കോട്ടയം നസീര്‍ ഇനി സംവിധായക വേഷത്തിൽ

വേദിയിലും സ്ക്രീനിലും മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കോട്ടയം നസീര്‍ ഇനി സംവിധായകനും. രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം കുട്ടിച്ചന്‍ നടന്‍ ടൊവീനോ തോമസ് പുറത്തിറക്കി. ജാഫര്‍ ഇടുക്കിയും മാലാ പാര്‍വതിയും പ്രധാനവേഷങ്ങള്‍ ചെയ്ത ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. കുട്ടിച്ചനില്‍ മോഹന്‍ലാല്‍ ശബ്ദസാന്നിധ്യമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മരണത്തിന്റെ വക്കില്‍നില്‍ക്കുന്ന വൃദ്ധനോട് സുഹൃത്തും കാമുകിയും ഓര്‍മകള്‍ പങ്കുവയ്ക്കുന്നതാണ് ഇതിവൃത്തം. 14 മിനിറ്റുള്ള ഒറ്റഷോട്ടിലാണ് കുട്ടിച്ചനെ കോട്ടയം നസീര്‍ ഒരുക്കിയിരിക്കുന്നത്. കനകരാജാണ് ക്യാമറാമാന്‍. പശ്ചാത്തലസംഗീതം ഗോപീസുന്ദര്‍. മനേഷ് കുരുവിള, കണ്ണന്‍ വി. ജി. എന്നിവരാണ് കുട്ടിച്ചന്റെ നിര്‍മാതാക്കള്‍.