കീഴടങ്ങിയവർക്ക് സ്വയരക്ഷക്കായി തോക്ക് അനുവദിച്ചു; ഓർമകൾ പങ്കിട്ട് സതീഷ് നമ്പ്യാര്‍

കീഴടങ്ങിയ പാക്ക് പട്ടാളക്കാര്‍ക്ക് അവരുടെ സുരക്ഷയ്ക്കായി രണ്ടുദിവസം തോക്ക് കൈവശംവയ്ക്കാന്‍ അനുവദിച്ച ഇന്ത്യയുടെ നടപടി യുദ്ധചരിത്രത്തിലെ അപൂര്‍വതയെന്ന് ലഫ്റ്റനന്‍റ് ജനറല്‍ സതീഷ് നമ്പ്യാര്‍. വിജയത്തില്‍ ബംഗ്ലദേശ് മുക്തിബാഹിനി വിമോചന പോരാളികളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡാക്ക പിടിച്ചെടുക്കുന്നതുവരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് അന്ന് കരസേനയില്‍ മേജറായിരുന്ന സതീഷ് നമ്പ്യാര്‍

ബംഗ്ലദേശ് വിമോചനയുദ്ധം തുടങ്ങിയത് ഡിസംബര്‍ മൂന്നിനെങ്കിലും ശത്രുവിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ നവംബറില്‍തന്നെ ആരംഭിച്ചിരുന്നു. സുപ്രധാന സൈനിക നടപടകളില്‍ ഒന്നിന് നേതൃത്വം നല്‍കിയത് മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ ഭാഗമായ മലയാളിയായ സതീഷ് നമ്പ്യാരാണ്. വൈ കമ്പനിയുടെ കമാന്‍ഡര്‍. മുക്തിബാഹിനി പോരാളികള്‍ക്കൊപ്പം ലുങ്കിയുടുത്തും വേഷംമാറിയുമായിരുന്നു പോരാട്ടം. ആയുധംവച്ച് കീഴടങ്ങിയ പാക്ക് സൈനികരെ രോഷാകുലരായ ജനങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള ആള്‍ബലം ഡാക്കയില്‍ അന്നുണ്ടായിരുന്ന ഇന്ത്യന്‍ സേനയ്ക്കില്ലായിരുന്നു. അതിനാലാണ് പാക്ക് സൈനികര്‍ക്ക് ആയുധം കൈവശംവയ്ക്കാന്‍ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

ബക്ഷിഗഞ്ചും ജമാല്‍പൂരുമൊക്കെ കീഴടക്കി ഡാക്കയിലേക്കുള്ള മുന്നേറ്റത്തിനിടെയുണ്ടായ ചില രസകരമായ സംഭവങ്ങളും സതീഷ് നമ്പ്യാര്‍ പങ്കുവച്ചു. ഡാക്കയിലെത്തിയ സംഘം പ്രസിഡന്‍റ് യാഹ്യാ ഖാന്‍റെ കൊട്ടാരത്തില്‍ തങ്ങി.