65 ഭാഷകളിൽ 900 പാട്ടുകൾ, പൂജ പ്രേം ; റെക്കോർഡുകളുടെ ശബ്ദം

കൊച്ചിക്കാരി പൂജാപ്രേമിനെ കാണുന്നവരെല്ലാം ചോദിക്കും ഒരു പാട്ട് പാടുമോയെന്ന്?  പൂജ അവരോട് തിരിച്ച് ചോദിക്കുന്നത് ഏത് ഭാഷയില്‍ പാടണം എന്നായിരിക്കും. ലോകത്ത് ഇന്നുള്ള ഏകദേശം എല്ലാ ഭാഷകളിലും പൂജ പാട്ട് പാടും. ലിംകാ റെക്കോര്‍ഡടക്കം വലിയ അംഗീകാരങ്ങള്‍ തേടിവന്ന ഈ കൊച്ചിമിടുക്കിയെ അമേരിക്കയിലെ ബാള്‍സ് ബ്രിഡ്ജ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരിക്കുകയാണ്. 

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, അറബിക്ക് ,അര്‍മേനിയന്‍ തുടങ്ങി... രാജ്യത്തിനകത്തും പുറത്തുമുള്ള അറുപത്തി അഞ്ചോളം ഭാഷകളില്‍, തൊള്ളായിരത്തിലേറെ പാട്ടുകള്‍. പൂജ വേറെ ലെവലാണ്.

ഒരു പാട്ടുപോലും പൂജ നോക്കി പാടാറില്ല.  ഒറ്റ തവണ പാടി പഠിച്ചാല്‍ പിന്നെ അത് മനസില്‍ നിന്ന് പോവില്ല. പതിനാലാം വയസില്‍ 36 ഭാഷകളില്‍ 36 പാട്ടുകള്‍ പാടിയാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്, യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം, അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് എന്നിവയിലും പൂജയുടെ പേര്‍ എഴുതി ചേര്‍ത്തു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് അമേരിക്കയിലെ പ്രശസ്തമായ ബാള്‍സ് ബ്രിഡ്ജ് സര്‍വകലാശാലയിലെ ഹോണററി ഡോക്ടറേറ്റ് നല്‍കുന്നത്.

സര്‍വകലാശാലയുടെ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം  കുറഞ്ഞ വ്യക്തിയാണ് പൂജ. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 105 ഭാഷകളില്‍ പുതിയ പാട്ടുകള്‍ പാടി പഠിക്കുകയാണ് പൂജ.