുതുമായ അഗ്നിപര്‍വ്വതങ്ങള്‍ യുഡിഎഫില്‍ പുകയുന്നുണ്ട്. പലരേയും വെട്ടി ഗോദയിലെത്തിയ മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍കുമാര്‍ തനിക്ക് തെല്ലും മനുഷ്യാവകാശം ലഭിക്കുന്നില്ലെന്ന് പാര്‍ട്ടിയോട് പരിതപിക്കുകയാണ്. പ്രദേശത്തെ എംപി ശശി തരൂര്‍ മുന്‍ എംഎല്‍എ കെ മുരളീധരന്‍ എന്നിവരെ കാലത്തും ഉച്ചക്കും കാണാതിരുന്നത് മോഹന്‍കുമാര്‍ ക്ഷമിച്ചു. എന്നാല്‍ അത്താഴത്തിനും ഇരുവരും എത്താത്തതോടെ കാര്യം ഏറെക്കുറെ മനസിലായി. സ്വര്‍ണം കായിക്കുന്നതാണെങ്കിലും പുരക്കുമീതേ ചാഞ്ഞ മരം വെട്ടണമെന്ന ചൊല്ല് തെല്ലും അംഗീകരിക്കാത്ത ഒരേ ഒരു കൂട്ടരാണ് കോണ്‍ഗ്രസുകാര്‍. പരസ്യപ്രസ്ഥാവനയും ഗ്രൂപ്പും കുതികാല്‍ വെട്ടുമില്ലാത്ത കോണ്‍ഗ്രസ് മണലില്ലാത്ത മരുഭൂമികണക്കെ ശുഷ്കമാണ്. 

തലസ്ഥാനത്തുമാത്രം നിന്നാല്‍ തമാശകള്‍ പൂര്‍ണമായും ആസ്വദിക്കാനാകില്ല. പത്തനംതിട്ട ജില്ലയിലെ കോന്നിയിലും അരൂരിലും കൊച്ചിയിലുമെല്ലാം ഉപതിരഞ്ഞെടുപ്പുണ്ട്. കോന്നിയില്‍ ശബരിമലയാകും വിഷയമെന്ന് സിപിഎം ഒഴികെയുള്ള ഏവരും വിശ്വസിച്ചു. അപ്പോളാണ് ഇടത് പാളയത്തില്‍ നിന്നും ഒരു ശരണംവിളി ഉയര്‍ന്നത്. ഞെട്ടി പ്ലീനമായ സഖാക്കള്‍ തൂത്തുവാരി പരതിയിട്ടും കോന്നിയില്‍ അങ്ങനൊരു വിശ്വാസി സഖാവിനെ കാണാനായില്ല. ശ്രദ്ധിച്ചുകേട്ടപ്പോളാണ് അത് മഞ്ചേശ്വരത്തുനിന്നുയര്‍ന്ന ശരണംവിളിയാണെന്ന് മനസിലായത്. ശങ്കര്‍റൈ അങ്ങനെ പാര്‍ട്ടിയെ വീണ്ടും ശബരിമലക്കാര്യം ഒര്‍മിപ്പിച്ച സഖാവായി. അതിനുള്ള വടയും കട്ടന്‍ചായയും പാര്‍ട്ടി ഉറപ്പായും കൊടുക്കും. പക്ഷേ രസം അതല്ല. ശരണം വിളിക്കു പറ്റിയ സമയം നോക്കിനിന്ന മഞ്ചേശ്വരത്തെ ബിജെപി വെട്ടിലായി. ആദ്യം വിളിക്കാനുള്ള അവസരം ഇനി ലഭിക്കില്ലല്ലോ. അതുകൊണ്ട് ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്ത് ശങ്കര്‍റൈക്കെതിരെ വാളെടുത്തിറങ്ങി. ഒന്നൊന്നര ഉദാഹരണങ്ങള്‍ കേട്ടിട്ടില്ലാത്തവര്‍ക്ക് ശ്രീകാന്തില്‍ ശിഷ്യപ്പെടാവുന്നതാണ്

അപ്പോ ഇത്രയുമൊക്കെയാണ് ഇന്നത്തെ അസഹിഷ്ണുതകള്‍. അടുത്തയാഴ്ച ഇതുപോലൊക്കെ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് നിര്‍ത്തുകയാണ് 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...