ശബരിമല പറയാനും വയ്യ പറയാതിരിക്കാനും വയ്യാതെ സിപിഎം

thiruva-ethirva-03-10-19
SHARE

പാലാ പാലം കടന്നപ്പോള്‍ ദാ പിന്നെ അഞ്ചിടത്ത് ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുകയാണല്ലോ. തിരഞ്ഞെടുപ്പ് കേരളത്തിലായതുകൊണ്ടും ഇവിടെ ബിജെപിക്ക് വോട്ട് പിടിക്കല്‍ ഒരു അത്യാവശ്യകാര്യമായതുകൊണ്ടും പ്രത്യേകിച്ച് വേറൊന്നും പറയാനില്ലാത്തതുകൊണ്ടും ശബരിമല യുവതീ പ്രവേശനം തന്നെയാവും തങ്ങളുടെ തിരഞ്ഞെടുപ്പ് വിഷയം എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ മുന്‍കൂട്ടി അത് പറഞ്ഞില്ലെങ്കിലും അതല്ലാതെ തല്‍ക്കാലം ബിജെപിക്ക് വേറൊന്നും പറയാനില്ല എന്നത് മലയാളികള്‍ മനസിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു എന്നേയുള്ളു. സിപിഎമ്മിന് ശബരിമല എന്ന് ഉച്ചരിക്കാന്‍ പോലും താല്‍പര്യമില്ല എന്നതാണ് മറ്റൊരു വശം. അങ്ങനെയിരിക്കുമ്പോഴാണ് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി സഖാവ് തന്‍റെ ശബരിമല നിലപാട് വെളിപ്പെടുത്തിയത്. അതൊരു വെളിപാട് തന്നെയായിരുന്നു. ഒരേസമയം യുവതികള്‍ക്ക് പ്രവേശനം ഒപ്പം ആചാരസംരക്ഷണം. ശങ്കര്‍ റേ സഖാവ് ഭാവിയുെട വാഗ്ദാനമാണ്.

ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ സിപിഎമ്മിനാണ്. ഒന്നുകില്‍ പാര്‍ട്ടി നിലപാട് ശങ്കര്‍ റേക്കനുസരിച്ച് മാറ്റേണ്ടിവരും. അല്ലെങ്കില്‍ പാര്‍ട്ടി വിരുദ്ധ നിലപാടിന് ശങ്കര്‍ റേയ്ക്കെതിരെ നടപടിയെടുക്കേണ്ടിയും വരും. പക്ഷേ സംഭവിക്കാന്‍ പോകുന്നത് പാര്‍ട്ടിയും ശങ്കറും തമ്മില്‍ അത് വേ ഇത് റേ എന്നൊരു ലൈന്‍ സ്വീകരിക്കലാണ്. അങ്ങനെ പറയാന്‍ കാരണം ഈ ശങ്കര്‍ റേ ആളൊരു ജഗജില്ലിയാണ് എന്ന് തോന്നുന്നതുകൊണ്ട്. എനിക്കങ്ങനെ തോന്നി. ഇത് കേട്ടാല്‍ നിങ്ങള്‍ക്കും അത് തോന്നും. 

ശങ്കര്‍ റേ സഖാവിന്‍റെ ഇത്തരത്തിലുള്ള മാസ്റ്റര്‍ സ്ട്രോക്കുകളില്‍പെട്ട് വീണുപോകാതിരിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി കമറുദ്ദീന്‍റെ ശ്രമങ്ങള്‍. ക്യാമറക്കു മുന്നില്‍ നാടകം കളിക്കാന്‍ കുട്ടികളെ ഏര്‍പ്പെടുത്തുന്ന രീതി ഈ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഇനിയെങ്കിലും നിര്‍ത്തണം. അവര്‍ മനസില്‍ കളങ്കമില്ലാത്തവരാണ്. അഭിനയിക്കാന്‍ ഒട്ടും അറിയാത്തവര്‍. 

എല്ലാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കേരളത്തില്‍ സ്ഥിരം കേള്‍ക്കുന്ന ഒന്നാണ് ബിജെപിയുടെ വോട്ടുകച്ചവടം എന്നത്. ഇത്തവണ പക്ഷേ സംഗതി വെറൈറ്റി ആണ്. പ്രചാരണക്കാലത്തു തന്നെ വോട്ടുകച്ചവടം അവതരിച്ചു. കോണ്‍ഗ്രസ് ആണ് ആദ്യം കേറി ഗോളടിച്ചത്. മുല്ലപ്പള്ളിയുടെ ഒരു സിസര്‍ കട്ട്. ആദ്യം പകച്ചെങ്കിലും മലയാളത്തിലെ ചില പ്രത്യേക പദങ്ങളെടുത്ത് പ്രയോഗിക്കുന്നതില്‍ അഗ്രഗണ്യനായ പിണറായി വിജയന്‍ സഖാവ് തന്നെ മറുപടിയും കൊടുത്തു.  

