ഉപതിരഞ്ഞെടുപ്പു ഗോദായിൽ ആയുധങ്ങളിറക്കി; പയറ്റിതെളിയാന്‍ നേതാക്കള്‍

ethirva
SHARE

ഓണ്‍ലൈന്‍ കച്ചവട സൈറ്റുകളൊക്കെ നവരാത്രി പ്രമാണിച്ച് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ചൂട് തുടങ്ങിയ  ഇതേ നവരാത്രി കാലത്ത്  വില്‍ക്കാനുള്ള വോട്ടിനും ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ രാഷ്ട്രീയ  പാര്‍ട്ടികള്‍ തയാറാകണമെന്നു പറഞ്ഞുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വ.

വട്ടിയൂര്‍ക്കാവിലെ കിരീടം വച്ച രാജാവ് കെ മുരളീധരന്‍ വടകരയില്‍ പുതിയ ദൗത്യത്തിലാണ്. മുരളി പോയ ഒഴിവില്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ കിരീടത്തിന്‍റെ അനന്തരാവകാശിയെ താന്‍ തന്നെ കണ്ടെത്തുമെന്നായിരുന്നു മുരളീധരന്‍റെ പ്രഖ്യാപനം. അതിനു പറ്റിയ തല കക്ഷി കണ്ടുവയ്ക്കുകയും ചെയ്തു. മുരളിയോട് തെല്ലും മനുഷ്യാവകാശം കാട്ടിതിരുന്ന പാര്‍ട്ടി മനുഷ്യാവകാശത്തിനുവേണ്ടി നിലകൊണ്ടിരുന്ന കെ മോഹന്‍കുമാറിനെ വട്ടിയൂര്‍ക്കാവിലേക്ക് തീരുമാനിച്ചു. പാര്‍ട്ടിയോട് വിനീത വിധേയനായിരിക്കുമെന്നു പ്രഖ്യാപിച്ച മുരളി മോഹന്‍കുമാറിന്‍റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനിലെത്തി. താന്‍ കണ്ണിലെ കൃഷ്ണമണിയായി കൊണ്ടുനടന്ന നാടിനെപ്പറ്റി വാചാലനായി. എന്നാല്‍ കെ മോഹന്‍കുമാര്‍ എന്ന പിന്‍മുറക്കാരന്‍റെ പേര് മുരളി ഉച്ചരിച്ചേയില്ല. തനിക്കുശേഷം പ്രളയം എന്ന ലൈനിലായിരുന്നു പോക്ക്. മുരളി ഒന്ന് മുഖത്തുനോക്കിയിരുന്നെങ്കില്‍ ചിരിച്ചെങ്കിലും കാണിക്കാമെന്നു കരുതിയ സ്ഥാനാര്‍ഥിക്ക് നിരാശയായിരുന്നു ഫലം. 

എന്തുകൊണ്ടാണ് മുരളി ഇങ്ങനെ പെരുമാറുന്നതെന്ന് രമേശ് ചെന്നിത്തലക്ക് നന്നായറിയാം. ഐ ഗ്രൂപ്പുകാരാണെങ്കിലും ഐ അഥവാ ഞാന്‍ എന്ന ഭാവം സ്വന്തമായുള്ളവരാണ് രണ്ടുപേരും. മുരളിയുടെ മനസ് ഒന്ന് തണുക്കട്ടെ എന്നു വിചാരിച്ചാകണം ചെന്നിത്തല വടകര എംപിടെ പൊക്കി പൊക്കി പലതും കാച്ചി. ഒന്നും കാണാതല്ല ചെന്നിത്തല മുരളിയെ ഡല്‍ഹിക്കയച്ചത്. അത് മുരളിക്കും നന്നായറിയാം. ചൂടായി നില്‍ക്കുന്ന വണ്ടിയുടെ ബോണറ്റില്‍ കുടം കണക്കെ വെള്ളമാണ് ചെന്നിത്തല കമഴ്ത്തുന്നത്. തണുക്കുന്നെങ്കില്‍ തണുക്കട്ടെ

പാലാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് ചെറുതല്ലാത്ത ഷോക്കാണ് നല്‍കിയത്. അതിന്‍റെ സ്ഥലകാല വിഭ്രമത്തില്‍ നിന്ന് ജോസ് കെ മാണിയും പിജെ ജോസഫും ഒഴികെയുള്ള വലത് നേതാക്കള്‍ മുക്തരായിട്ടില്ല. മാണിസി കാപ്പന്‍ ജയിച്ചു എന്നു ടിവിയില്‍ കണ്ട അന്നു മുതല്‍ പരസ്പര ബന്ധമില്ലാത്ത വര്‍ത്തമാനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. നമ്മള്‍ തോറ്റിട്ടില്ല നമള്‍ തോറ്റിട്ടില്ല എന്ന് ഇടക്കിടക്ക് പറയുന്നതാണ് ഇപ്പോളത്തെ പ്രധാന പ്രശ്നം. എല്ലാം ഉള്‍ക്കൊള്ളാന്‍ കുറച്ചു സമയം ആവശ്യമാണല്ലോ. ഇതൊന്നും ഒരു തോല്‍വിയേ അല്ല എന്ന ലൈനില്‍ നടക്കുന്ന പിജെ ജോസഫിനെ കൊല്ലാനുള്ള ദേഷ്യവും ചെന്നിത്തലക്കുണ്ട്. 

