മദ്യത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ നയം എന്താണെന്ന് അറിയുന്നതാണല്ലോ. മദ്യവര്‍ജനമാണ് ആ നയം. അതായത് മദ്യം നിരോധിക്കലല്ല. മറിച്ച് മദ്യം യഥേഷ്ടം ലഭ്യമാക്കി ആളുകള്‍ക്ക് അതിനോടൊരു മടുപ്പ് തോന്നിത്തുടങ്ങണം. അങ്ങനെ സ്വയം അവര്‍ കുടി നിര്‍ത്തും. ഇങ്ങനെയാണ് ആ നയം. അപ്പോ പിന്നെ ഓണമൊക്കെ വരുമ്പോള്‍ സര്‍ക്കാരിനെ സംബന്ധിച്ച് നാടിന്റെ മുക്കിലും മൂലയിലും മദ്യം കിട്ടാനുള്ള വകുപ്പുണ്ടാക്കുക എന്നതുതന്നെയാണ്. അതിനിപ്പോ സുപ്രീം കോടതി വിധിയൊക്കെയുണ്ടെങ്കിലും അത് മറികടക്കാനൊക്കെ സര്‍ക്കാരിനറിയാം. ഇടതുസര്ക്കാരിനെക്കുറിച്ച് സുപ്രീം കോടതിക്കൊന്നും ഒരു ചുക്കും അറിയില്ല.
കദനകഥയൊക്കെ മദ്യഷാപ്പില്‍ പോയി മറക്കാമെന്ന് വച്ചാലും സംസ്ഥാനത്തെ റോഡുകളുടെ കാര്യത്തില്‍ അന്ന് സുപ്രീം കോടതി വിധി വന്ന സമയത്ത് മന്ത്രി പറഞ്ഞത് എങ്ങനെ മറക്കാനാണ്. നാട്ടിലെ ഒരു റോഡ് സംസ്ഥാനപാതയായി മാറുന്നതിനെ താത്വികമായി സമീപിച്ചവരാണ് പെട്ടെന്ന് ഒരുദിവസം തരംതാഴ്ത്തിയത്. നാട്ടിലെ റോഡുകള്‍ക്കൊന്നും വോട്ടില്ലാതായത് ഭാഗ്യം. പക്ഷേ റോഡിനിരുവശത്തും ആളുകള്‍ താമസിക്കുന്നുണ്ടെന്ന കാര്യം മറക്കാന്‍ പാടില്ലായിരുന്നു. ഇല്ലെങ്കില്‍ അവര്‍ ഓര്‍മിപ്പിക്കും.