പശു ചത്തു, മോരിലെ പുളിയും പോയി;കേരളാ കോൺഗ്രസ് തുടങ്ങിയിട്ടേയുള്ളൂ

thiruva30
SHARE

പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് പശൂം ചത്ത് മോരിലെ പുളിയും പോയി പക്ഷേ കേരള കോണ്‍ഗ്രസിലെ യഥാര്‍ഥ പോരാട്ടം തുടങ്ങീയതേയുള്ളു. ഈ ആവേശം ആ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കാണിച്ചിരുന്നെങ്കില്‍ കുറച്ചൂടെ വോട്ടൊക്കെ ഇങ്ങോട്ട് പോന്നേനെ. പറഞ്ഞിട്ട് കാര്യമില്ല. എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടല്ലോ. കേരള കോണ്‍ഗ്രസ് മാണിവിഭാഗം സോറി ജോസ് കെ. മാണി വിഭാഗം അത്തരമൊരു ദോഷസമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. കര്‍മമാണ് ഫലം എന്നാണല്ലോ. അങ്ങനേയും കാണാം.

കോണ്‍ഗ്രസ് പറയുന്നത് പാലായിലെ തോല്‍വി ഷോക്ക് ട്രീറ്റ്മെന്‍റാണ് എന്നൊക്കെയാണ്. ജനങ്ങളുടെ ഒരു പഠിപ്പിക്കല്‍ ആണുപോലും. എന്തിനാണ് ഇങ്ങനെയൊരു ഷോക്ക് തന്നത് എന്നത് ഇത്രേം ദിവസമായിട്ടും മനസിലാകാത്ത ഒരാളെ ഈ കേരളത്തിലുള്ളു. അത് ജോസ്. കെ. മാണിക്കാണ്. ജോസ് ഇപ്പോഴും ഇതൊരു യുഡിഎഫ് സംയുക്തമായി ഏറ്റെടുക്കേണ്ട പരാജയമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഒറ്റയ്ക്കായിപ്പോയതിന്‍റെ പ്രശ്നമാണ്. ഒറ്റയ്ക്ക് കാര്യങ്ങളെല്ലാം ചെയ്യുമ്പോള്‍ ആരും ഇതൊന്നും ഓര്‍ക്കാറില്ല. 

മാണി കോണ്‍ഗ്രസിന്‍റെ ഭാവിയെ സംബന്ധിച്ച് കോട്ടയത്ത് പോലും ആളുകള്‍ക്കിടയില്‍ വലിയ ചര്‍ച്ചപോലും നടക്കുന്നില്ലാന്നാണ് കേള്‍ക്കുന്നത്. ഒന്നാമത് ജോസ് കെ.മാണി ചെയര്‍മാന്‍ സ്ഥാനത്തിനായി പാലം വലിച്ചതുമുതല്‍ പാര്‍ട്ടിക്ക് ഇനി ഭാവിയില്ല ഭൂതമേ ഉള്ളൂവെന്നാണ് പരമ്പരാഗത കേരള കോണ്‍ഗ്രസുകാര്‍ പറഞ്ഞുനടക്കുന്നത് തന്നെ. കുറച്ചെങ്കിലും ഭാവി കിട്ടണേയെന്ന പ്രാര്‍ഥനയോടെയാണ് സി.എഫ്. തോമസ് അടക്കമുള്ളവര്‍ ചേരി മാറി ജോസഫിനൊപ്പം പോയത്. ഭാവിയെ ഭൂതം വിഴുങ്ങാതിരുന്നാല്‍ മതിയായിരുന്നു. എല്ലാം കണ്ടും കേട്ടും ആ രണ്ടില നില്‍ക്കുന്നതാണ് സഹിക്കാന്‍ പറ്റാത്തത്. 

