മുലപ്പാല്‍ ബാങ്കുകള്‍ കേരളത്തിലും; ബോധവല്‍ക്കരണം പ്രധാനം

മുലപ്പാല്‍ ബാങ്കുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. രക്തദാനം പോലെ മുലപ്പാല്‍ ദാനവും പ്രോല്‍സാഹിപ്പിക്കാന്‍ ബോധവല്‍ക്കരണ പരിപാടികളും തുടങ്ങി. 

കൊച്ചിയിലും തൃശൂരിലുമാണ് മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് ഇതു സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ മുപ്പത്തിരണ്ടു വര്‍ഷം മുമ്പാണ് മുലപ്പാല്‍ ബാങ്കുകള്‍ തുടങ്ങിയത്. കേരളത്തില്‍ എത്താന്‍ ഇത്രയും വര്‍ഷമെടുത്തു. മാസം തികയാെത പ്രസവിക്കുന്ന കു‍ഞ്ഞുങ്ങളില്‍ നാല്‍പതു ശതമാനത്തിനും പൊടിപ്പാലാണ് നല്‍കി വരുന്നത്. മുലപ്പാല്‍ കിട്ടാത്തതാണ് ഇതിനു കാരണം. പ്രസവത്തിനു ശേഷം അമ്മയെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍.... കുഞ്ഞുമായി വേര്‍പിരിഞ്ഞു താമസിക്കേണ്ടി വരുന്ന അമ്മമാര്‍... ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്കും ഈ സംവിധാനം കൂടുതല്‍ ഉപകരിക്കും. മുലപ്പാല്‍ ദാനം മഹത്തരമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് പ്രധാന വെല്ലുവിളി. 

എറണാകളും ജനറല്‍ ആശുപത്രിയില്‍ റോട്ടറി കൊച്ചിന്‍ ഗ്ലോബലും തൃശൂരില്‍ സെന്‍ട്രല്‍ റോട്ടറിയുമാണ് മുലപ്പാല്‍ ബാങ്കുകള്‍ നിര്‍മിക്കാന്‍ പണം മുടക്കിയത്. രണ്ടിടത്തുമായി നാല്‍പത്തിയേഴു ലക്ഷം രൂപ ചെലവിട്ടു. 

നവജാത ശിശുക്കളുടെ അമ്മമാരില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. പാല്‍ സ്വരൂപിക്കാനും സൂക്ഷിക്കാനും പ്രത്യേക സംവിധാനങ്ങള്‍ സ്ഥാപിച്ചു.

അമ്മമാരെ ബോധവല്‍ക്കരിക്കുകയാണ് ഇനിയുള്ള പ്രധാന കടമ്പ. മാധ്യമങ്ങളിലൂടേയും നവമാധ്യമങ്ങളിലൂടേയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനാണ് ശ്രമം.