മുണ്ടക്കൈ –ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം തീർത്തു ഇന്ന് ഇടതുമുന്നണി. മോദി ഒരു ഡിസാസ്റ്റര്‍ ടൂറിസ്റ്റെന്നും, വയനാടിന്റെ കണ്ണീരിനെ ആസ്വദിക്കുന്ന മാനസികാവസ്ഥയിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്. അദാനിക്കൊപ്പം നടക്കുന്നവർക്ക് മനുഷ്യന്റെ വേദന മനസിലാകില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. അങ്ങനെ അങ്ങോളമിങ്ങോളം അതിരൂക്ഷ വിമര്‍ശനം. പ്രിയങ്കാ ഗാന്ധിയടക്കം ഭരണ– പ്രതിപക്ഷ എം.പിമാര്‍ ഒന്നിച്ച് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് ഒരിക്കല്‍ കൂടി പറഞ്ഞു, വയനാട് പാക്കേജ്. 2,221 കോടിയാണ് ചോദിച്ചത്. മന്ത്രി തല സമിതി ഈ കാര്യം പരിശോധിക്കുന്നു എന്നു മാത്രമാണ് ഒടുവിലുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിവരം. ഒരു മഹാദുരന്തം നാല് മാസം പിന്നിടുമ്പോഴും ഇരകളോട് ആത്മാര്‍ഥയില്ലാത്ത, കരുണയില്ലാത്ത സമീപനമോ കേന്ദ്രത്തിന്‍റേത് ? നിയമത്തിന്‍റെ സങ്കീര്‍ണതകളുടെ ന്യായം മതിയോ ജീവന്‍ മാത്രം ബാക്കിയായ മനുഷ്യര്‍ക്ക് ? കേന്ദ്രം പണംതന്നാലും ഇല്ലെങ്കിലും പുനരധിവസിപ്പിക്കുമെന്ന സമര മുദ്രാവാക്യം നല്ലതാണ്. അത് പറയുന്ന പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും ഈ നാലുമാസക്കാലം ദുരിതബാധിതര്‍ക്ക് വേണ്ടതെല്ലാം ചെയ്തോ ?