ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. അനില്‍ കപൂറിന്റെ മകന് ഹര്‍ഷ് വര്ദ്ധന് കപൂര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം കണ്ണന് അയ്യരാണ് സംവിധാനം ചെയ്യുന്നത്.
കഥാപാത്രത്തെ പുര്‍ണ്ണമായി ഉള്‍കൊള്ളാനുള്ള തയ്യാറെടുപ്പിലാണ് ഹര്‍ഷ് വര്ദ്ധന് ഇതിനായി ഷൂട്ടിങ്ങ് പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. അഭിനവ് ബിന്ദ്രയുടെ ഷൂട്ടിങ്ങ് കോച്ചുമായി അദ്ദേഹം നിരവധി തവണ കൂടികാഴ്ച്ച നടത്തി. ഇതിന് പുറമേ അഭിനവ് ബിന്ദ്ര പരിശീലനം നടത്തിയ മുംബൈയിലെ ഷൂട്ടിങ്ങ് റേഞ്ചും ഹര്‍ഷ് വര്ദ്ധന് സന്ദര്‍ശിച്ചു. എല്ലാ ആഴ്ച്ചയും സംവിധായകനൊപ്പം അഭിനവിനെ കാണാന്‍ പോകാനും ഹര്‍ഷ് വര്ദ്ധന് മറക്കാറില്ല. കരിയറിലെ തന്റെ മൂന്നാമത്തെ സിനിമയാണെങ്കിലും ചിത്രത്തിന്റെ സര്കാത്മകത വര്‍ദ്ധിപ്പിക്കേണ്ട ചുമതല കൂടി ഏറ്റെടുത്തിരിക്കുകയാണ് ഹര്‍ഷ് വര്ദ്ധന്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചുമതലയായിട്ടാണ് താന്‍ ഈ സിനിമയെ കാണുന്നതെന്നും ഹര്‍ഷ് വര്ദ്ധന് പറഞ്ഞു. അനില്‍ കപൂര്‍, അര്ജ്ജുന് എന്‍ കപൂര്‍, പ്രേരണ അറോറ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.