ബിജെപിയുടെ സ്വയരക്ഷാ യാത്രയും ഇന്ധനവിലവര്‍ധനയും തല്ക്കാലം മാറ്റിവച്ചാല്‍ ഇന്നത്തെ എപ്പിസോഡില്‍ ആദ്യം പറയാന്‍ പോകുന്നത് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ ഉണ്ടാക്കിയ കഥയാണ്. യുഡിഎഫുകാര്‍, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. വിഷയം രാജ്യത്ത് അനിയന്ത്രിതമായി പെട്രോളിനും ഡീസലിനും വിലവര്ധിക്കുന്നുണ്ട് എന്നതാണ്. വിലനിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് ചരിത്രം സൃഷ്ടിച്ച പാര്‍ട്ടിയാണ് സമരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഹര്‍ത്താല്‍ വിരുദ്ധ ബില്‍ വരെ നിയമസഭയില്‍ കൊണ്ടുവന്ന രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എന്നത് അതിലും വലിയ മറ്റൊരു പ്രത്യേകതയാണ്.
ഇങ്ങനെ വലിയ കാരണമൊക്കെ ഉണ്ട് ഈ ഹര്ത്താലിനെന്ന് മനസിലായല്ലോ. കാരണം വലുതായാല്‍ പിന്നെ യുഡിഎഫ് കൈയ്യും കെട്ടി ഇരിക്കില്ല എന്നാണ് ഈ പറഞ്ഞുവരുന്നത്. അല്ലെങ്കിലും വലിയൊരു അധ്വാനവും കൂടാതെ ജനങ്ങളെ വീട്ടിലിരുത്തി നാട് സ്തംഭിപ്പിക്കുന്ന എളുപ്പം പിടിച്ച ഒരു സമരമുറയാണല്ലോ ഈ ഹര്‍ത്താല്‍. അതാണതിന്റെ അട്രാക്ഷന്. അല്ലാതെ വേറൊന്നുംകൊണ്ടല്ല ഹര്‍ത്താല്‍ വിരുദ്ധരെകൊണ്ട് ഹര്‍ത്താല്‍ ആചരിപ്പിക്കുന്നത്.
ഇതാണ് പ്രശ്നം. കുറെ ദിവസം മുന്നേക്കൂട്ടിയൊക്കെ ഹര്‍ത്താലിന്റെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല. ആ ദിവസം ഈ നാട്ടില്‍ എന്തൊക്കെ നടക്കുമെന്ന മിനിമം അറിവെങ്കിലും വേണം. അങ്ങനെയാണ് മലപ്പുറത്ത് വച്ച് 13ന് ഹര്‍ത്താല്‍ എന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ തിരുവനന്തപുരത്തെ ഓഫീസീന്ന് പതിമൂന്ന് പന്ത്രണ്ടായി അറിയിപ്പുണ്ടായത്.
ഒന്നുകില്‍ ഇടയ്ക്കിടെ ഹര്‍ത്താല്‍ ഈ പരിപാടിയില്‍ ഒരു മുന്‍പരിചയം ഉണ്ടാക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ മിനിമം ഒരു പത്രമെങ്കിലും വായിക്കണം. സംഗതി കോണ്ഗ്രസുകാരൊക്കെയാണെങ്കിലും നാട്ടില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി ഒരു ധാരണയൊക്കെ ഉണ്ടാവുന്നത് അത്രവലിയ തെറ്റൊന്നുമല്ല.