ചെമ്പകരാമന്‍ പിള്ളയുടെ സ്മരണകളിൽ പിൻതലമുറ; 130ാം ജന്മവാർഷികം

നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം സ്വാതന്ത്ര്യത്തിനായി പോരാടിയ ഡോ. ചെമ്പകരാമന്‍ പിള്ളയുടെ നൂറ്റിമുപ്പതാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. 

ഏതാനുവര്‍ഷം മുമ്പുവരെ ചില സംഘടനകള്‍ അദ്ദേഹത്തെ അനുസ്മരിക്കുകമായിരുന്നു. അത്തരംചടങ്ങുകള്‍ ഇല്ലെങ്കിലും ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച  ധീരദേശാഭിമാനിയുടെ ഓര്‍മകളുമായി കഴിയുകയാണ് പിന്‍തലമുറ.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മായാമുദ്രയാണ് ഡോ.ചെമ്പകരാമന്‍ പിള്ളയുടെ ജീവിതവും ബ്രിട്ടീഷ് സാമ്രാജ്യത്തിനെരായ  പോരാട്ടവും. ആ ഓര്‍മകളിലാണ് ചെമ്പകരാമന്‍പിള്ളയുടെ സഹോദരിയുടെ ചെറുമന്‍ ആര്‍. പാപനാശം ചന്ദ്രന്‍.

1891 സെപ്റ്റംബര്‍ 15 ന് തിരുവനന്തപുരത്താണ് ചെമ്പകരാമന്‍പിള്ളയുടെ  ജനനം. ഇപ്പോള്‍ ഏജീസ് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു തറവാട്.  പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജര്‍മനിയിലേക്ക്. വാള്‍ട്ടര്‍ വില്യം സ്ട്രിക്് ലാന്‍ഡ് എന്ന വ്യക്തിയുമായുള്ള പരിചയമാണ് ചെമ്പകരാമന് ജര്‍മനിയില്‍ ഉപരിപഠനത്തിന് വഴിതെളിഞ്ഞത്. ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ട്രേറ്റ് നേടി. ഭാരതത്തിന്റെ സ്വാതന്ത്ര്യമായിരുന്നു മുഖ്യലക്ഷ്യം. അങ്ങനെ പ്രോ ഇന്ത്യ കമ്മിറ്റി എന്ന സംഘടന രൂപീകരിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, സരോജി നായിഡു തുടങ്ങി ധാരാളം സ്വാതന്ത്രസമര പോരാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.1914 ല്‍ എംഡന്‍ എന്ന കപ്പലില്‍ മദ്രാസ് തീരത്ത് വന്ന് ബ്രിട്ടീഷ് സൈന്യത്തിന് നേരെ ബോംബുവര്‍ഷിച്ച  സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു.1931 ല്‍ ലക്ഷീഭായിയെ വിവാഹം കഴിഞ്ഞു. 1934 മേയ് 26നായിരുന്നു ചെമ്പകരാമന്റെ മരണം. നാസികള്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയതാണെന്ന് ചരിത്ര പുസ്തകങ്ങളില്‍ പറയുന്നു. തുടര്‍ന്ന് ഭാര്യ ലക്ഷ്മീഭായി അദ്ദേഹത്തിന്റെ ചിതാഭസ്മവുമായി വളരെ പ്രയാസപ്പെട്ട് മുംബൈയിലെത്തി.

മുപ്പത്തിരണ്ട് വര്‍ഷത്തിന് ശേഷമാണ് 1966– ല്‍ ചിതാഭസ്മം ഐ.എന്‍.എസ്. ഡല്‍ഹി എന്ന യുദ്ധക്കപ്പലില്‍ കൊച്ചിയിലും പിന്നീട് തിരുവനന്തപുരത്തും കൊണ്ടുവന്നത്. അന്നത്തെ മലയാള മനോരമയുടെ ഒന്നാം പേജാണിത്.ചെമ്പകരാമന്‍ പിള്ളയെക്കുറിച്ച് അക്കാലത്ത് ഒട്ടേറെ ലേഖനങ്ങള്‍ വന്നു.1968 മേയ് 26 ന് പുറത്തിറങ്ങിയ മലയാളമനോരമയുടെ സണ്‍ഡേ സപ്ലിമെന്റാണിത്. തമിഴിലും മലയാളത്തിലും അദ്ദേഹത്തെക്കുറിച്ച് പുസ്തകങ്ങള്‍ പുറത്തിറങ്ങി. ഏറെക്കാലമായി ഈ സ്വാതന്ത്ര്യസമര സേനാനി വിസ്മൃതിയിലാണ്.ഏജീസ് ഒാഫിസിന് സമീപത്തെ റോഡിന് ചെമ്പകരാമന്‍ പിള്ളയുടെ പേരാണ്. എന്നാലിപ്പോള്‍ ആ ശിലാഫലകം പോലും ഇല്ലാതായിരിക്കുന്നു.