പുരസ്കാര പ്രഭയിൽ ഇരട്ട സഹോദരങ്ങൾ

മികച്ച ബാലതാരങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയത് ഇരട്ട സഹോദരങ്ങള്‍. കൊച്ചി സ്വദേശികളായ ജഗതും ജാന്‍വിയുമാണ് അപൂര്‍വനേട്ടം സ്വന്തമാക്കിയത്. നഹാസ് സാലിം സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചത്.  

എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഒരുമിച്ച് അഭിനയിച്ച ചിത്രത്തില്‍ ഒരുമിച്ച് അവാര്‍ഡ് നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും. വിദ്യാഭ്യാസ ബോധവല്‍ക്കരണ ചിത്രമായ സ്വബോധത്തിലെ അഭിനയത്തിനാണ് ജാന്‍വിയ്ക്കും ജഗത്തിനും അവാര്‍ഡ് ലഭിച്ചത്. 

പാട്ടും ഡാന്‍സുമൊക്കെ പഠിക്കുന്നുണ്ടെങ്കിലും അഭിനയത്തോടാണ് രണ്ട് പേര്‍ക്കും ഇഷ്ടം കൂടുതല്‍. ടോക്ക് എച്ച് സ്ക്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. കുട്ടികള്‍ക്കായുള്ള രാജ്യാന്തര സൗന്ദര്യ മല്‍സരങ്ങളിലും പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.