നവോത്ഥാനം പ്രസംഗിച്ചുനടന്ന ആളാണ്. പോരാത്തതിന് മലയാള ഭാഷയ്ക്ക് വേണ്ടി സമരങ്ങളും നടക്കുന്ന സമയം. പക്ഷേ ഈ ചെറ്റത്തരം എന്നൊക്കെ പറയുന്നതിലെ രാഷ്ട്രീയ ശരികേട് എങ്കിലും ആ സഖാവിന് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കണം. ഉപദേശികളില്‍ ആരെങ്കിലും ഒരാള്‍ പറഞ്ഞുകൊടുത്താല്‍ മതി. ഒന്നുമില്ലെങ്കിലും സമൂഹത്തില്‍ അധകൃതരായവരെ മുഖ്യധാരയിലെത്തിക്കലാണ് ഇടതുപക്ഷം എന്നാണല്ലോ വയ്പ്. സംസാരത്തിലെങ്കിലും അതൊക്കെയാവാം. അത് പോട്ടെ. ഈ ബിജെപിയുടെ ഒരു കാര്യം കഷ്ടമാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്. വലിയ സംഭവമാണ്. പക്ഷേ കേരളത്തില്‍ മറുപടി പറയേണ്ടത് വോട്ടുകച്ചവടത്തെക്കുറിച്ചും. വല്ലാത്തൊരു ദുരന്തമാണത്.

വോട്ടുകച്ചവടം അവിടെ നില്‍ക്കട്ടെ. കേരള ബിജെപിക്ക് പിന്നെ പറയാനുള്ളത് കുമ്മനത്തിന്‍റെ സ്ഥാനാര്‍ഥിത്വമാണ്. ഇതൊക്കെയാണ് ഈ പാര്‍ട്ടിയുടെ പ്രശ്നം. ആര്‍ക്കും ഒരു കാര്യവുമില്ലാത്ത കാര്യങ്ങളില്‍ മറുപടി കൊടുത്ത് മടുക്കും. അതുകൊണ്ട് ശ്രീധരന്‍ പിള്ളാജി രണ്ടും കല്‍പിച്ചാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ്  കണ്‍വെന്‍ഷനില്‍ എത്തിയത്. പാവം. ഗതികെട്ടിട്ടാണ്.

കൊച്ചിയിലെ സീന്‍ വേറെയാണ്. അവിടെ കെ.വി. തോമസ് മാഷിനെ വേദിയിലിരുത്തി മുന്‍ ഗവര്‍ണര്‍, മുന്‍ യുഡിഫ് കണ്‍വീനര്‍, മുന്‍ എം.എല്‍എ, മുന്‍ മന്ത്രി അങ്ങനെ കുറെ കുറെ മുന്‍ ആയ ശങ്കരനാരായണന്‍ ഇറച്ചി വെട്ടുംപോലെ വെട്ടിക്കൊണ്ടിരിക്കാണ്. വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനമോഹികളുടെ ആര്‍ത്തി എന്നതാണ്. പറയുന്നതൊക്കെ തോമസ് മാഷെ ഉദ്ദേശിച്ചാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് കേവലം യാഥാര്‍ഥ്യം മാത്രം. 

ശങ്കരനാരായണന് അങ്ങനെ ഒക്കെ പറയാം. ഇനി എല്ലാം നിര്‍ത്തുകയുമാവാം. ബാക്കിയുള്ളവര്‍ അങ്ങനെയല്ലല്ലോ. ഒരു ഗവര്‍ണറൊക്കെ ഈ അടുത്തകാലത്ത് പോലും പ്രതീക്ഷിക്കാന്‍ പറ്റില്ലല്ലോ ഒരു കോണ്‍ഗ്രസുകാരന്. പിന്നെ ആകെ പ്രതീക്ഷ ഒരു എംഎല്‍എയോ എംപിയോ ഒക്കെയാണ്.

അപ്പോ ഇനി തിരുവനന്തപുരത്തേക്ക് പോയാല്‍ അവിടെ കൊടിക്കുന്നില്‍ സുരേഷുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രായസിദ്ധാന്തങ്ങളാണ് കൊടിക്കുന്നിലിന്‍റെ വിഷയം. ഒരു പ്രത്യേകതരം ജീവിതം തന്നെയാണ് ഈ രാഷ്ട്രീയക്കാര്‍ക്ക്. യുവത്വം പ്രായത്തെ അടിസ്ഥാനപ്പെടുത്തിയല്ലന്ന പുത്തന്‍ കണ്ടെത്തലാണ് ഇവിടെ സംഭവിച്ചത്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...