ഷാഫിയുടെ ഗ്രാമഫോൺ പ്രണയം

വിവിധ മാതൃകകളിലുള്ള ഗ്രാമഫോണുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് കോഴിക്കോട് കല്ലായി സ്വദേശി ഷാഫി. ഇരുപത്തിയഞ്ചില്‍പരം അപൂര്‍വയിനം ഗ്രാമഫോണുകളാണ് ഷാഫിയുടെ ശേഖരത്തിലുള്ളത്. പാട്ടുകേട്ട് കേട്ട് പാട്ടുപെട്ടിയുടെ ഉള്ളറിയുകയാണ് ഷാഫിക്ക. കല്ലായിയിലെ ഗ്രാമഫോണ്‍ ഡോക്ടര്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രാമഫോണുകളാണ് വീട് നിറയെ. ഇനി വെറുതെ അലമാരയില്‍ സൂക്ഷിക്കാനാണിതെന്ന് കരുതിയെങ്കില്‍ തെറ്റി. സ്വാതന്ത്ര്യ സമരകാലത്തെ ഗാന്ധിജിയുടെയും നേതാജിയുടെയും ജ്വലിക്കുന്ന പ്രസംഗമൊക്കെ ഇടയ്ക്ക് ഗ്രാമഫോണില്‍ ഒന്നു കേള്‍ക്കണം. 

1856ല്‍ നിര്‍മിച്ച ഫോണോഗ്രാം മുതല്‍ 1940കളിലിറങ്ങിയ ഗ്രാമഫോണിന്റെ അവസാനരൂപം വരെ ഇവിടെകാണാം. എല്ലാം ഇന്നും പ്രവര്‍ത്തനസജ്ജമെന്നതാണ് മറ്റൊരു പ്രത്യേകത. പുതുതലമുറയ്ക്ക് പുരാവസ്തു മാത്രമായി അറിയപ്പെടുന്ന ഈ പാട്ടുപെട്ടി ഷാഫിക്ക് ജീവനാണ്. അതിലെ ഒാരോ ഈണത്തിനും ഹൃദയത്തിന്റെ താളമാണ് ഷാഫി നല്‍കുന്നത്.