ഉരുള് പൊട്ടിയ നേരത്തും തൊട്ടടുത്ത ദിവസങ്ങളിലും അനുഭവിച്ചതിനേക്കാള്‍ വലിയ മാനസിക പ്രയാസത്തിലാണ് മുണ്ടക്കൈ–ചൂരല്‍മല ദുരിതബാധിര്‍ പലരും ഇപ്പോള്‍. അതിശയോക്തി പറയുന്നതല്ല. അന്നാട്ടിലെ ജനപ്രതിനിധികളുടെ വാക്കാണത്. ജീവനാംശമായി ദിവസവും നല്‍കുമെന്ന് പ്രഖ്യാപിച്ച 300 രൂപ രണ്ട് മാസമായി മിക്കവരുടെയും അക്കൗണ്ടിലെത്തിയിട്ടില്ല. താല്‍കാലിക വാടകവീട്ടിലുള്ള പലര്‍ക്കും പ്രഖ്യാപിച്ച വാടക കിട്ടുന്നില്ല. പരുക്കേറ്റവര്‍ക്ക് ചികില്‍സയ്ക്ക് ആദ്യം ഒരു തുക കിട്ടിയതല്ലാതെ തുടര്‍ ചികില്‍സയ്ക്ക് വഴിയില്ല. ഭൂരിഭാഗം ജോലിയില്ല, ജീവനോപാധിയില്ല, 34 കുടുംബത്തിന് സന്നദ്ധ സംഘനകള്‍ പലയിടത്തായി കച്ചവടത്തിന് വഴിയൊരുക്കി എന്നല്ലാതെ സര്‍ക്കാരിന്‍റെ താങ്ങുണ്ടായിട്ടില്ല. തിരിച്ചുകിട്ടിയ 18 മൃതദേഹളുടെ, 98 ശരീരഭാഗങ്ങളുടെ DNA ഫലം ഇനിയും വന്നിട്ടില്ല. ഇവയ്ക്ക് പുറമെ, ഏറ്റവും കാതലായ പ്രശ്നം, അവര്‍ക്കുള്ള വീട്.. ‘ടൗണ്‍ഷിപ്പ് ’ എന്ന വാക്ക്. അതിനുള്ള സര്‌ക്കാരിന്‍റെ ആദ്യ പടി തന്നെ കോടതി കയറി. കേസിലായി. ഇനി എത്ര കാത്തിരിക്കണം ? വീടും മറ്റും വാഗ്ദാനം ചെയ്ത രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധ സംഘടനകളുമുണ്ട്. പ്ലാനെന്താണ് ? വയനാട് സ്വന്തം നിലയ്ക്ക് വേണോ അതിജീവിക്കാന്‍ ? അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ.. 4 മാസമാണ് കടന്നുപോയത്. ഇന്ന് രാവിലെ 3 മണിക്കൂര്‍ പ്രത്യേക ലൈവത്തണിലൂടെ മനോരമ ന്യൂസ് ഈ വേദനകള്‍ നാടാകെ കേള്‍പ്പിച്ചു. ഇനി വേണ്ടത് തീര്‍പ്പാണ്.