വട്ടിയൂര്‍ക്കാവിലെ ഇതേ പ്രശ്നം ഇങ്ങ് കോന്നിയിലുമുണ്ട്. ഐ ഗ്രൂപ്പുകാരന്‍തന്നെയായ അടൂര്‍ പ്രകാശാണ് മുരളിക്കു പകരം അവിടെ വേഷം കെട്ടുന്നത്. തന്‍റെ അനുയായി റോബിന്‍ പീറ്ററിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതാണ് പ്രകാശിന്‍റെയും പ്രശ്നം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച സൂപ്പര്‍ ഹീറോകളായതിനാല്‍ ഈ നാവുപാടലൊക്കെ കോണ്‍ഗ്രസ് സഹിച്ചേ പറ്റൂ. പിന്നെ ഏക ആശ്വാസം പരസ്യ പ്രസ്ഥാവനക്ക് പാര്‍ട്ടിയില്‍ വിലക്കുള്ളതാണ്. ഇത്രയും ജനകീയരായ നേതാക്കള്‍ ഉണ്ടായിട്ടാണോ യഡിഎഫ് പ്രതിപക്ഷത്തിരിക്കുന്നത് എന്നോര്‍ക്കുമ്പോളാ.  സ്ഥാനാര്‍ത്ഥി മോഹന്‍രാജിന്‍റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പങ്കെടുക്കില്ലെന്ന സൂചന നല്‍കി പ്രകാശ് മാറിനിന്നു. പിന്നെ അണികള്‍ തോളിലിട്ടാണ് വേദിയിലെത്തിച്ചത്. 

അതെ പത്തുമിനിട്ടിനകം എല്ലാം മാറിമറയും. പറയുന്നത് മറ്റാരുമല്ല. സ്ഥാനാര്‍ഥിതന്നെയാണ്. എന്താണ് അടൂര്‍പ്രകാശിനെ തണുപ്പിക്കാന്‍ മോഹന്‍ രാജ് കാത്തുവച്ചിരിക്കുന്ന പാശുപതാസ്്ത്രം എന്നല്ലേ. ദാ വേദിയിലേക്ക് കണ്ണുനട്ടോളൂ

ഇടവേളയാണ്. ഇടവേളക്കു ശേഷം ഉമ്മകിട്ടിയ അടൂര്‍ പ്രകാശിന്‍റെ പ്രകടനം ഉണ്ടായിരിക്കും

*

മോഹന്‍രാജിന്‍റെ ഉമ്മ വാങ്ങിയ അടൂര്‍ പ്രകാശ് വാചാലനായി. സ്ഥാനാര്‍ഥിയെക്കുറിച്ചല്ല. മറിച്ച് തന്‍റെ നോമിനിയായിരുന്ന റോബിന്‍ പീറ്ററിനെക്കുറിച്ച്. 

ഇനി റോബിന്‍പീറ്ററാണ് സ്ഥാനാര്‍ഥിയെന്ന് പ്രകാശ് തെറ്റിദ്ധരിച്ചുവെന്നുകരുതിയാണ് കൊടിക്കുന്നില്‍ സുരേഷ് ഇടപെട്ടത്. അതോടെ പരിസര ബോധം വീണ്ടെടുത്ത അടൂര്‍പ്രകാശ് പിന്നെ ട്രാക്കിലായി. കൊടിക്കുന്നില്‍ ഒച്ചവെച്ചില്ലായിരുന്നെങ്കില്‍ പ്രകാശ് ഉണരില്ലായിരുന്നു. തീര്‍ച്ച

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തൊമ്പത് മണ്ഡലങ്ങളും മുഖം തിരിച്ചപ്പോള്‍ ഒരേയൊരു ആലപ്പുഴ മാത്രമായിരുന്നു ഇടതിനെ തുണച്ചത്. അതിന് കാരണക്കാരനായത് അരൂര്‍ എംഎല്‍എ ആയിരുന്ന എഎം ആരിഫും. അതുകൊണ്ടുതന്നെ അരൂരിനെ വല്ലാതങ്ങ് സ്നേഹിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതിരഞ്ഞെടുപ്പില്‍ ഏതൊക്കെ മണ്ഡലങ്ങൾ തന്നെ ചതിച്ചാലും അരൂരിന് അതിനാകില്ലെന്ന് സ്വയം പറയുകയാണ് പിണറായി.

പാലാ ഉപതിരഞ്ഞെടുപ്പ് നല്‍കിയ കോണ്‍ഫിഡന്‍സിലാണ് പിണറായി കത്തിക്കയറുന്നത്. ഉപതിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന ഏര്‍പ്പാട് പഴങ്കഥയാണെന്നാണ് മുഖ്യന്‍ പറയുന്നത്. തന്ത്രം അറിയുന്നവനാണ് മന്ത്രി. അപ്പോള്‍ മുഖ്യ തന്ത്രങ്ങള്‍ മെനയുന്നവനായിരിക്കണം മുഖ്യമന്ത്രി. ഉപതിരഞ്ഞെടുപ്പു ഗോദായിക്ക് പറ്റിയ ആയുധങ്ങള്‍ പിണറായി തയ്യാറാക്കിക്കഴിഞ്ഞു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...