രണ്ടിലയുടെ ഭാഗത്തു നിന്ന് ചിന്തിച്ചാല്‍ പി.ജെ. ജോസഫിന്‍റെ കൈവശമാണ് അതുള്ളത്. രണ്ടിലയുടെ യജമാനന്‍ കെ.എം. മാണിയായിരുന്നു. അദ്ദേഹം ഇപ്പോഴില്ല. എന്നാല്‍ കൈകാര്യം ചെയ്യാന്‍ അവകാശമുള്ള ജോസഫിനെ ജോസ് കെ.മാണി അതിനങ്ങോട്ട് സമ്മതിക്കുന്നുമില്ല. പെട്ടത് രണ്ടിലയാണ്. ഇറങ്ങിപ്പോയി വേറെ വല്ല പാര്‍ട്ടിക്കും ചിഹ്നമാവാന്‍ കൊതിക്കുന്നുണ്ടാവും ആ പാവം രണ്ടില. സത്യത്തില്‍ രണ്ടിലയുടെ ജീവതകഥയില്‍ ആരാണ് വില്ലന്‍. ജോസഫോ, ജോസ് കെ. മാണിയോ. സുപ്രധാനപ്പെട്ട ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ജോസ് ടോം എന്ന തോറ്റ എം.എല്‍.എ. ജോസ് ടോമിന്‍റെ തിരക്കഥയനുസരിച്ച് ജോസഫാണ് വില്ലന്‍. ജോസഫ് വില്ലനായ തിരക്കഥയുടെ പ്രകാശനം നടത്തിയ ശേഷമാണ് സിനിമയെക്കുറിച്ച് ജോസ് ടോം സംസാരിച്ചത്. തിരഞ്ഞെടുപ്പില്‍ മാത്രമല്ല, സ്വന്തം തിരക്കഥ വിവരിക്കുന്നതിലും ജോസ് ടോം ഒരു അതിഗംഭീര തോല്‍വിതന്നെയാണ്്.

കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ കാവിലേക്ക് തയ്പ്പിച്ചു വച്ച സ്ഥാനാര്‍ഥി കുപ്പായം തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുരേഷ് അണിയും. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ വരെ വട്ടിയൂര്‍കാവില്‍ കുമ്മനം രാജന്‍ സ്ഥാനാര്ഥിയെന്ന് പ്രഖ്യാപിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയുെട പ്രചാരണചുമതല മതി കുമ്മനത്തിനെന്ന് കേന്ദ്രത്തില്‍ നിന്ന് തീരുമാനം വന്നത്. കുമ്മനം ഇല്ലെങ്കിലും സുരേന്ദ്രന്‍ കോന്നിയിലേക്കുണ്ട്. ശബരിമല കേസില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ പത്തനംതിട്ട ജില്ലയിലെ ഏത് തിരഞ്ഞെടുപ്പിനും സുരേന്ദ്രനെ ഇരുമുടികെട്ടുമായി പാര്‍ട്ടി ഗോദയിലിറക്കും.

സുരേന്ദ്രന്‍റെ മല്‍സരിക്കാനുള്ള വിമുഖത പാര്‍ട്ടി തള്ളിക്കളയുകയായിരുന്നു. കുമ്മനത്തിന്‍റെ സ്ഥിതി അതല്ല. പെട്ടു എന്നുപറഞ്ഞാല്‍ മതിയല്ലോ. ഒരര്‍ഥത്തില്‍ വല്ല കേന്ദ്രമന്ത്രിസ്ഥാനവും തരാന്‍ വേണ്ടിയായിരിക്കണം മല്‍സരിക്കണ്ടാന്ന് പാര്‍്ടടി തീരുമാനിച്ചത്. ഇനി ഇപ്പോ അങ്ങനെയൊക്കെ പ്രതീക്ഷിക്കുകയേ വഴിയുള്ളു. ഒരു വട്ടം ഗവര്‍ണര്‍ ആയ സ്ഥിതിക്ക് ഇനി ആ വഴിക്ക് പോവാന്‍ വഴിയില്ല. എന്നാലും മോഹിപ്പിക്കാനാണെങ്കില്‍ ഇങ്ങനെയൊന്നും വേണ്ടായിരുന്നു. 

ഇതൊക്കെ സഹിക്കാം. എല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണല്ലോ എന്ന് കരുതിയാ മതി. പക്ഷേ ഇല്ലാത്ത കാര്യം നമ്മളെ സാക്ഷി നിര്‍ത്തി പറയരുത്. ആ എം.ടി. രമേശ്ജി പറഞ്ഞതുകേട്ടോ, കുമ്മനംജി വിമുഖത കാട്ടിയെന്നും അത് പാര്‍ട്ടി മനസിലാക്കി എന്നൊക്കെയങ്ങ് തള്ളുകയല്ലേ. കുമ്മനമാണെങ്കില്‍ പാര്‍ട്ടി പറ്ഞ്ഞാല്‍ എന്തിനും തയ്യാറായിരുന്നു. ഈ എന്തിനും എന്നും പറഞ്ഞാല്‍ മല്‍സരിക്കാന്‍ എന്നേ അര്‍ഥമുള്ളു. 

ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയല്ലോ. കോന്നിയില്‍ ഇടഞ്ഞുനിന്ന അടൂര്‍ പ്രകാശിനെ പാര്‍ട്ടി വശത്താക്കിയിട്ടുണ്ട്. എന്ത് വാഗ്ദാനമാണ് നല്‍കിയത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വഴിയെ അറിയാം. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന്‍റേതായിരുന്നു ഈ ദിവസം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...