കടൽ വിളിക്കുന്നു; പായ്ക്കപ്പലുമായി സാഹസിക യാത്രയ്ക്ക് വീണ്ടും അഭിലാഷ് ടോമി

2018ല്‍ മരണത്തിന്റെ വക്കോളമെത്തിച്ച ഗോള്‍ഡന്‍ ഗ്ലോബ് പോരാട്ടത്തിന് വീണ്ടുമിറങ്ങാന്‍ അഭിലാഷ് ടോമി. അടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് പായ്ക്കപ്പലിറക്കും. ഇതിനുള്ള ധനം സമാഹരിക്കലാണ് കമാന്‍ഡര്‍ അഭിലാഷിന് മുന്നിലുള്ള ഏക വെല്ലുവിളി. കാണാം പുലർവേള.

2018ലെ ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തില്‍ മൂന്നാം സ്ഥാനത്ത് മുന്നേറവേയാണ് പ്രതികൂലകാലാവസ്ഥയില്‍ അഭിലാഷ് ടോമിയുടെ ബോട്ടിലെ പായ്മരം ഒടിഞ്ഞ് ഗുരുതരമായ പരുക്കകളോടെ മല്‍സരം ഉപേക്ഷിക്കേണ്ടി വന്നത്. എഴുപത് മണിക്കൂര്‍ കടലില്‍ കിടന്നശേഷമാണ് അഭിലാഷിനെ രക്ഷിക്കാനായത്. 

ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നതിനോടൊപ്പം അടുത്തവര്‍ഷം വീണ്ടും ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കാനാണ് അഭിലാഷ് തയാറെടുക്കുന്നത്. ലോകത്തിലെ ഏറ്റവും ദുര്‍ഘടമേറിയ മല്‍സരങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാതെ അരനൂറ്റാണ്ട് മുന്‍പുണ്ടായിരുന്ന രീതികളിലാണ് മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്. കോംപസും, മാപ്പുകളും ഉപയോഗിച്ച്, പുറംലോകവുമായി ബന്ധപ്പെടാതെ, തീരങ്ങളില്‍ അടുക്കാതെ വേണം മല്‍സരം പൂര്‍ത്തീകരിക്കാന്‍. 

എന്നാല്‍ അടുത്തവര്‍ഷത്തെ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അഭിലാഷിന് തടസമായുള്ളത് തയാറെടുപ്പുകള്‍ക്കുള്ള ചെലവാണ്. ഏകദേശം നാലുകോടി രൂപയാണ് മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ചെലവ്. ഇത് കണ്ടെത്താനായി ക്രൗഡ് ഫണ്ടിങ് അടക്കുമുള്ള ശ്രമങ്ങളിലാണ് അദ്ദേഹം.