കാലം ശരീരം തളർത്തി; പ്രാര്‍ഥനകള്‍ കോട്ടയാക്കി; മനക്കരുത്തിൽ ഉയർന്നെഴുന്നേറ്റ് സാംസൺ

പ്രാര്‍ഥനകള്‍ കോട്ടയാക്കി മാറ്റി സുരക്ഷിതരാകുന്നവരെകുറിച്ച് നമ്മള്‍ ഏറെക്കേട്ടിട്ടുണ്ട്. എന്നാല്‍ പ്രാര്‍ഥനകള്‍ ഉറവപോലെ മനസില്‍ നിന്ന് ഒഴുക്കി മറ്റുള്ളവരില്‍ കൂടി നന്മ പ്രസരിപ്പിക്കുന്ന ഒരു പതിനൊന്നുകാരനെ പരിചയപ്പെടാം. കാലം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ത്തിയെങ്കിലും മനസ് പറഞ്ഞു കൊടുത്ത പ്രാര്‍ഥനാ ഗാനങ്ങളിലൂടെ നാടിന്റെ പ്രിയപുത്രനായി മാറുകയാണ് സാംസണ്‍. രണ്ട് മാസം കൊണ്ട് സാംസണ്‍ എഴുതി തീര്‍ത്തത് 13 പ്രാര്‍ഥനാഗാനങ്ങള്‍.  

തെളിമയാര്‍ന്ന തടാകത്തില്‍ നിന്ന് ഉറവപൊട്ടുന്ന കുഞ്ഞരുവി പോലെയാണ് കുഞ്ഞ് സാംസണ്‍ ന്റെ ഗാനങ്ങള്‍. അല്ല പ്രാര്‍ഥനകള്‍. ലൂക്കാ പറഞ്ഞത് പോലെ ഈ വീട്ടില്‍ പ്രവേശിച്ചാല്‍ സമാധാനത്തിന്റെ മകന്‍ അവിടെയുണ്ട്.

ചലച്ചിത്രാരം സാംജീവിന്റേയും ഷിജി സാമിന്റേയും രണ്ടാമത്തെ മകനാണ് പതിനൊന്ന് കാരനായ സാംസണ്‍. മൂന്ന് മാസം പ്രായമുള്ളപ്പോള്‍ നടന്ന ഒരു കാറപകടത്തില്‍ തലയ്ക്കേറ്റ ഗുരുതര പരുക്ക് കുഞ്ഞ് സാംസണില്‍ നിന്ന് തട്ടിയെടുത്ത് അവന്റെ ഇടത് വശത്തെ ചലനശേഷിയെ. വര്‍ഷങ്ങള്‍ നീണ്ട ചികത്സയിലൂടെ സംസാരശേഷി വീണ്ടെടുത്തു. ഇടത് കൈകാലുകളുടെ ചലനശേഷി വീണ്ടെടുക്കാനുള്ള ചികിത്സ ഇപ്പോഴും തുടരുന്നു. ഒാര്‍മവെച്ച നാള്‍ മുതല്‍ ദൈവമാണ് തന്റെ പ്രിയകൂട്ടുകാരനെന്ന് കുഞ്ഞ് സാംസണ്‍ പറയുന്നു. സന്തോഷവും സങ്കടങ്ങളുമെല്ലാം അവന്‍ ആദ്യം പറയുന്നതും ദൈവത്തോട് തന്നെ. ഇക്കാലമത്രയും സാംസണ്‍ ദൈവത്തോട് നടത്തിയ പ്രാര്‍ഥനകള്‍ രണ്ട് മാസം മുന്‍പാണ് എഴുതി തുങ്ങിയത്. 

ചലച്ചിത്രനടായ അച്ഛന്‍ സാം ജീവ് ഇതിനോടകം മകന്റെ 13 പാട്ടുകളുടെ റെക്കോര്‍ഡിങ്ങും പൂര്‍ത്തിയാക്കി. മ്യൂസിക് ഡയറക്ടര്‍ ആദിത്യന്‍ മഹാദേവനാണ് സാംസണ്‍ന്റെ വരികള്‍ക്ക് ഈണമിട്ടത്. ഒരു ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും പൂര്‍ത്തിയാക്കി. സീമാ ജി നായര്‍ക്കൊപ്പം ഇതില്‍ അഭിനയിച്ചിരിക്കുന്നത് കുഞ്ഞ് സാംസണും, ചേച്ചി ഷാരോണും അച്ഛന്‍ സാംജീവും

തേവര സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് സാംസണിപ്പോള്‍.